medical

തിരുവനന്തപുരം: മാനസികസമ്മർദ്ദത്തെ അതിജീവിക്കാൻ മൈൻഡ്ഫുൾ യോഗയുമായി മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗത്തിന്റെ വേറിട്ടവഴി. സാധാരണ യോഗയ്‌ക്കൊപ്പം ധ്യാനവും ഉൾപ്പെടുത്തിയുള്ള കൂട്ടുമരുന്നായി മാറിയ ഈ പദ്ധതി അത്ര പരിചിതമല്ലെങ്കിലും കേരളത്തിലെ പൊലീസുകാരുടെയും മെഡിക്കൽ കോളേജിലെ പുതിയ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെയും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

യോഗാപരിശീലനത്തിൽ ഇതുവരെ വസ്തുനിഷ്ഠമായ ഗവേഷണങ്ങൾ കുറച്ചു മാത്രമേ നടന്നിട്ടുള്ളൂ. എന്നാൽ മൈൻഡ്ഫുൾനസ് പരിശീലനം വൈവിദ്ധ്യവും ഗവേഷണങ്ങളോടുകൂടിയതുമാണ്. വേറിട്ട വഴിയിലൂടെയുള്ള സ്‌ട്രെസ് മാനേജ്‌മെന്റായി ഇതിനെ കണക്കാക്കുന്നു. മറവിരോഗത്തിന്റെ തുടക്കത്തിൽ തച്ചോറിന്റെ പ്രവർത്തനം നിർണയിക്കാനായി എഫ്.എം.ആർ.ഐ സ്‌കാനിലൂടെ നിരീക്ഷിക്കാനും മൈൻഡ്ഫുൾ യോഗയിലൂടെ വ്യത്യാസം കണ്ടെത്താനും മെഡിക്കൽ കോളേജും ശ്രീചിത്ര ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസും സഹകരിച്ച് പ്രവർത്തിക്കുന്നു. മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോ. പ്രൊഫ. ഡോ. എസ്. കൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗ. 25 പേർ ഉൾപ്പെടുന്ന ഓരോ ബാച്ചിനും രണ്ടരമണിക്കൂർ വീതം 10 ഞായറാഴ്ചകളിൽ പരിശീലനം നൽകുന്നു.