തിരുവനന്തപുരം: പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാൾ പരിക്കേ​റ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്റിക്ക് പരാതി നൽകി. ചെറിയതുറ ഫിഷർമെൻ കോളനിക്ക് സമീപം ടി.സി 76/3475 ൽ മണിക്കുട്ടൻ എന്ന റിമോൾഡ് (32) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. പോസ്​റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം വീട്ടുകിട്ടാൻ വൈകിയെന്നാരോപിച്ച് നാട്ടുകാർ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബഹളംവച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. കോർപറേഷനിലെ താത്കാലിക ശുചീകരണ തൊഴിലാളിയായ മണിക്കുട്ടൻ മദ്യലഹരിയിൽ ബഹളമുണ്ടാക്കുന്നുവെന്ന ഭാര്യയുടെയും അമ്മയുടെയും പരാതിയെ തുടർന്നാണ് വലിയതുറ പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് പൊലീസ് മണിക്കുട്ടനെ പിടികൂടാൻ ശ്രമിക്കുമ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഒന്നര മണിക്കൂറിന് ശേഷമാണ് സമീപത്തെ പുരയിടത്തിൽ നിന്നു പരിക്കേ​റ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾക്ക് കുപ്പിച്ചില്ലുകൾ പതിച്ച സമീപത്തെ മതിൽ ചാടുന്നതിനിടെയാകാം പരിക്കേ​റ്റതെന്ന് വലിയതുറ എസ്.ഐ എ.കെ. ഷെറി പറഞ്ഞു. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഗുരുതരമായി പരിക്കേ​റ്റ നിലയിൽ മണിക്കുട്ടനെ പുരയിടത്തിൽ നിന്നു കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും പുലർച്ചെ രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.