തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ആദ്യ കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 13മുതൽ 19വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോംപേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.
ആദ്യ അലോട്ട്മെന്റ് ലഭിച്ചവർ എൻട്രൻസ് കമ്മിഷണർക്ക് അടയ്ക്കേണ്ട ഫീസ് ഇന്നു മുതൽ 26ന് വൈകിട്ട് 5വരെ അടയ്ക്കാം. ഓൺലൈൻ പേയ്മെന്റായോ വെബ്സൈറ്റിലുള്ള പോസ്റ്റാഫീസുകളിലോ ഫീസടയ്ക്കാം. ആദ്യ അലോട്ട്മെന്റിൽ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ കോളേജുകളിൽ പ്രവേശനം നേടേണ്ടതില്ല.
നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാവില്ല. അലോട്ട്മെന്റ് ലഭിക്കുന്ന എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർ സർക്കാർ ഉത്തരവുകൾ പ്രകാരം ഫീസ് ആനുകൂല്യത്തിന് അർഹരായതിനാൽ ടോക്കൺ ഡെപ്പോസിറ്റ് അടയ്ക്കേണ്ടതില്ല. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളുടെ ഒന്നാം അലോട്ട്മെന്റ് നടപടികളും എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളുടെ രണ്ടാം അലോട്ട്മെന്റ് നടപടിയും 27ന് തുടങ്ങും. രണ്ടാം ഘട്ട അലോട്ട്മെന്റ് ജൂലായ് 4ന് പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പറുകൾ- 0471-2332123, 2339101, 2339102, 2339103 & 2339104 (10 am-5 pm)