ration-shop

തിരുവനന്തപുരം: റേഷൻ വിതരണത്തിലെ ക്രമക്കേടുകൾ കണ്ടെത്താനും അന്വേഷിക്കാനും വിജിലൻസ് കമ്മിറ്രികൾ ഉടൻ രൂപീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന, ജില്ലാ, താലൂക്ക്, റേഷൻകട കേന്ദ്രീകരിച്ചു രൂപീകരിക്കുന്ന കമ്മിറ്റികളിൽ നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയപാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തുമെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടിയായി മന്ത്രി അറിയിച്ചു.

പ്രതിനിധികളുടെ പട്ടിക ആവശ്യപ്പെട്ട് പാർട്ടികൾക്ക് കത്ത് നൽകിയിട്ടുണ്ട്. പട്ടിക ലഭിച്ചാലുടൻ കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കും. എല്ലാ റേഷൻകടകളിലെയും ത്രാസുകൾ ഇ പോസ് മെഷീനുകളുമായി അഞ്ചുമാസത്തിനകം ബന്ധിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഇത് നടപ്പാക്കിയത് വിജയമാണ്. ഗോഡൗണുകളിലും റേഷൻ കടകളിലും നടക്കുന്ന പരിശോധനകൾ തുടരും. കുറ്രം കണ്ടെത്തിയാൽ മുഖം നോക്കാതെ കർശന നടപടിയെടുക്കും. എല്ലാ ആദിവാസി ഊരുകളിലും ധാന്യങ്ങൾ എത്തിക്കും. റേഷൻകടകളുടെ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി ശബരി ഉത്പന്നങ്ങളും കുപ്പിവെള്ളവും വില്പന തുടങ്ങും. നിലവിൽ മാവേലിസ്റ്റോറുകളില്ലാത്ത 21 ഗ്രാമപഞ്ചായത്തുകളിൽ ഉടൻ മാവേലി സ്റ്റോർ തുടങ്ങും. പുതിയ സൂപ്പർ, ഹൈപ്പർ മാർക്കറ്രുകൾ തുടങ്ങി ഗൃഹോപകരണ വില്പന വ്യാപകമാക്കും. ജില്ലാ കേന്ദ്രങ്ങളിൽ എല്ലാ സാധനങ്ങളും കിട്ടുന്ന മാളുകൾ തുടങ്ങാനും ആലോചിക്കുന്നു. ഉപഭോക്തൃ ഫോറങ്ങൾ ഇല്ലാത്ത ജില്ലകളിൽ ഉടൻ നിലവിൽ വരും.