expatriate-suicide-

കണ്ണൂർ: കൺവെൻഷൻ സെന്ററിന് ലൈസൻസ് നിഷേധിച്ചതിൽ മനംനൊന്ത് കണ്ണൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ ആന്തൂർ നഗരസഭാ അദ്ധ്യക്ഷ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ കസേരയും ഇളകുമെന്ന് സൂചന. സംഭവത്തിൽ ഇന്നലെ മന്ത്രി സസ്പെൻഡ് ചെയ്ത നാല് നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും ഇവർ വിജിലൻസ് അന്വേഷണം നേരിടേണ്ടിവരുമെന്നും അറിയുന്നു.

നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ്, അസിസ്റ്റന്റ് എൻജിനീയർ കെ. കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ അഗസ്റ്റിൻ, ഗ്രേഡ് വൺ ഓവർസിയർ ബി. സുധീർ എന്നിവരുടെ പേരിലാണ് പൊലീസ് നടപടി ഉണ്ടാകുക. കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം പൂർത്തിയായിട്ടും നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ നമ്പർ അനുവദിക്കാത്തതിൽ മനംനൊന്താണ് പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയത്. 15 കോടി രൂപ ചെലവിൽ നിർമ്മിച്ച കൺവെൻഷൻ സെന്റർ നഗരസഭയുടെ പിടിവാശി കാരണം പ്രവർത്തനാനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് ആരോപണം.

സംഭവത്തിൽ നാലു നഗരസഭാ ജീവനക്കാരെ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ സസ്പെൻഡ് ചെയ്തെങ്കിലും വിഷയത്തിൽ കടുംപിടിത്തം കാട്ടിയത് നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമളയായിരുന്നെന്ന ആരോപണം ബന്ധുക്കൾ ഉയർത്തുന്നുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയിൽ തന്നെ ഇവർക്കെതിരെ പ്രതിഷേധവുമുണ്ടെന്നും അറിയുന്നു. പാർട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ശ്യാമള. ഇവരുടെ ഇടപെടൽ പാർട്ടിയെ വളരെയധികം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാർട്ടി ഇതുവരെ പി.കെ ശ്യാമളയുടെ പേരിൽ പരസ്യമായ നടപടിയ്ക്ക് തയ്യാറായിട്ടില്ല. മാത്രമല്ല, ഇന്നലെ ശ്യാമളയെ ന്യായീകരിക്കുന്ന പ്രസ്താവനയായിരുന്നു സി.പി.എം നേതാക്കളിൽ നിന്നും മന്ത്രിയിൽ നിന്നും ഉണ്ടായത്. ഇതും ആന്തൂരിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ടെന്നത് ശ്യാമളയുടെ പേരിൽ അച്ചടക്ക നടപടി വേണമെന്ന നിലപാടിൽ മുതിർന്ന സി.പി.എം നേതാക്കളെ എത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ശ്യാമള നഗരസഭയെയും ഉദ്യോഗസ്ഥരെയും സംരക്ഷിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനവും വിവാദമായിട്ടുണ്ട്. മന്ത്രി ഇത് തീർത്തും തള്ളിക്കൊണ്ടാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

പാർട്ടിക്കുള്ളിൽ കേവലം ശാസനയിൽ ഒതുക്കി പാർട്ടി കമ്മിറ്റികളിൽ മാത്രം റിപ്പോർട്ട് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഇതുവരെ നേതാക്കൾ. ചെയർപേഴ്സണായ ശ്യാമളയാണ് കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന് തടസമായി നിന്നതെന്ന് ഇന്നലെ സാജന്റെ ഭാര്യ സി.പി.എം നേതാക്കളായ എം.വി ജയരാജൻ, പി. ജയരാജൻ, പി.കെ ശ്രീമതി എന്നിവരോട് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കാനുള്ള തയ്യാറെടുപ്പിലുമാണ്.

പാർട്ടി ശ്യാമളയുടെ പേരിൽ ശക്തമായ നടപടിയെടുത്താൽ ഇവരുടെ ചെയർപേഴ്സൺ സ്ഥാനം തെറിക്കും. ശ്യാമളയെ ചെയർപേഴ്സൺ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് തന്നെയാണ് ആന്തൂരിലെ പാർട്ടി പ്രവർത്തകരുടെയും ആവശ്യമെന്നും അറിയുന്നു. മറ്റുചിലർക്കും ശ്യാമളയിൽ നിന്ന് ദുരനുഭവമുണ്ടായതായി വിവരം പുറത്തുവന്നിരുന്നു. മാത്രമല്ല പാർട്ടിയുടെ ആന്തൂരിലെ എല്ലാ വിഷയങ്ങളും ഇപ്പോൾ ചർച്ചയായിരിക്കുകയുമാണ്. പാർട്ടിക്ക് അകമഴിഞ്ഞ സഹായം നല്കിയ പാർട്ടി അനുഭാവിയായ സാജനുണ്ടായ ദുരനുഭവം പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. ഇത് ശമിപ്പിക്കാനും ശ്യാമളയുടെ പേരിൽ നടപടിവേണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. അതിനാൽ ഇവരെ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടി ഉണ്ടാകുമെന്നാണ് സൂചന.

സാജന്റെ പാർത്ഥാ കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട വിഷയം പാർട്ടിയുടെ നഗരസഭാ സബ് കമ്മിറ്റിയിൽ അജണ്ടയായി വരുമ്പോഴൊക്കെ ഇതിനെതിരെ ശക്തമായി നിലപാട് എടുത്തത് ശ്യാമളയായിരുന്നുവെന്നും ചില സൂചനകൾ പുറത്തുവരുന്നുണ്ട്. താൻ ഈ കസേരയിൽ ഇരിക്കുന്നിടത്തോളം നമ്പർ അനുവദിക്കില്ലെന്നും കൺവെൻഷൻ സെന്റർ ഒരു സ്വപ്നമായി കണ്ടാൽ മതിയെന്നും ശ്യാമള പറഞ്ഞിരുന്നെന്ന് സാജൻ, ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സൂചിപ്പിച്ചിരുന്നുവത്രെ.

അതേസമയം, ഉദ്യോഗസ്ഥരുടെ പേരിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്താൽ അത് നിലനിൽക്കാൻ സാദ്ധ്യതയില്ലെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം വിജിലൻസിന്റെ കേസ് ശക്തമായി മുന്നോട്ട് പോയാൽ ഉദ്യോഗസ്ഥർക്ക് വകുപ്പുനല നടപടി നേരിടേണ്ടിവരും.