1

തിരുവനന്തപുരം: നഗരസഭാ ആരോഗ്യ വിഭാഗം പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നഗരത്തിലെ 11ഓളം തട്ടുകടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും പഴകിയ എണ്ണയും കണ്ടെടുത്തു. വൃത്തിഹീനമായി സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് മുന്നറിയിപ്പും നൽകി. നഗരത്തിലെ വെള്ളയമ്പലം, ആൽത്തറ, വഴുതയ്ക്കാട്, കോട്ടൺഹിൽ, സ്റ്റാച്യു എന്നിവിടങ്ങളിലെ തട്ടുകടകളിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി 8മുതൽ 9.30വരെ നടന്ന പരിശോധനയ്ക്ക് നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ നേതൃത്വം നൽകി. ഓപ്പറേഷൻ സുഭോജനത്തിന്റെ തുടർച്ചയായാണ് ഈ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിലും വേണ്ടത്ര ശുചിത്വമില്ലാതെയുമാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്ന് കണ്ടെത്തി. സ്റ്റാച്യുയിലെ തട്ടുകടയിൽ നടത്തിയ പരിശോധനയിൽ പഴകിയ ചിക്കൻചില്ലിയും പാചകത്തിന് ഉപയോഗിക്കുന്ന പഴയ കറുത്ത എണ്ണയും പിടിച്ചെടുത്തു. ഇവരിൽ നിന്ന് പിഴ ഈടാക്കി നിയമ നടപടികൾ സ്വീകരിക്കും. ഭക്ഷണം സ്റ്റീൽ പാത്രങ്ങളിലോ വാഴയിലയിലോ മാത്രം വിളമ്പണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കടകളിൽ നിന്ന് മാലിന്യം ശേഖരിച്ച് പുഴയിൽ തള്ളുന്ന പുഞ്ചക്കരി സ്വദേശി കുഞ്ഞുമോനും പരിശോധനയ്ക്കിടെ പിടിയിലായി. മാലിന്യങ്ങൾ തള്ളാനുപയോഗിക്കുന്ന ഇയാളുടെ പെട്ടിആട്ടോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് സ്ഥിരമായി പുഴകളിൽ തള്ളുന്ന വ്യക്തിയാണ് ഇയാളെന്നും 25000രൂപ പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ അജിത്കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രകാശ്, അനൂപ് റോയ്, അനിൽകുമാർ, സുജിത് സുധാകർ, ഷജി, സന്തോഷ് കുമാർ, സൈജു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.