നേമം: യുവതിയെ വീട്ടിനുളളിലെ ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേമം പുതിയ കാരയ്ക്കാമണ്ഡപം പൊന്നുമംഗലം കാരക്കാട് വീട്ടിൽ പ്രമോദിന്റെ ഭാര്യയും വേലായുധൻ നായരുടെയും പത്മകുമാരിയുടെയും മകളുമായ അഞ്ജുവിനെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിക്കുന്ന വീടിന്റെ രണ്ടാംനിലയിലുളള ബാത്ത് റൂമിന്റെ വെന്റിലേറ്ററിൽ ഷാളിൽ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. 19 ന് രാത്രി 10 മണിയ്ക്കും 20 ന് പുലർച്ചെ 5 മണിയ്ക്കും ഇടയിലാണ് സംഭവം നടന്നിട്ടുളളതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ രാവിലെ 7 മണിയോടുകൂടി വീടിന്റെ വാതിൽ തുറക്കാത്തതിൽ സംശയം തോന്നിയ സഹോദരൻ വിപിൻ വാതിൽ തളളിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് മരണ വിവരം അറിയുന്നത്. മരണകാരണം അറിവായിട്ടില്ല. ഇവരുടെ ഭർത്താവ് പ്രമോദ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. ഇയാൾ ഏറണാകുളത്തുളള ഒരു സ്വകാര്യ സ്ഥാപനത്തിൽ എക്ലിക്യൂട്ടീവായി ജോലി നോക്കി വരികയാണ്. സംഭവ ശേഷം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പ്രമോദ് വീട്ടിലെത്തിയത്.
സംഭവം നടന്ന വീടിന്റെ പുറക് വശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്ന് നേമം പൊലീസ് അറിയിച്ചു. മരണപ്പെട്ട അഞ്ജു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കി വരികയായിരുന്നു. മക്കൾ:വൈഗ (7) , വേദിക (7 മാസം). സഹോദരങ്ങൾ: അശ്വതി , വിപിൻ. മൃതദേഹം ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നേമം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.