നെയ്യാറ്റിൻകര : റേഷൻകാർഡ് പുതുക്കാനെത്തിയ റിട്ട. പൊലീസ് ഉദ്യോഗസ്ഥനോട് ഏജന്റ് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസിൽ സംഘർഷം. ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന ചന്ദ്രനോടാണ് ( 61) സപ്ലൈ ഓഫീസിലെ ഒരു ഏജ്ന്റ് ഓഫീസിനുള്ളിൽ വച്ച് കൈക്കൂലി ആവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്ത ചന്ദ്രനെ ഏജന്റ് ആക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. സപ്ലൈ ഓഫീസിന് സമീപത്തെ താമസക്കാരനാണ് ചന്ദ്രൻ. ഇദ്ദേഹം കഴിഞ്ഞ ദിവസം റേഷൻ കാർഡ് പുതുക്കാനെത്തി. ഉദ്യോഗസ്ഥർ നോക്കി നിൽക്കേ പുറമേ നിന്നും വന്ന ഒരു ഏജന്റ് ചന്ദ്രന്റെ അപേക്ഷ വാങ്ങി വച്ച ശേഷം പിറ്റേന്ന് വരാൻ പറഞ്ഞു. ഇതിനിടെ ചന്ദ്രനോട് ഏജന്റ് കാശ് ആവശ്യപ്പെട്ടു. പിറ്റേന്ന് ഓഫീസിലെത്തിയ ചന്ദ്രോട് അപേക്ഷ കണാനില്ലെന്ന് ഏജന്റ് അറിയിക്കുകയായിരുന്നു. തുടർന്ന് വാക്കേറ്റമായി. ഇത് കണ്ട് ഓഫീസിലേക്ക് സമീപ വാസികൾ ഓടിക്കൂടിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. ചന്ദ്രന് റേഷൻ കാർഡ് ഉടൻ നൽകാമെന്ന് ടി.എസ്.ഒ ഉറപ്പു നൽകി. ഓഫീസിനുള്ളിൽ ഏജന്റുമാർ ഉപഭോക്താക്കളെ നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ ചന്ദ്രൻ താലൂക്ക് സപ്ലൈ ഓഫീസർക്കും നെയ്യാറ്റിൻകര പൊലീസിനും പരാതി നൽകിയിട്ടുണ്ട്..