online-application

തിരുവനന്തപുരം: കെട്ടിടനിർമ്മാണ അനുമതി സുതാര്യമാക്കാൻ തദ്ദേശവകുപ്പ് ഏർപ്പെടുത്തിയ സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്‌വെയർ തകരാർ കാരണം അനുമതി നൽകൽ ത്രിശങ്കുവിലായി. കഴിഞ്ഞ വർഷം നവംബർ ഒന്നുമുതൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ കോർപറേഷനുകളിൽ സാധാരണക്കാർ അനുമതിക്കായി നെട്ടോട്ടമോടുകയാണ്.

തിരുവനന്തപുരം കോർപറേഷനിൽ ഈ മാസം 12 വരെ ലഭിച്ച 5232 അപേക്ഷകളിൽ ഇതുവരെ അനുമതി നൽകിയത് 1863 എണ്ണത്തിനു മാത്രം. 3369 അപേക്ഷകൾ പാതിവഴിയിൽ. മറ്രിടങ്ങളിലും സ്ഥിതി സമാനം. പൂനെ ആസ്ഥാനമായ സോഫ്ടെക് കമ്പനി വികസിപ്പിച്ച ഐ.ബി.പി.എം.എസ് (ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം) സോഫ്റ്റ്‌വെയർ ആണ് പാരയായത്. അപേക്ഷ നൽകിയവർ അനുമതിക്കായി ഓഫീസുകൾ കയറിയിറങ്ങി വലയുന്നതിനിടെ, കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞത്.

അതിവേഗം നൽകേണ്ട ഏകദിന പെർമിറ്റു പോലും സോഫ്റ്റ്‌വെയർ തകരാറുകൾ കാരണം മുടങ്ങുന്ന സ്ഥിതിയായപ്പോൾ വകുപ്പു മന്ത്രി നേരിട്ട് ഇടപെടുകയും, സോഫ്‌ടെക് കമ്പനി അധികൃതരെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തു.

രണ്ടാഴ്ച മുമ്പു ചേർന്ന യോഗത്തിൽ കമ്പനി അധികൃതരോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി സംസാരിച്ചത്. ഈ സ്ഥിതി തുടർന്നാൽ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് അന്ത്യശാസനവും നൽകി. ഒരു മാസത്തിനകം പരാതികൾ പരിഹരിക്കാമെന്ന ഉറപ്പു നൽകി കമ്പനി അധികൃതർ തടിയൂരുകയായിരുന്നു. ആദ്യഘട്ടത്തിൽ സാങ്കേതിക സഹായത്തിനായി നഗരസഭകളിൽ കമ്പനി പ്രതിനിധികളെ നിയോഗിച്ചിരുന്നു. പരാതികൾ തുടർച്ചയായതോടെ കമ്പനി പ്രതിനിധികളെ ഓഫീസുകളിൽ നിന്ന് മടക്കിയയയ്ക്കാൻ ഉദ്യോഗസ്ഥരും തയ്യാറല്ല.

2013 മുതൽ ഇൻഫർമേഷൻ കേരള മിഷന്റെ (ഐ.കെ.എം) സങ്കേതം സോഫ്റ്റ്‌വെയർ വഴിയാണ് കെട്ടിടനിർമ്മാണ അനുമതി നൽകിയിരുന്നത്. സങ്കേതത്തിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടിയാണ് പുതിയ സോഫ്റ്റ്‌വെയർ കൊണ്ടുവന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് സോഫ്റ്റ്‌വെയർ തയ്യാറാക്കുകയാണ് ഐ.കെ.എമ്മിന്റെ പ്രധാന ദൗത്യം. സോഫ്റ്റ്‌വെയറിലെ ന്യൂനതകൾ അവർക്ക് പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതു ചെയ്യാതെയാണ് സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ തീരുമാനിച്ചത്. ഇതിനായി ഏഴു കോടിയോളം രൂപ ചെലവിട്ടെന്നാണ് വിവരം.


പ്രതിസന്ധി ഇങ്ങനെ

സോഫ്റ്റ്‌വെയറിൽ നൽകുന്ന വിവരങ്ങൾ ഓരോ ഘട്ടത്തിലും നഷ്ടപ്പെടുന്നു.

കമ്പനി ജീവനക്കാരുടെ സഹായമില്ലാതെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാനാവുന്നില്ല

 ഉദ്യോഗസ്ഥരുടെ ജോലി കമ്പനി ജീവനക്കാർ ചെയ്യുന്നു

 കെട്ടിടനിർമ്മാണ ചട്ടങ്ങൾ പരിശോധിക്കുന്നത് കമ്പനി ജീവനക്കാർ

സുവേഗ വന്നേക്കും

കോഴിക്കോട് നഗരസഭയിൽ കെട്ടിട നിർമ്മാണ അനുമതി നൽകാൻ നടപ്പാക്കിയ സുവേഗ സോഫ്റ്റ്‌വെയർ സംസ്ഥാനത്ത് വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. പരാതികൾ ഇനിയും തുടർന്നാൽ സുവേഗ നടപ്പാക്കാനാണ് തീരുമാനം. ബംഗളൂരുവിലെ കമ്പനിയാണ് ഇത് തയ്യാറാക്കിയത്. കോഴിക്കോട് കോർപറേഷനു വേണ്ടി മലബാർ ചേംബർ ഒഫ് കോമേഴ്‌സ് ചെലവ് വഹിച്ചു.


'നിലവിൽ പോരായ്മകൾ പരിഹരിച്ച് ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയർ നടപ്പാക്കാനാണ് നോക്കുന്നത്. ഇതിനെതിരെ ചില ഉദ്യോഗസ്ഥരുടെയും കെട്ടിട ഡിസൈനർമാരുടെയും ലോബി പ്രവർത്തിക്കുന്നുണ്ട്."

-എ.സി. മൊയ്തീൻ

തദ്ദേശസ്വയംഭരണ മന്ത്രി