തിരുവനന്തപുരം: പ്രവാസി വ്യവസായിയായ സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഉറച്ച നടപടിയുണ്ടാകുമെന്ന് നിയമസഭയിൽ ഉറപ്പു നൽകിയ മുഖ്യമന്ത്രി, ആന്തൂർ നഗരസഭാദ്ധ്യക്ഷ പി.കെ.ശ്യാമളയുടെ ഭീഷണിയെക്കുറിച്ച് അന്വേഷിക്കുമെന്ന് പറയാതിരുന്നത് നിർഭാഗ്യകരമാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
ആത്മഹത്യയുടെ പ്രധാന ഉത്തരവാദി നഗരസഭാ അദ്ധ്യക്ഷയാണെന്ന വസ്തുത കണക്കിലെടുത്ത് അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പറയാനുള്ള ബാദ്ധ്യത പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുണ്ട്.
താൻ ഈ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കുകയില്ലെന്ന നഗരസഭാ അദ്ധ്യക്ഷയുടെ ഭീഷണിയും സി.പി.എമ്മിന്റെ മുൻ ജില്ലാസെക്രട്ടറി പി. ജയരാജൻ വിഷയത്തിൽ ഇടപെട്ടത് നഗരസഭാ അദ്ധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലായെന്നുമുള്ള വാർത്തകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടും അതിനൊന്നും നിയമസഭയിൽ മറുപടി പറഞ്ഞിട്ടില്ല.
ഉദ്യോഗസ്ഥരെ ബലിയാടാക്കി നഗരസഭാ അദ്ധ്യക്ഷയെ രക്ഷിക്കാനുള്ള നടപടി രാഷ്ട്രീയപ്രേരിതമാണ്. ഒന്നരവർഷം മുമ്പ് പുനലൂരിൽ സമാനമായ സാഹചര്യത്തിൽ പ്രവാസി സംരംഭകനായ സുഗതൻ ആത്മഹത്യ ചെയ്തിരുന്നു.
പ്രവാസി സംരംഭകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സാജൻ പാറയിലിന് ഉണ്ടായതു പോലുള്ള പ്രയാസങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രവാസികാര്യവകുപ്പിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന് ഹസൻ കത്തിൽ ആവശ്യപ്പെട്ടു.