തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കിന്റെ വരുമാനം 15,432 കോടി രൂപയിലെത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളത്തിൽ പറഞ്ഞു. 281.91 കോടി രൂപയാണ് പ്രവർത്തനലാഭം. അറ്റാദായം 72.39 കോടി രൂപ. ഇത് സർവകാല റെക്കാർഡാണ്. 14 വർഷത്തിന് ശേഷമാണ് ബാങ്ക് ലാഭത്തിലാകുന്നത്.

സംസ്ഥാന സഹകരണ ബാങ്ക് ലാഭത്തിലേറിയത് കേരളബാങ്ക് രൂപീകരണത്തിന് അനുകൂല ഘടകമാണ്. കേരള ബാങ്ക് രൂപീകരിക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവരുടെ പ്രധാന വിമർശനം നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിലേക്ക് ലാഭത്തിലുള്ള ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നുവെന്നായിരുന്നു. 210 കോടി രൂപയാണ് ബാങ്കിന്റെ കിട്ടാക്കടമെന്നും ഇത് പിരിച്ചെടുക്കുന്ന നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാങ്കുകൾക്ക് ഒമ്പത് ശതമാനം മൂലധനശേഷി വേണം. കേരള സംസ്ഥാന സഹകരണ ബാങ്കിന് 22.54 ശതമാനമുണ്ട്.