സമനിലത്തുലാസിൽ അർജന്റീന
ക്വാർട്ടർ ഫൈനൽ സാധ്യത പൂർണമായും
കൈവിടാതെ മെസിയും കൂട്ടരും
1-1
സാവോപോളോ : ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ കൊളംബിയയോട് തോറ്റ അർജന്റീന രണ്ടാം മത്സരത്തിൽ പരാഗ്വേയുമായി 1-1ന് സമനില പിടിച്ച് കോപ്പ അമേരിക്ക ഫുട്ബാളിൽ ക്വാർട്ടർ ഫൈനൽ സാധ്യതകൾ പൂർണമായും വീണുടയാതെ കാത്തു.
നിർണായക മത്സരത്തിൽ പെനാൽറ്റിയിൽ നിന്ന് ഗോൾ നേടി സൂപ്പർ താരം ലയണൽ മെസിയാണ് അർജന്റീനയെ രക്ഷിച്ചത്. 37-ാം മിനിട്ടിൽ റിച്ചാർഡ് സാഞ്ചസിലൂടെ നേടിയ ഗോളിന് പരാഗ്വേ ആദ്യപകുതിയിൽ മുന്നിട്ടു നിൽക്കുകയായിരുന്നു. 57-ാം മിനിട്ടിൽ വീഡിയോ റഫറിയുടെ സഹായത്തോടെ ഹാൻഡ്ബാൾ ഫൗൾ കണ്ടെത്തിയതോടെയാണ് റഫറി അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത മെസി അർജന്റീനയ്ക്ക് ജീവശ്വാസം നൽകി.
എന്നാൽ, അർജന്റീനയുടെ യഥാർത്ഥ ഹീറോയായത് 63-ാം മിനിട്ടിലെ പരാഗ്വേയുടെ പെനാൽറ്റി സേവ് ചെയ്ത ഗോളി ഫ്രാങ്കോ അർമാനിയാണ്. ഗോൺസാലസ് എടുത്ത പെനാൽറ്റിയാണ് അർമാനി തട്ടികയറ്റിയത്.
ഈ സമനിലയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള അർജന്റീന സി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഖത്തറിനെ വലിയ മാർജിനിൽ തോൽപ്പിച്ചാലേ അർജന്റീനയ്ക്ക് ക്വാർട്ടറിൽ കടക്കാനാകൂ. മൂന്ന് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാർക്കുമാണ് ക്വാർട്ടറിലേക്ക് ബർത്ത് ലഭിക്കുക.
പോയിന്റ് നില
(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)
ഗ്രൂപ്പ് എ
ബ്രസീൽ 2-1-1-0-4
പെറു 2-1-1-0-4
വെനിസ്വേല 2-0-2-0-2
ബൊളീവിയ 2-0-0-2-0
ഗ്രൂപ്പ് ബി
കൊളംബിയ 2-2-0-0-6
പരാഗ്വേ 2-0-2-0-2
ഖത്തർ 2-0-1-1-1
അർജന്റീന 2-0-1-1-1
ഗ്രൂപ്പ് സി
ചിലി 1-1-0-0-3
ഉറുഗ്വേ 1-1-0-0-3
ഇക്വഡോർ 1-0-0-0-0
ജപ്പാൻ 1-0-0-0-0
കൊളംബിയ ക്വാർട്ടറിൽ
കൊളംബിയ 1, ഖത്തർ 0
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഖത്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കൊളംബിയ കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിച്ചു. 86-ാം മിനിട്ടിൽ ഡേവിഡ് സപാറ്റയാണ് കൊളംബിയയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. ആദ്യ മത്സരത്തിൽ 2-0ത്തിന് കൊളംബിയ അർജന്റീനയെ തോൽപ്പിച്ചിരുന്നു.