photo

നെടുമങ്ങാട്: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയായ കെയർ ഹോമിന്റെ ഭാഗമായി ജില്ലയിൽ രണ്ടാംഘട്ടം നിർമ്മിച്ച 23 വീടുകളുടെ താക്കോൽദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കെയർഹോമിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യഘട്ടം 2,000 വീടുകളാണ് നിർമ്മിച്ച് നൽകുന്നതെന്നും ഇതിൽ 1,500 ഓളം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്നും ബാക്കി ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും ഭൂരഹിതരായിട്ടുള്ളവർക്ക് 2,000 ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. റിസർവ് ബാങ്കിന്റെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് കേരള ബാങ്ക് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ അദ്ധ്യക്ഷനായി. അരുവിക്കര ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ. രാജ്മോഹൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഡി.കെ. മുരളി എം.എൽ.എ, നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബി. ബിജു, ജില്ലാ പഞ്ചായത്തംഗം എൽ.പി. മായാദേവി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി, കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, അഡ്വ.എ. പ്രതാപചന്ദ്രൻ, ജോയിന്റ് രജിസ്ട്രാർ ഡി. പ്രസന്നകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.