aquarium
അക്വാഡോം

അതിരുകളില്ലാത്ത വിശാലമായ സമുദ്രം എന്നും മനുഷ്യന് വിസ്‌മ‌യമാണ്. കടലിന്റെ അടിത്തട്ടിലെ അതി മനോഹരമായ കാഴ്‌ചകൾ കടലിനുള്ളിലേക്ക് പോകാതെ തന്നെ ആസ്വദിക്കാൻ കഴിയും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജർമനിയിലെ ബെർലിനിൽ സ്ഥിതി ചെയ്യുന്ന 'അക്വാഡോം'. 'റാഡിസൺ ബ്ലൂ' എന്ന ഹോട്ടലിലാണ് നീണ്ട സിലിണ്ടർ ആകൃതിയിലുള്ള ഈ അക്വാറിയം സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ അക്വാറിയങ്ങളിൽ ഒന്നാണ് ഇത്.

അക്രിലിക് ഗ്ലാസിനാൽ നിർമിതമായ അക്വാഡോമിനുള്ളിൽ സുതാര്യമായ ഒരു ഗ്ലാസ് എലവേറ്റർ ഉണ്ട്. അക്വാഡോമിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന ഈ എലിവേറ്ററിലൂടെ അതിശയകരമായ കാഴ്‌ചകളാണ് നമുക്ക് കാണാൻ സാധിക്കുക. അക്വാഡോമിന്റെ അടിത്തട്ട് മുതൽ മുകൾ ഭാഗം വരെയുള്ള കാഴ്‌ചകൾ എലവേറ്ററിനുള്ളിൽ നിന്നും കാണാം. 82 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അക്വാഡോമിന്റെ വ്യാസം 36 അടിയാണ്. ലോകത്തെ ഏറ്റവും നീളം കൂടിയ, താങ്ങില്ലാതെ നിൽക്കുന്ന സിലിണ്ട്രിക്കൽ അക്വാറിയമാണ് ഇത്. 2004ലാണ് അക്വാഡോം തുറക്കുന്നത്.

അക്വാഡോമിനുള്ളിൽ നിറച്ചിരിക്കുന്നത് ഒരു മില്ല്യൺ ലിറ്റർ ഉപ്പ് ജലമാണ്. 2 ടൺ ഭാരം വരുന്ന ഈ അക്വാറിയത്തിന്റെ അടിത്തറയ്‌ക്ക് മാത്രം 30 അടി ഉയരമുണ്ട്. 1,500ത്തിലധികം മത്സ്യങ്ങളുടെ ആവാസ കേന്ദ്രമാണ് അക്വാഡോം. പവിഴപ്പുറ്റുകളാണ് അക്വാഡോമിന്റെ മറ്റോരു ആകർഷണം. നീണ്ട മൂക്കുള്ള പാഡിൽഫിഷ്, ഓറഞ്ചും വെള്ളയും വരകളുള്ള ക്ലൗൺ ഫിഷ് തുടങ്ങി 110 വ്യത്യസ്ഥയിനം സ്‌പീഷീസ് മത്സ്യങ്ങളാണ് അക്വാഡോമിലുള്ളത്. ഓരോ ദിവസവും 8 കിലോ ആഹാരമാണ് അക്വാറിയത്തിലെ ജീവികൾക്ക് വേണ്ടുന്നത്. ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ടാങ്ക് വൃത്തിയാക്കുകയും വേണം.