gsda

തിരുവനന്തപുരം: വിശാല കൊച്ചി വികസന അതോറിട്ടിയിൽ ടൗൺ പ്ലാനിംഗ് ഓഫീസറായി ജനറൽ റിക്രൂട്ട്മെന്റിൽ ഒന്നാം റാങ്ക് നേടിയ പട്ടികവിഭാഗക്കാരനായ യുവാവിന് നിയമനം നൽകാഞ്ഞ സംഭവത്തിൽ പട്ടികജാതി- ഗോത്രവർഗ കമ്മിഷൻ കേസെടുത്തു. നാളെ നടക്കുന്ന കമ്മിഷൻ ഹിയറിംഗിൽ ജി.സി.ഡി.എ ചെയർമാനോട് ഹാജരാകാൻ നിർദ്ദേശിച്ചതായും സംഭവത്തിൽ പി.എസ്.സി സെക്രട്ടറിക്ക് നോട്ടീസ് നൽകിയതായും കമ്മിഷൻ അദ്ധ്യക്ഷൻ ബി.എസ് മാവോജി അറിയിച്ചു.

ഇടുക്കി കുമളി സ്വദേശി എസ്.സുഭാഷിന് പി.എസ്.സി അഡ്വൈസ് മെമ്മോ കിട്ടി രണ്ടുവർഷം കഴിഞ്ഞിട്ടും ജി.സി.ഡി.എ നിയമനം നൽകാതിരുന്ന സംഭവം ഇന്നലെ കേരള കൗമുദി പുറത്തുകൊണ്ടുവന്നിരുന്നു. ഇതേത്തുടർന്നാണ് നടപടി. 2013 ജൂണിലാണ് ടൗൺപ്ലാനിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഷോർട്ട് ലിസ്റ്റ് ചെയ്ത പത്തു പേരുടെ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ജനറൽ ലിസ്റ്റിൽ സുഭാഷ് ഒന്നാം റാങ്ക് നേടി. 2017 മേയ് 17ന് അഡ്വൈസ് മെമ്മോ ലഭിച്ചു. സുഭാഷിന് മുൻപരിചയമില്ലെന്നു പറഞ്ഞായിരുന്നു നിയമന നിഷേധം.

എട്ടു വർഷത്തെ മുൻപരിചയം വിജ്ഞാപനത്തിൽ പറഞ്ഞിരുന്നെങ്കിലും എസ്.സി /എസ്.ടിക്കാർക്ക് മുൻപരിചയം ആവശ്യമില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥിയെ പി.എസ്.സി തിരഞ്ഞെടുത്തത്. ഉടൻ നിയമനം നടത്തി റിപ്പോർട്ട് ചെയ്യണമെന്ന പി.എസ്.സി നിർദ്ദേശം ജി.സി.ഡി.എ അംഗീകരിച്ചില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച സുഭാഷിന് അനുകൂലമായി കഴിഞ്ഞ മാർച്ചിൽ വിധിയുണ്ടായെങ്കിലും ജി.സി.ഡി.എ നിയമനം നടത്താതിരിക്കുകയായിരുന്നു.