ബാലരാമപുരം: കെ.എസ്.ആർ.ടി.സി റൂട്ടുകളിൽ ടിക്കറ്റ് സർവീസ് നടത്തുന്ന സ്വകാര്യവാഹനങ്ങൾക്കെതിരെയുള്ള മോട്ടോർ വെഹിക്കിൽ മൊബൈൽ എൻഫോഴ്സ്‌മെന്റിന്റെ നടപടിക്കെതിരെ ബാലരാമപുരത്ത് ഡ്രൈവർമാരുടെ പ്രതിഷേധം. മുന്നറിയിപ്പില്ലാതെ വിവിധ റൂട്ടുകളിലെ സ്വകാര്യസർവീസ് നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട മോട്ടോർ വെഹിക്കിൾ മൊബൈൽ എൻഫോഴ്സ്‌മെന്റ് – കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ സ്വകാര്യവാഹനത്തിലെ ഡ്രൈവർമാരും കിളിയും തടഞ്ഞുവച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നിയമാനുസൃതമല്ലാതെയുള്ള ടിക്കറ്റ് സർവീസ് നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്. ഇക്കാര്യത്തെ ചൊല്ലി ഉദ്യോഗസ്ഥരും സ്വകാര്യവാഹന ഉടമകളും തമ്മിൽ വാക്കേറ്റമായി. ഒടുവിൽ ടിക്കറ്റ് സർവീസുകൾ നിറുത്തിവച്ചു. എന്നാൽ കൊടിനടയിൽ നിന്നും ബസ് റൂട്ടില്ലാത്ത പെരിങ്ങമല, വെങ്ങാനൂർ, മുക്കംപാലമൂട്, നരുവാമൂട് ഭാഗങ്ങളിലാണ് സർവീസ് നടത്തുന്നതെന്ന് സ്വകാര്യ വാഹനഉടമകൾ പ്രതികരിച്ചു. യാതൊരു കാരണവശാലും ടിക്കറ്റ് സർവീസ് അനുവദിക്കില്ലെന്ന് അറിയിച്ചതോടെയാണ് പ്രശ്നം വഷളായത്. തുടർന്ന് ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരിയും മറ്റ് മെമ്പർമാരും വൈകിട്ട് അഞ്ച് മണിയോടെ മദ്ധ്യസ്ഥ ചർച്ചയ്ക്കെത്തിയെങ്കിലും ഡ്രൈവർമാരുടെ പ്രതിഷേധം തുടർന്നു. ബസ് സർവീസ് ഇല്ലാത്ത ഉപറോഡുകളിൽ സർവീസ് അനുവദിച്ചാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ കഴിയാതെ പിന്നീട് പ്രസിഡന്റിനും മടങ്ങേണ്ടി വന്നു. വൈകിട്ട് 6 മണിയോടെയാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്. നാട്ടുകാരിൽ ചിലരും ടെമ്പോ സർവീസുകൾക്ക് പിൻതുണ നൽകി ഉദ്യോഗസ്ഥരുടെ നടപടിയെ വിമർശിച്ചു.