സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ കഴിഞ്ഞദിവസം വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ മഹദ് ദർശനമടങ്ങുന്ന ആ നാലുവരികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കണ്ഠത്തിൽ നിന്ന് ഉയർന്നത് അവിസ്മരണീയമായി. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന ഗുരുദേവ സൂക്തമായിരിക്കും മോദിസർക്കാരിന്റെ അടുത്ത അഞ്ചുവർഷക്കാലത്തെ ഇന്ത്യയെ നയിക്കാൻ പോകുന്നതെന്നാണ് രാഷ്ട്രപതി പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ സംയുക്ത സമ്മേളനമായിരുന്നു വേദി. പുതിയ ഇന്ത്യയുമായി ബന്ധപ്പെട്ട സർക്കാരിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്നതിനിടയിലാണ് ശ്രീനാരായണ ഗുരുദേവന്റെ പുണ്യചിന്തകൾ രാഷ്ട്രപതി പരാമർശിച്ചത് . ജാതി-മത-വിവേചനങ്ങളൊന്നുമില്ലാതെ മുഴുവൻ ജനങ്ങളും സമാധാനത്തോടും സാഹോദര്യത്തോടും കൂടി ജീവിക്കുന്ന മാതൃകാരാജ്യമായി ഇന്ത്യയെ പരിവർത്തനപ്പെടുത്താനുള്ള വലിയ യജ്ഞമാണ് മോദിസർക്കാർ ഏറ്റെടുക്കാൻ പോകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. എല്ലാവർക്കും സന്തോഷത്തോടും വിവേചനം കൂടാതെയും വികസനത്തിന്റെ സൗഭാഗ്യങ്ങൾ ഒരുമിച്ച് പങ്കിടാൻ കഴിയുന്ന സ്ഥിതി കൈവരിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. അടുത്ത അഞ്ചുവർഷത്തോടെ പുതിയൊരു ഇന്ത്യയെ വാർത്തെടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ശ്രീനാരായണ ദർശനങ്ങൾ മഹത്തായ ഇൗ ലക്ഷ്യപ്രാപ്തിക്കായി മുറുകെ പിടിക്കുമെന്ന രാഷ്ട്രപതിയുടെ പ്രഖ്യാപനം മഹാഗുരുവിന്റെ ജന്മംകൊണ്ട് അനുഗൃഹീതമായ കേരളത്തിന് ഒന്നടങ്കം അഭിമാനം പകരുന്നതാണ്.
പുതിയ മോദി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം അതീവ വിരസവും ആവർത്തനച്ചെടിപ്പുള്ളതുമാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആക്ഷേപത്തിന് വലിയ വിലയൊന്നും കല്പിക്കാനാകില്ല. തിരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിലെ നിരാശയാണ് പ്രതിപക്ഷനേതാക്കളുടെ പ്രതികരണത്തിൽ കേൾക്കാൻ കഴിഞ്ഞത്. സർക്കാരിന്റെ നയപരിപാടികളിൽ എന്തൊക്കെ നല്ല കാര്യങ്ങളുണ്ടെങ്കിലും കണ്ണടച്ച് അവയെ എതിർക്കലാണ് പ്രതിപക്ഷത്തിന്റെ ദൗത്യമെന്ന പ്രാകൃത സമീപനമാണ് ഇവിടെയും കാണാനാവുന്നത്. വികസനമെന്ന മഹായജ്ഞം അധികാരത്തിലിരിക്കുന്ന സർക്കാർ ഒറ്റയ്ക്ക് വിചാരിച്ചാൽ മാത്രം വിജയിപ്പിക്കാവുന്ന ദൗത്യമല്ല. ഏകമനസോടെ പ്രതിപക്ഷവും സർക്കാരിന്റെ ജനോപകാരപ്രദമായ സംരംഭങ്ങളിൽ സഹകരിക്കുമ്പോഴാണ് രാജ്യം അതിവേഗം പുരോഗതിയിലേക്ക് നീങ്ങുക. നിർഭാഗ്യവശാൽ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി അത്തരത്തിലൊരു നന്മയുടെ വഴിയിലൂടെ സഞ്ചരിക്കുന്നത് അപൂർവമാണ്. ഗവൺമെന്റിനെ ശത്രുവായി കണ്ട് എല്ലാറ്റിനെയും എതിർക്കുകയും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് അംഗീകൃത ശൈലി. മനുഷ്യശേഷിക്ക് ഒരു പഞ്ഞവുമില്ലാത്ത ഇന്ത്യ വിഭവശേഷിയുടെ കാര്യത്തിലും ഒട്ടും പിറകിലല്ല. വിവേചനപൂർവം ഇവ രണ്ടും വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുർഗതി. ജാതി-മത വേർതിരിവുകളും കടുത്ത സാമൂഹ്യ ഉച്ചനീചത്വങ്ങളും വോട്ടുബാങ്കിൽ മാത്രം കണ്ണുള്ള രാഷ്ട്രീയ പ്രവർത്തനശൈലിയുമൊക്കെ പുരോഗതിയെ തടസപ്പെടുത്തുന്ന ഘടകങ്ങളാണ്. ഭയമേതുമില്ലാതെ ജനങ്ങൾ അഭിമാനത്തോടെ ശിരസ് ഉയർത്തിപ്പിടിച്ച് സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് കടന്നെത്തുന്ന സുവർണ മുഹൂർത്തമാണ് സർക്കാരിന്റെ മനസിലുള്ള പുതിയ ഇന്ത്യയെക്കുറിച്ചുള്ള സങ്കല്പമെന്ന് രാഷ്ട്രപതി പറയുകയുണ്ടായി. അത് സാദ്ധ്യമാകണമെങ്കിൽ രാജ്യത്തെയും ജനങ്ങളെയും ഒന്നായി കാണുകയാണ് ആദ്യം വേണ്ടത്. ഒരുതരത്തിലുമുള്ള വിവേചനങ്ങൾക്കും സ്ഥാനമുണ്ടാകരുത്.
രണ്ടാം മോദി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അനേകം വികസന-ക്ഷേമ പരിപാടികളെക്കുറിച്ച് നയപ്രഖ്യാപനത്തിൽ പറയുന്നുണ്ട്. കൃഷിക്ക് ഏറ്റവും വലിയ പരിഗണനയാകും നൽകുക. കർഷകരുടെ വരുമാനം കൂട്ടാനും കൃഷി ലാഭകരമായ ഏർപ്പാടാക്കി മാറ്റാനും ഉതകുന്ന ഒട്ടേറെ നടപടികളുണ്ടാകും. സംരംഭകത്വ മേഖലയെയും പുതിയ ഉയരങ്ങളിലെത്തിക്കും. അടിസ്ഥാന സൗകര്യ പദ്ധതികൾ വൻതോതിൽ ഏറ്റെടുക്കുകവഴി ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കും. അടിസ്ഥാനാവശ്യങ്ങൾ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കാൻ അതിവിപുലമായ പദ്ധതികളാകും ഏറ്റെടുക്കുക.
തിരഞ്ഞെടുപ്പ് സമ്പ്രദായം ഏകീകരിക്കാനുള്ള സർക്കാരിന്റെ ചിന്തയെക്കുറിച്ചും രാഷ്ട്രപതി പരാമർശിക്കുകയുണ്ടായി. ഇതിനായി രണ്ടുദിവസം മുൻപ് പ്രധാനമന്ത്രി വിളിച്ചുചേർത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിൽനിന്ന് കോൺഗ്രസ് ഉൾപ്പെടെ ഒരു ഡസനോളം കക്ഷികൾ വിട്ടുനിൽക്കുകയാണുണ്ടായത്. അഭിലഷണീയമാണ് ഇത്തരം ബഹിഷ്കരണ നടപടി എന്ന് പറയാനാവില്ല. പുതിയൊരു ആശയത്തെക്കുറിച്ച് അഭിപ്രായ രൂപീകരണത്തിനായി വിളിച്ചുചേർക്കുന്ന യോഗത്തിൽ പങ്കെടുത്താലല്ലേ നന്മതിന്മകൾ തിരിച്ചറിയാനാകൂ. നിർദ്ദേശത്തോട് എതിർപ്പുണ്ടെങ്കിൽ സർവകക്ഷി യോഗത്തിൽ കാര്യകാരണ സഹിതം നിലപാട് അവതരിപ്പിക്കുന്നതാണ് ഉചിതം. യോഗം ബഹിഷ്കരിച്ച് പുറത്തു നടന്ന് കൂകി വിളിക്കുന്നത് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ കക്ഷികൾക്കു ചേർന്നതല്ല.
പാർലമെന്റിൽ കക്ഷി വലിപ്പം നോക്കാതെ എല്ലാ അംഗങ്ങൾക്കും തുല്യ പരിഗണന നൽകുമെന്ന് പതിനേഴാം ലോക്സഭ തുടങ്ങിയ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ക്യൂവിലെ അവസാനത്തെ ആൾക്കു പറയാനുള്ളതു പോലും കേൾക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകുകയുണ്ടായി. എതിരിടലിന്റേതല്ല സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പാതയാണ് പുതിയ സർക്കാർ ആഗ്രഹിക്കുന്നതെന്നതിന്റെ സൂചനയാണിത്. സമീപനത്തിലെ ഇൗ നല്ല മാറ്റം തിരിച്ചറിയാൻ പ്രതിപക്ഷത്തിന് സാധിക്കണം. രാജ്യം വികസിക്കേണ്ടതും പുരോഗതിയുടെ സദ്ഫലങ്ങൾ എല്ലാവരിലും എത്തേണ്ടതും ആവശ്യമായതിനാൽ സ്വന്തം കടമകളിൽ നിന്ന് പ്രതിപക്ഷപാർട്ടികൾക്ക് ഒഴിഞ്ഞുമാറാനാകില്ല.