sudeerr

തിരുവനന്തപുരം: വിമാനത്താവളം ഏറ്റെടുക്കാൻ അദാനിയെ അനുവദിക്കില്ലെന്ന് വി.എം. സുധീരൻ പറഞ്ഞു. സംസ്ഥാന സർക്കാർ ഇതേ നിലപാടുമായി ശക്തമായി മുന്നോട്ടുപോകണം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ എയർപോർട്ട് അതോറിട്ടി എംപ്ലോയീസ് യൂണിയൻ നടത്തിവരുന്ന സമരത്തിന്റെ 203-ാം ദിവസം സമരവേദിയിലെത്തിയതായിരുന്നു സുധീരൻ. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് കെ.പി. സുരേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം. വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മണക്കാട് രാജേഷ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ ഷീബ പാട്രിക്, എംപ്ലോയീസ് യൂണിയൻ സെക്രട്ടറി അജിത് കുമാർ എന്നിവരും പങ്കെടുത്തു.