south-africa-lost-
south africa lost

കിവീസിനോടും തോറ്റ ദക്ഷിണാഫ്രിക്കയുടെ സെമി സ്വപ്നങ്ങൾ തകർന്നു

ബർമിംഗ്ഹാം : അങ്ങനെ ദക്ഷിണാഫ്രിക്കയെ കരയിച്ച് മറ്റൊരു ക്രിക്കറ്റ് ലോക കപ്പ് കൂടി. കഴിഞ്ഞ രാത്രി ന്യൂസിലൻഡിനോട് നാല് വിക്കറ്റിന് തോറ്റതോടെയാണ് ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത നിർഭാഗ്യവാന്മാരുടെ സംഘത്തിന് ഇത്തവണ അവസാന നാലിലെത്താൻ കഴിയില്ലെന്ന് 99 ശതമാനവും ഉറപ്പായത്. ആറ് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയുടെ നാലാം തോൽവിയായിരുന്നു ബർമിംഗ്ഹോമിലേത്. ജയിച്ചത് അഫ്ഗാനിസ്ഥാനെതിരെ മാത്രം. ഒരു മത്സരം മഴയെടുത്തു. ആകെ മൂന്ന് പോയിന്റുകൾ. പട്ടികയിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും മുകളിൽ എട്ടാം സ്ഥാനത്ത്.

ദക്ഷിണാഫ്രിക്കയ്ക്ക് ശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ മാത്രമാണ്. ഇതിൽ മൂന്നിലും ജയിച്ചാൽ ആകെ ഒൻപത് പോയിന്റാകും. എന്നാൽ, രണ്ട് ടീമുകൾ ഇതിനകം ഒൻപത് പോയിന്റ് മാർക്ക് കടന്നു. ഇന്ത്യയ്ക്കും ഇംഗ്ളണ്ടിനും അതിന് ഓരോ ജയം മാത്രം മതിയാകും. ഇവരെല്ലാം എല്ലാ കളിയും തോൽക്കുക കൂടി ചെയ്താലേ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലെത്താനാകൂ.

ബർമിംഗ്ഹാമിൽ മഴത്തണലിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങേണ്ടിവന്നപ്പോൾ തന്നെ ദക്ഷിണാഫ്രിക്ക അപകടം മണത്തിരുന്നു. 49 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയത് 241/6 എന്ന സ്കോറാണ്. മറുപടിക്കിറങ്ങിയ കിവീസ് മൂന്ന് പന്തുകളും നാല് വിക്കറ്റുകളും ശേഷിക്കേ വിജയം കാണുകയായിരുന്നു. നായകന്റെ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്ത കേൻ വില്യംസണിന്റെ സെഞ്ച്വറിയാണ് (138 പന്തിൽ 106 നോട്ടൗട്ട്) കിവീസിന് വിജയം നൽകിയത്.

ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഇടയ്ക്കിടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും വില്യംസൺ ഒരറ്റത്ത് പിടിച്ചുനിന്നതുകൊണ്ടാണ് കിവികൾക്ക് ജയിക്കാനായത്. മൂന്നാം ഓവറിൽ മൺറോയ് (9) നഷ്ടമായ ശേഷം വില്യംസണും ഗപ്ടിലും (35) ചേർന്ന് 15 ഓവറിൽ 72 റൺസ് വരെയെത്തിച്ചു. ടെയ്ലർ (1) ലതാം (1) എന്നിവർ കൂടാരം കയറിയതോടെ തളർന്ന കിവീസിനെ ക്യാപ്ടൻ തോളിലേറ്റുകയായിരുന്നു. ക്ഷമയും സൂക്ഷ്മതയും നിറഞ്ഞ ഇന്നിംഗ്സായിരുന്നു വില്യംസണിന്റേത്. ജിമ്മി നീഷം (23), കോളിൻ ഡി ഗ്രാൻഡ് ഹോം (60) എന്നിവരുടെ പിന്തുണ കൂടിയായപ്പോൾ കിവീസ് വിജയം അനിവാര്യമായി.

അവസാന ഓവർ വരെ ഇരു ടീമുകൾക്കും മത്സരത്തിൽ സാധ്യതയുണ്ടായിരുന്നു. എട്ട് റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ വില്യംസൺ സിക്സടിച്ചതോടെയാണ് ദക്ഷിണാഫ്രിക്കയുടെ കാര്യത്തിൽ തീരുമാനമായത്. ഒൻപത് ഫോറുകളും ഒരു സിക്സുമടക്കം 106 റൺസ് നേടി പുറത്താകാതെ നിന്ന വില്യംസണാണ് മാൻ ഒഫ് ദ മാച്ച്.

വില്യംസൺ ഔട്ടായിരുന്നോ?

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വ്യക്തിഗത സ്കോർ 76ൽ വച്ച് ഇമ്രാൻ താഹിറിന്റെ പന്തിൽ കേൻവില്യംസൺ കീപ്പർ ക്യാച്ച് നൽകിയതായി സംശയമുണർന്നിരുന്നു. അമ്പയർ ഔട്ട് നൽകാതിരുന്നപ്പോൾ ദക്ഷിണാഫ്രിക്ക ഡി.ആർ.എസിനായി അപ്പീൽ നൽകി. വീഡിയോ പരിശോധനയിൽ ബാറ്റിൽ നേരിയ ടച്ച് ഉള്ളതായി സൂചനയുണ്ടായിരുന്നുവെങ്കിലും തേഡ് അമ്പയർ ഔട്ട് വിളിച്ചില്ല. ഇതോടെയാണ് അവസാനം വരെ ബാറ്റ് ചെയ്ത് വില്യംസൺ ടീമിനെ വിജയത്തിലെത്തിച്ചത്.