തളിപ്പറമ്പ്: കൺവെൻഷൻ സെന്ററിന് അനുമതി നൽകാതെ ആന്തൂർ നഗരസഭ പീഡിപ്പിച്ചതിനെ തുടർന്ന് വ്യവസായി ആത്മഹത്യ ചെയ്ത വിഷയം ചർച്ച ചെയ്യാൻ ചേർന്ന സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പി.കെ ശ്യാമളയ്ക്കെതിരെ രൂക്ഷ വിമർശനം. ഇന്നലെ വൈകിട്ട് 5 മുതൽ 7.30 വരെ നടന്ന യോഗത്തിൽ പങ്കെടുത്ത മുഴുവൻ ഏരിയാ കമ്മിറ്റി അംഗങ്ങളും ശ്യാമളയെ ചെയർപേഴ്‌സൺ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അറിയുന്നത്.
രൂക്ഷമായ വിമർശനം ഉയർന്നപ്പോൾ ഒരാൾ പോലും പിന്തുണയ്ക്കാൻ എത്താതിരുന്നതോടെ ശ്യാമള യോഗത്തിൽ പൊട്ടിക്കരഞ്ഞെന്നാണ് വിവരം. കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി. ജയരാജൻ, ടി.കെ ഗോവിന്ദൻ, കെ. സന്തോഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഏരിയാ കമ്മിറ്റി തീരുമാനപ്രകാരം കോടല്ലൂർ, ആന്തൂർ, ബക്കളം ലോക്കൽ കമ്മിറ്റി യോഗങ്ങൾ ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്. നാളെ വൈകിട്ട് ധർമ്മശാലയിൽ വിശദീകരണ യോഗം സംഘടിപ്പിക്കും. തുടർന്ന് ഏരിയാ-ലോക്കൽ തീരുമാനങ്ങൾ എല്ലാ ബ്രാഞ്ച് കമ്മിറ്റികളിലും റിപ്പോർട്ട് ചെയ്ത ശേഷം ജില്ലാ കമ്മിറ്റിയായിരിക്കും പി.കെ ശ്യാമളക്കെതിരെയുള്ള നടപടികൾ സ്വീകരിക്കുകയെന്നും അറിയുന്നു. ഇവരുടെ പല തീരുമാനങ്ങളും ആന്തൂർ പോലുള്ള പാർട്ടി ശക്തികേന്ദ്രങ്ങളിൽ പാർട്ടിയുടെ അടിത്തറ ഇളക്കുമെന്നും ഒരു നിമിഷം പോലും ചെയർപേഴ്‌സൺ സ്ഥാനത്ത് തുടരരുതെന്നും ഏരിയാ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടതായാണ് സൂചനകൾ.