തിരുവനന്തപുരം : പ്രാർത്ഥനകളും പ്രതീക്ഷകളും തുണച്ചില്ല, ജീവിതത്തിനും മരണത്തിനുമിടയിലെ 16കാരന്റെ പോരാട്ടം അവസാനിച്ചു. കരൾമാറ്റ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്ന ഉജ്ജ്വൽ മരണത്തിന് കീഴടങ്ങി. അണുബാധയെ തുടർന്ന് വ്യാഴാഴ്ച രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് 1ന് കോളിയൂരിലെ വീട്ടുവളപ്പിൽ നടന്നു.
തിരുവനന്തപുരം കോളിയൂർ ഉജ്ജ്വൽ ഭവനിൽ ആട്ടോ ഡ്രൈവറായ സുരേന്ദ്രന്റെയും അമ്മിണിയുടെയും മകനാണ് ഉജ്ജ്വൽ. സഹോദരൻ മൃദുൽ (പത്താംക്ലാസ് വിദ്യാർത്ഥി). ഉജ്ജ്വലിന് കരൾ പകുത്ത് നൽകിയ ഇളയമ്മ ലാലിമോൾ വീട്ടിൽ പ്രത്യേക പരിചരണത്തിലാണ്.
ഈ മാസം ഒന്നിനായിരുന്നു ഉജ്ജ്വലിന്റെ കരൾ മാറ്റിവച്ചത്. തുടർന്ന് കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഉജ്ജ്വൽ ജീവിതത്തിലേക്ക് മടങ്ങിവരുന്ന സൂചനകൾ പ്രകടിപ്പിച്ചെങ്കിലും ഒരാഴ്ച മുമ്പുണ്ടായ അണുബാധ ഡോക്ടർമാരുടെ പ്രതീക്ഷകൾ പാടെ തകർത്തു. കിഡ്നിയുടെ പ്രവർത്തനം വീണ്ടും തകരാറിലായതിനാൽ ഡയാലിസിസ് പുനരാരംഭിച്ചു. ബി.പി നിയന്ത്രണ വിധേയമാക്കാൻ മരുന്നുകളും നൽകി. വ്യാഴാഴ്ച രാവിലെയോടെ നില വഷളായി. ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത സ്ഥിതിയായി. രാത്രിയോടെ ഡോക്ടർമാർ മരണം സ്ഥീരീകരിച്ചു.
മഞ്ഞപ്പിത്തം ബാധിച്ച് കരളിന്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാൻ പണമില്ലാതെ വലഞ്ഞ കുടുംബത്തിന്റെ സ്ഥിതി മേയ് 27ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു. വീ-കെയർ പദ്ധതിയിൾ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചു. കിംസിലെ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തിയത്. തുടർ ചികിത്സയ്ക്കായി രവിപിള്ള ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപയും നൽകി.
ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ 5 എ പ്ലസ് നേടിയ ഉജ്ജ്വലിനെ പനി ബാധിച്ച് കഴിഞ്ഞ മാസം 19ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് ഗുരുതരാവസ്ഥയിൽ കിംസിലേക്കും മാറ്റുകയായിരുന്നു.