സതാംപ്ടൺ : ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത ഇന്ത്യൻ ടീമിന് നാളെ അഞ്ചാം പോരാട്ടം. ഒറ്റക്കളിപോലും ജയിച്ചിട്ടില്ലാത്ത അഫ്ഗാനിസ്ഥാനാണ് നാളത്തെ ഇന്ത്യയുടെ എതിരാളികൾ. മികച്ച ഫോമിലുള്ള ഇന്ത്യയ്ക്കെതിരെ അഫ്ഗാൻ അദ്ഭുതമെന്തെങ്കിലും കാഴ്ച വയ്ക്കുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ, തോൽവികളുടെ ഭാരത്തിനൊപ്പം ടീമിനുള്ളിലെ തമ്മിലടികൾ മൂക്കുക കൂടി ചെയ്തതോടെ അഫ്ഗാനിസ്ഥാൻകാരിൽ നിന്ന് അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
പന്തിറങ്ങുമോ?
പരിക്കേറ്റ ശിഖാർ ധവാനെ ടീമിൽ നിന്ന് ഒഴിവാക്കി പകരം ഉൾപ്പെടുത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ് പന്ത് നാളെ കളിക്കാനിറങ്ങുമോ എന്നറിയാൻ ആകാംക്ഷയുണ്ട്. ധവാൻ ഓപ്പണിംഗ് ബാറ്റ്സ്‌മാനായിരുന്നു. ഋഷഭ് മദ്ധ്യനിര ബാറ്റ്സ്‌മാനും. അതിനാൽ ധവാന് നേരിട്ടുള്ള പകരക്കാരനാകാനാവില്ല ഋഷഭ് അതുകൊണ്ടുതന്നെ പന്തിനെ ഉൾപ്പെടുത്തുകയാണെങ്കിൽ ടീമിൽ വേറെയും മാറ്റങ്ങൾ വരുത്തേണ്ടിവരും.
സാധ്യതകൾ ഇങ്ങനെ
1. പാകിസ്ഥാനെതിരായ മത്സരത്തിലേതുപോലെ കെ.എൽ. രാഹുൽ രോഹിതിനൊപ്പം ഓപ്പണറാകും.
2. വിജയ് ശങ്കർ കളിക്കുകയാണെങ്കിൽ മദ്ധ്യനിരയിൽ കേദാർ യാദവിനെ ഒഴിവാക്കി പന്തിന് അവസരം നൽകാം.
3. ആൾ റൗണ്ടർ വിജയ് ശങ്കറിനും പരിക്ക് ഭീഷണിയുള്ളതിനാൽ വിജയ് ശങ്കറിന് പകരം പന്തിന് ഇറങ്ങാൻ അവസരം നൽകാം.
4. എതിരാളികൾ ദുർബലരായതിനാൽ രോഹിത് ശർമ്മ, ധോണി എന്നിവരിൽ ആർക്കെങ്കിലും വിശ്രമം നൽകിയും പന്തിനെ കളിപ്പിക്കാം.
സന്നാഹം പോലെ
നാളത്തെ മത്സരം വേണമെങ്കിൽ ഇന്ത്യയ്ക്കൊരു പരിശീലന മത്സരംപോലെ കണക്കാക്കാവുന്നതാണ്. ഇനി വെസ്റ്റ് ഇൻഡീസിനും. ഇംഗ്ളണ്ടിനും എതിരെ മത്സരങ്ങൾ വരുന്നതിനാൽ മുൻ നിര താരങ്ങൾക്ക് ഈ മത്സരത്തിൽ വേണമെങ്കിൽ വിശ്രമം നൽകാം.
അഞ്ചും തോറ്റ അഫ്ഗാൻ
ഈ ലോകകപ്പിൽ ഇതുവരെ ഒരു മത്സരംപോലും ജയിക്കാൻ കഴിയാത്ത ടീമാണ് അഫ്ഗാനിസ്ഥാൻ. അഞ്ചു കളികളാണ് അവർ തോറ്റത്. ആദ്യ മത്സരത്തിൽ ആസ്ട്രേലിയയോട് ഏഴ് വിക്കറ്റ് തോൽവി. തുടർന്ന് ശ്രീലങ്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട് എന്നിവരോട് തോൽവി ഏറ്റുവാങ്ങി. ഇംഗ്ളണ്ടിനെതിരായ മത്സരത്തിൽ സ്റ്റാർ ലെഗ് സ്പിന്നർ റാഷിദ് ഖാൻ പോലും കൊള്ളയടിക്കപ്പെട്ടു. ഒൻപതോവറിൽ 113 റൺസ് വഴങ്ങിയ റാഷിദിനെതിരെ ഇംഗ്ളണ്ട് 11 സിക്സുകൾ പായിച്ചു.
വിജയ് ശങ്കറിനും പരിക്ക് ഭീഷണി
ശിഖർ ധവാനും ഭുവനേശ്വർ കുമാറിനും പിന്നാലെ ആൾ റൗണ്ടർ വിജയ് ശങ്കറിനും പരിക്കേറ്റത് ഇന്ത്യൻ ക്യാമ്പിൽ സന്ദേഹമുണർത്തിയിട്ടുണ്ട്. ബുധനാഴ്ച സതാംപ്ടണിൽ പരിശീലനത്തിനിടെ ബുംറ എറിഞ്ഞ യോർക്കർ ഉപ്പൂറ്റിയിൽ കൊണ്ടാണ് വിജയ്‌ശങ്കറിന് പരിക്കേറ്റത്. ഇതേത്തുടർന്ന് ഇന്നലെ വിജയ് പരിശീലനത്തിനിറങ്ങിയില്ല. നാളെ വിജയ് ശങ്കറിന് കളിക്കാമെന്നുതന്നെയാണ് ടീം വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
പാകിസ്ഥാനെതിരെ ലോകകപ്പ് അരങ്ങേറ്റം നടത്തിയ വിജയ് ശങ്കർ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത് ചരിത്രം കുറിച്ചിരുന്നു.
പോയിന്റ് നില
(ടീം, കളി, ജയം, തോൽവി, ഉപേക്ഷിച്ചത്, പോയിന്റ് ക്രമത്തിൽ)
ന്യൂസിലൻഡ് 5-4-0-1-9
ഇംഗ്ളണ്ട് 5-4-1-0-8
ആസ്ട്രേലിയ 5-4-1-0-8
ഇന്ത്യ 4-3-0-1-7
ബംഗ്ളാദേശ് 5-2-2-1-5
ശ്രീലങ്ക 5-1-2-2-4
വിൻഡീസ് 5-1-3-1-3
ദ. ആഫ്രിക്ക 6-1-4-1-3
പാകിസ്ഥാൻ 5-1-3-1-3
അഫ്ഗാനിസ്ഥാൻ 5-0-5-0-0
(ഇന്നലത്തെ മത്സരത്തിന്റെ ഫലം വരുന്നതിനു മുമ്പുള്ള നില)
2.
സതാംപ്ടണിൽ ഇന്ത്യയുടെ രണ്ടാമത്തെ മത്സരമാണ് നാളെ. ആദ്യമത്സരത്തിൽ ഇവിടെ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് കീഴടക്കിയിരുന്നു.