വിഴിഞ്ഞം: മത്സ്യത്താെഴിലാളികൾക്ക് വിതരണം ചെയ്ത 'നാവിക് ' ഉപകരണവും സാഗര ആപ്പും മത്സ്യത്തൊഴിലാളികൾക്കിട്ടൊരു താങ്ങാണെന്നാണ് തുറയിലെ സംസാരം. മത്സ്യബന്ധനത്തിനിടയിൽ സന്ദേശങ്ങൾ അറിയാനായി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത 'നാവിക് ' എന്ന ഉപകരണമാണ് തൊഴിലാളികൾക്ക് പാരയായത്. ഈ ഉപകരണത്തിലൂടെ സന്ദേശങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കും. പക്ഷേ തിരിച്ച് പ്രതികരിക്കാനാവില്ല. കൂടാതെ ആൻഡ്രോയിഡ് ഫോണുകൾ കടലിൽ ഉപയോഗിക്കാനാകില്ലെന്നും പരാതിയുണ്ട്.
കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപഗ്രഹം വഴി തൊഴിലാളികളുടെ ആൻഡ്രോയിഡ് ഫോണിൽ ലഭ്യമാക്കുന്ന ഈ ഉപകരണം എല്ലാ വള്ളങ്ങളിലും ഘടിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും പരീക്ഷണാടിസ്ഥാനത്തിലായതിനാൽ കുറച്ച് പേർക്ക് മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. മലയാളത്തിൽ ശബ്ദ സന്ദേശങ്ങൾ ലഭിച്ചാൽ മാത്രമേ ഈ ഉപകരണങ്ങൾ കൊണ്ട് പ്രയോജനമുള്ളൂ എന്ന് ഇവ ഉപയോഗിച്ച തൊഴിലാളികൾ പറയുന്നു.
മത്സ്യത്തൊഴിലാളികളുടെ ആൻഡ്രോയിഡ് ഫോണിൽ നൽകിയ സാഗര എന്ന ആപ്പും ഉദ്യോഗസ്ഥരെ അങ്കലാപ്പിലാക്കിയെന്നാണ് പുതിയ വിവരം. കടലിൽ പോകുമ്പോൾ തൊഴിലാളികളുടെ എണ്ണം സാഗര ആപ് വഴി രേഖപ്പെടുത്തും. തിരികെ വരുമ്പോഴും രേഖപ്പെടുത്തും. എന്നാൽ ഒരു തൊഴിലാളി മാസങ്ങൾക്ക് മുൻപ് കടലിൽ പോയതായി രേഖപ്പെടുത്തി. ഇപ്പോഴും തിരികെയെത്തിയിട്ടില്ലെന്നാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ രേഖകളിലുള്ളത്. ഇതോടെ അങ്കലാപ്പിലായ ഉദ്യോഗസ്ഥർ ഇയാളെ തിരക്കിയിറങ്ങി. ഒടുവിലാണ് ആ വിവരം അവർ അറിയുന്നത്. ഇയാളുടെ മൊബൈൽ ഫോൺ കളഞ്ഞതിനാൽ തിരികെയെത്തിയ വിവരം രേഖപ്പെടുത്താൻ കഴിഞ്ഞില്ലത്രേ. ഇതോടെയാണ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായത്. ഇതാണ് സാഗരയുടെ അവസ്ഥ. അക്ഷരാർത്ഥത്തിൽ നാവികും സാഗര ആപ്പും മത്സ്യത്തൊഴിലാളികൾക്കേറ്റ കനത്ത തിരിച്ചടിയെന്നാണ് കടലിന്റെ മക്കളുടെ സംസാരം.
നാവിക് - വില 15,000 രൂപ
ഒരു തൊഴിലാളിയിൽ നിന്നും
ഗുണഭോക്തൃ വിഹിതമായി വാങ്ങുന്നത് - 1500 രൂപ
നാവിക് + സാഗര =8ന്റെ പണി
'നാവിക് ' എന്ന ഉപകരണം വള്ളത്തിൽ ഘടിപ്പിച്ച ശേഷം ആൻഡ്രോയിഡ് ഫോണിൽ മാപ് മൈ ഇന്ത്യ എന്ന ആപ് ഡൗൺലോഡ് ചെയ്താണ് ഇത് പ്രവർത്തിപ്പിക്കുന്നത്. മത്സ്യ ബന്ധനത്തിനിടെ ഇടയ്ക്കിടയ്ക്ക് ബീപ് ശബ്ദത്തിൽ സന്ദേശം വരുന്നത് ശല്യമായതോടെ പലരും ഉപകരണം വീട്ടിൽ വച്ചിട്ടാണ് ജോലിക്കു പോകുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. നാവിക് ഉപകരണം കടലിൽ പോകുന്നതിന് തൊട്ടു മുൻപാണ് തൊഴിലാളികൾ ഓൺ ചെയ്യുന്നത്.
അതിനാൽ ആ സമയം മുതലുള്ള സന്ദേശം മാത്രമേ ലഭിക്കുന്നുള്ളൂ.
6 മണിക്കൂറെങ്കിലും മുൻപേ ഓൺ ചെയ്താലേ സന്ദേശങ്ങൾ ലഭിക്കൂവെന്നും അധികൃതർ പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ 1500 പേർക്ക് മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ.
ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഇൻകോയ്സിൽ നിന്നുമാണ് സന്ദേശങ്ങൾ ഉപഗ്രഹം മുഖേന ഉപകരണത്തിൽ എത്തുന്നത്. ഇവർക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാഗര ആപ്പും വേണ്ടത്ര പ്രയോജനപ്പെട്ടില്ല.
ലൈഫ് ജാക്കറ്റ് ധരിക്കില്ല
വലിയതുറയിൽ നിന്നും അഞ്ചുതെങ്ങിൽ നിന്നും കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിൽ രക്ഷാപ്രവർത്തനം എളുപ്പമായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഫിഷറീസ് വകുപ്പും വിവിധ സന്നദ്ധ സംഘടനകളും പല ഘട്ടങ്ങളിലായി മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തിരുന്നുവെങ്കിലും തൊഴിലാളികൾ ആരും തന്നെ ഇവ ഉപയോഗിക്കുന്നില്ല. തുടർച്ചയായി ബോധവത്കരണം നടത്തുകയും ഇവ കൃത്യമായി ധരിക്കണമെന്ന് ഉദ്യോഗസ്ഥർ കർശനമായി നിർദ്ദേശം നൽകിയെങ്കിലും ഇവർ കൂട്ടാക്കുന്നില്ല. ലൈഫ് ജാക്കറ്റ് ധരിച്ച മത്സ്യത്തൊഴിലാളി അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തകർക്ക് വേഗം ഇവരെ കണ്ടെത്താൻ സാധിക്കും.
ആപ്പ് വേണ്ട വയർലസ് മതി
മൊബൈൽ ആപ്പുകളല്ല വേണ്ടതെന്നും മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ആശയ വിനിമയം നടത്തുന്നതിനു വേണ്ട വയർലെസ് സംവിധാനമാണ് വേണ്ടതെന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.