സിനിമയ്‌ക്കുള്ളിലെ സിനിമയെ പലപ്പോഴായി പല സംവിധായകരും അഭ്രപാളിയിലെത്തിച്ചിട്ടുണ്ട്. സിനിമാക്കാരനാകാൻ അല്ലെങ്കിൽ സംവിധായകനാകുന്നത് സ്വപ്നം കണ്ടുനടക്കുന്ന ഒരു തലമുറ തന്നെ നമുക്ക് മുന്നിൽ എന്നുമുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. സിനിമാക്കാരനാകാൻ നടക്കുന്നയാളുടെ പോരാട്ടങ്ങളും അതിജീവനങ്ങളുമൊക്കെയാണ് മുൻകാലങ്ങളിൽ ഇത്തരം സിനിമകൾക്ക് പ്രമേയമായിട്ടുള്ളത്. അതിനാൽതന്നെ സിനിമയെ ഒരു പാഷനായി കൊണ്ടുനടക്കുന്നവർക്ക് ഒരു പ്രചോദനവും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാനുമുതകുന്ന സിനിമയാണ് സലിം അഹമ്മദ് സംവിധാനം ചെയ്ത ആൻഡ് ദ ഓസ്‌കാർ ഗോസ് ടു.
സിനിമാ സംവിധായകനാകാൻ കൊതിച്ച് ഒരു മലയോരഗ്രാമത്തിൽ ജീവിക്കുന്ന ഇസഹാഖ് ഇബ്രാഹിം എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് സലിം അഹമ്മദിന്റെ സിനിമയുടെ പ്രമേയം. തന്റെ ആദ്യ സിനിമ തന്നെ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്യുകയും പിന്നീട് അത് ഓസ്‌കാർ നോമിനേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് എന്ത് സംഭവിക്കുന്നുവെന്നുള്ളതാണ് സിനിമയുടെ ആകെത്തുക.
തന്റെ മുൻകാല സിനിമകളെ പോലെ പ്രവാസികളുടെ ജീവിതത്തിന്റെ ഒരേടിൽ നിന്ന് തന്നെയാണ് സലിം അഹമ്മദ് ഇത്തവണയും കഥ പറയുന്നത്. ഇവിടെ ആ പ്രവാസിയുടെ കഥ സിനിമയിലെ നായകന്റെ സിനിമയ്ക്കുള്ള കഥയായി മാറുകയാണ്. സിനിമയോടുള്ള ഒരു ചെറുപ്പക്കാരന്റെ പാഷനും ഇഷ്ടവും അത്രയേറെ മനോഹാരിതയോടെ വരച്ചുകാട്ടുന്നുണ്ട് സിനിമ. കന്നി സിനിമാ സംരംഭം മുടങ്ങിപ്പോകുന്നതിന്റെ വക്കിലെത്തുന്നിടത്തുനിന്ന് ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുന്നതും പിന്നീടുള്ള ഉയർച്ച താഴ്ചകളിലൂടെയൊക്കെ സിനിമ പ്രേക്ഷകരെ കൊണ്ടുപോകുന്നു.
സിനിമയല്ല ജീവിതമാണ്
പഞ്ച് ഡയലോഗുകളോ, ഹീറോയിസമോ ഈ സിനിമയിൽ ഇല്ലെന്നതാണ് ഏറ്റവും പ്രധാന കാര്യം. അതേസമയം, വൈകാരിക രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലൊരു കനൽ കെടാതെ സൂക്ഷിക്കാനും സലിം അഹമ്മദിന് കഴിഞ്ഞിരിക്കുന്നു. ജീവിതത്തെ യഥാർത്ഥമായി അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നതിനാൽ തന്നെ കുറച്ചധികം നാടകീയത സിനിമയിൽ അനുഭവിച്ചറിയാൻ കഴിയും. സിനിമയുടെ രണ്ടാം പകുതി മുഴുവൻ അമേരിക്കയിലാണ്. ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെടുന്നതും പിന്നീട് സിനിമ അവിടെ മാർക്കറ്റ് ചെയ്യുന്നതും മറ്റുമാണ് രണ്ടാം പകുതിയിൽ പറയുന്നത്.
സീരിയസായ അവതരണരീതി ആയതിനാൽ തന്നെ എന്റർടെയ്‌ൻമെന്റ് എന്ന തരത്തിൽ ഒരിക്കലും ഈ സിനിമയെ കാണാനാകില്ല. മറിച്ച് സിനിമ എന്നതൊരു വികാരമായി കൊണ്ടുനടക്കുന്നവർക്കും സിനിമയിൽ എന്തൊക്കെയോ ആയിത്തീരണമെന്ന് ആഗ്രഹമുള്ളവർക്കും അവരുടെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനുള്ള വലിയൊരു പ്രചോദനം നൽകാൻ സിനിമയ്ക്ക് കഴിയും. എല്ലാത്തിനുപരി സിനിമയും ജീവിതവും രണ്ടും രണ്ടാണെന്നും സംവിധായകൻ പറഞ്ഞുവയ്ക്കുന്നുണ്ട്. ചന്ദ്രനിൽ ചെന്നാലും മലയാളിയെ കാണാം എന്ന് ചൊല്ലുപോലെ ലോകത്തെവിടെ ചെന്നാലും അവിടെയൊക്കെ നടനോ സിനിമാക്കാരനോ ആകാൻ നടക്കുന്നവരെ കാണാമെന്നും ചില സീനുകൾ കണ്ടാൽ തോന്നും.
ഇസഹാഖ് മച്ചാൻ പൊളിച്ചു
സംവിധാന മോഹവുമായി നടക്കുന്ന ഇസഹാഖ് എന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ച യുവനടൻ ടൊവിനോ തോമസ് തികച്ചും സ്വാഭാവിക അഭിനയമാണ് കാഴ്ചവച്ചത്. താൻ തോറ്റുപോകുമെന്ന സ്ഥിതി വരുമ്പോൾ പോലും ചുണ്ടിലൊരു ചെറുചിരിയുമായി അയാൾ അതിനെയൊക്കെ നേരിടുകയാണ്. എന്നാൽ, ഇസഹാഖ് എന്ന കഥാപാത്രം സിനിമ മോഹിച്ചു നടക്കുന്ന യുവാക്കളുടെ പൊതുപ്രതിനിധിയല്ല. മറിച്ച് അത്തരം തലമുറയിലെ ഒരാൾ മാത്രമാണെന്നതാണ് വസ്തുത. ഇസഹാക്കിനെ പോലുള്ള ഓരോരുത്തർക്കും പറയാൻ മറ്റൊരു കഥയുണ്ടാകും എന്നത് തന്നെയാണ് ഇതിനടിസ്ഥാനം.
സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സലിംകുമാർ തന്നെയാണ് ഈ ചിത്രത്തിന്റേയും കേന്ദ്രബിന്ദു. മൊയ്തൂട്ടി എന്ന ആ കഥാപാത്രത്തെ മികച്ച കൈയടക്കത്തോടെയാണ് സലിംകുമാർ അവതരിപ്പിക്കുന്നത്. മാദ്ധ്യമ പ്രവർത്തകയുടെ വേഷത്തിൽ ടൊവിനോയുടെ ജോഡിയായി എത്തുന്ന അനു സിത്താരയ്ക്ക് നായകനെ പിന്തുണയ്ക്കുകയെന്ന ജോലി മാത്രമെയുള്ളൂ. സിദ്ധിഖ്, ശ്രീനിവാസൻ, വിജയരാഘവൻ, ലാൽ, ജാഫർ ഇടുക്കി, അപ്പാനി ശരത്ത്, മാലാ പർവതി, സറീന വഹാബ്, ഹരീഷ് കണാരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
വാൽക്കഷണം: സിനിമാക്കാരുടെ മാത്രം സിനിമ
റേറ്റിംഗ്: 2.5