punnamood

വർക്കല: നാലുപ്രധാന റോഡുകൾ സന്ധിക്കുന്ന പുന്നമൂട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണാൻ അധികൃതർക്കാകുന്നില്ലെന്ന് പരാതി. റെയിൽവേ ഗേറ്റ് തുറക്കുമ്പോഴുളള തിരക്ക് ഒാരോ ദിവസവും നിയന്ത്റണാതീതമാകുകയാണ്. ഇവിടത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വർഷങ്ങളായി പദ്ധതികൾ കൊണ്ടുവരാറുണ്ടെങ്കിലും പരിഹാരം കാണാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇവിടെ റെയിൽവേ മേൽപാലത്തിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും അതിനുളള പ്രാരംഭപ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല. വർക്കല - ഇടവ, വർക്കല - പാരിപ്പളളി, പുന്നമൂട് - വർക്കലബീച്ച് എന്നീ റോഡുകൾ സന്ധിക്കുന്ന ഈ ജംഗ്ഷനിൽ തന്നെയാണ് റെയിൽവേ ഗേറ്റും സ്ഥിതി ചെയ്യുന്നത്. വർക്കല നഗരസഭയുടെ പൊതുമാർക്കറ്റും ഈ ജംഗ്ഷനിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ചന്ത സമയത്ത് മാർക്കറ്റിലെത്തുന്നവരുടെ വാഹനങ്ങളും ചരക്കുവാഹനങ്ങളും എല്ലാംകൂടി കുരുങ്ങി എങ്ങോട്ടും പോകാനാകാത്ത അവസ്ഥ നിത്യസംഭവമാണ്. പാരിപ്പളളിയിലേക്ക് പോകേണ്ട വാഹനങ്ങൾ വർക്കല - ഇടവ റോഡിൽ നിന്നും തിരിഞ്ഞാണ് റെയിൽവേ ക്രോസ് കഴിഞ്ഞ് പോകേണ്ടത്. ഗേറ്ര് അടയ്ക്കുന്ന സമയത്ത് പാരിപ്പള്ളിയിലേക്കുളള വാഹനങ്ങളും വർക്കല - ഇടവ റോഡിലാണ് നിറുത്തിയിടുന്നത്. റോഡിൽ തോന്നുംപടി വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ റെയിൽവേ ഗേറ്റ് ബാധകമല്ലാത്ത വർക്കല - ഇടവ റോഡിലും വാഹനങ്ങൾ കടന്നു പോകാനാകാതെ നിറുത്തിയിടേണ്ടി വരുന്നു. വീതി കുറഞ്ഞ ഇവിടെ ഇരുഭാഗത്തു നിന്നും വരുന്ന രണ്ട് ബസുകൾ കടന്നുപോകാൻ ശ്രമിക്കുന്നതോടെ ആകെ കുരുക്കാകും. രാവിലെയും വൈകുന്നേരങ്ങളിലും ഗേറ്റ് തുറക്കുമ്പോൾ വാഹനങ്ങളുടെ നീണ്ട നിര കടന്നു പോകുന്നതിനിടയിൽ തന്നെ അടുത്ത ട്രെയിൻ കടന്നുപോകുന്നതിന് ഗേറ്റടയ്ക്കാനായി സൈറൻ മുഴങ്ങും. ഗേറ്റ് അടയ്ക്കും മുൻപ് കടന്ന് പോകാനായി ഡ്രൈവർമാർ ധൃതി കാണിക്കുന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. റെയിൽവേ ഗേറ്റ് റോഡിൽ നിന്നും അല്പം ഉയർന്നാണ് നിൽക്കുന്നത്. തിരക്കുളള അവസരങ്ങളിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ പിന്നിലേക്ക് ഇറങ്ങുന്നതും മറ്റുവാഹനങ്ങളിൽ തട്ടി അപകടങ്ങൾക്ക് കാരണമാകുന്നു. എത്രയും വേഗം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.