treachery

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ട്രഷറി നിക്ഷേപ പലിശനിരക്ക് അരശതമാനം വർദ്ധിപ്പിച്ചു. ഒരുവർഷത്തിന് മേലുള്ള സ്ഥിരനിക്ഷേപത്തിനാണിത് ബാധകം. 8 ശതമാനമാണ് പുതിയ നിരക്ക്. മുതിർന്ന പൗരന്മാർക്ക് പുതിയ നിരക്ക് 8.5 ശതമാനം. സേവിംഗ്സ് നിക്ഷേപ പലിശ 6.5 ശതമാനത്തിൽ തുടരും.

സംസ്‌ഥാന സർക്കാരിന്റെ ദൈനംദിന ഇടപാടുകൾക്ക് ഉപയോഗിക്കാൻ റോളിംഗ് കാഷായി കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നതാണ് ഇൗ നടപടിയിലൂടെ സർക്കാരിനുള്ള നേട്ടം. കഴിഞ്ഞ ജനുവരിയിൽ കുറച്ച നിരക്കാണ് ആറുമാസത്തിന് ശേഷം വീണ്ടും കൂട്ടിയത്. ട്രഷറിയിലെ നിക്ഷേപങ്ങൾ സർക്കാരിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വായ്പയായി കണക്കാക്കുമെന്നും അത് വായ്പാപരിധിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയെ തുടർന്നായിരുന്നു അന്ന് പലിശ കുറച്ചത്. അതോടെ നിക്ഷേപങ്ങളിൽ കാര്യമായ ഇടിവുമുണ്ടായി.

ട്രഷറിയിലെ പലിശ നിരക്ക് വാണിജ്യ ബാങ്കുകളേക്കാൾ ഒന്നുമുതൽ ഒന്നര ശതമാനം വരെ അധികമാണിപ്പോൾ. ഇതോടെ, കൂടുതൽ നിക്ഷേപം ഒഴുകുമെന്നാണ് പ്രതീക്ഷ. നിലവിൽ 5.86 ലക്ഷം സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് ട്രഷറിയിലുള്ളത്. ഇതിലെല്ലാം കൂടി 14,000 കോടി രൂപയുമുണ്ട്. ഇത് സർക്കാരിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പലിശകൂട്ടുന്നതോടെ കൂടുതൽ നിക്ഷേപമെത്തും.

അതോടൊപ്പം സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറി അക്കൗണ്ടുവഴിയാക്കാനും ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ നാലരക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കായി പ്രതിമാസം 2,000 കോടിയോളം രൂപയാണ് നൽകുന്നത്. ഇതിൽ 40 ശതമാനം തുകയെങ്കിലും ഉടനടി പിൻവലിക്കപ്പെടാറില്ല. എന്നാൽ, അതിന്റെ പ്രയോജനം സർക്കാരിന് ലഭിക്കുന്നില്ല. വിവിധ ബാങ്കുകളിലെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണിത് പോകുന്നത്. അതെല്ലാം ട്രഷറിയിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സർക്കാർ ഉത്തരവിറക്കിയാൽ ജീവനക്കാർക്കെല്ലാം ട്രഷറിയിൽ സേവിംഗ്സ് സാലറി അക്കൗണ്ട് തുറക്കേണ്ടിവരും. രണ്ടുഘട്ടമായി ഇത് നടപ്പാക്കാനാണ് ആലോചന.