നെടുമങ്ങാട് : നാലുവരിപ്പാത നിർമ്മാണം ഫയലിൽ ഉറങ്ങുമ്പോൾ നഗരഹൃദയത്തിലെ റോഡുകളും ഓടകളും പൊട്ടിപ്പൊളിഞ്ഞ് അപായ തുരുത്തുകളായി. മേൽമൂടി ഇല്ലാത്ത ഓടകൾ നിറഞ്ഞുകവിഞ്ഞ് മലിനജലം പ്രധാന റോഡുകളിൽ തളംകെട്ടി. കാൽനടക്കാരും ഇരുചക്രവാഹന യാത്രികരും മാലിന്യക്കുണ്ടിൽ പുതഞ്ഞ് അപകടം നിത്യസംഭവമായി. കൊതുക് പെരുകി സാംക്രമിക രോഗങ്ങളുടെ വിളനിലമായും ഓടകൾ മാറിക്കഴിഞ്ഞു. നാലുവരിപ്പാത നിർമ്മാണത്തിന് സർക്കാർ തീരുമാനിച്ച പതിനൊന്നാം കല്ല് -ആശുപത്രി നട-ചന്തമുക്ക് -കച്ചേരിനട -പാളയം- സത്രംമുക്ക്- പഴകുറ്റി റോഡാണ് ചാലുവീണ് നാമാവശേഷമായത്. റോഡ് സൈഡിലെ കച്ചവടക്കാരും താമസക്കാരും മലിനജലത്തിൽ കുളിക്കേണ്ട അവസ്ഥയാണ്. ജില്ലാ ആശുപത്രി പരിസരത്ത് ആശുപത്രി കാന്റീനിൽ നിന്നും മാലിന്യം ഒഴുക്കിവിടുന്നത് ജനത്തിരക്കേറിയ റോഡിലേക്കാണ്. മഴ പെയ്തു തുടങ്ങിയാൽ ഓട നിറഞ്ഞു മാലിന്യങ്ങൾ റോഡിലൂടെ ഒഴുകും. വഴിയാത്രക്കാരും ഓട്ടോ തൊഴിലാളികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചന്തമുക്ക്-കച്ചേരിനട ഭാഗത്ത് ഓടകൾ അപ്രത്യക്ഷമായിട്ട് നാളേറെയായി. പുറമ്പോക്ക് കൈയേറ്റം വ്യാപകമായതോടെ മലിനജലം റോഡിലൂടെയാണ് ഒഴുകുന്നത്. ടൗൺ എൽ.പി.എസ്, കുപ്പക്കോണം, മുത്തുമാരിയമ്മൻ ക്ഷേത്ര പരിസരങ്ങളിലെ ഓടകളെല്ലാം മാലിന്യം മൂടി. സത്രംമുക്ക് മുതൽ പഴകുറ്റി വരെ കാട് കയറിയ അവസ്ഥയിലാണ് ഓടകൾ. ഡ്രൈവർമാരുടെ ശ്രദ്ധ ഒന്നു തെറ്റിയാൽ വാഹനങ്ങൾ ഓടയിൽ കുടുങ്ങാൻ. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ പ്രയോജനപ്പെട്ടില്ലെന്നതിന്റെ ഉദാഹരണമാണ് റോഡിലെ കാഴ്ചകൾ. പൊതുമരാമത്ത് വകുപ്പിന് ഓട നവീകരിക്കാൻ രണ്ട് ലക്ഷം രൂപ വരെ വിനിയോഗിക്കാമെന്നിരിക്കെ, ബന്ധപ്പെട്ടവരും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ്.