ഫ്ലോറിഡ: യുവതിയുടെ ചുണ്ടും മൂക്കും കവിളും വളർത്തുനായ കടിച്ചെടുത്തു. തന്നെക്കണ്ട് കുരച്ച നായയെ ശാന്തയാക്കാനായി ചുംബിക്കുന്നതിനിടെ നായ അക്രമാസക്തയാവുകയായിരുന്നു. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
ബുൾ മസ്റ്റിഫ് എന്ന പടുകൂറ്റൻ നായയാണ് അക്രമാ സക്തനായത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ യുവതിയെ കണ്ട് നായ പതിവില്ലാതെ കുരച്ചു. നിശബ്ദനാകാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും കുരതുടർന്നു. ഇതിനെത്തുടർന്നാണ് ചുംബിക്കാൻ ശ്രമിച്ചത്. ചുംബനം ലംഭിക്കുന്നതോടെ നായ ശാന്തനാവുമെന്നാണ് യുവതി കരുതിയത്. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപാേയി. മുഖത്ത് പലതവണ കടിച്ചു. പടുകൂറ്റൻ നായയെ തളളിമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ നായ കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് നായയുടെപിടിയിൽ നിന്ന് യുവതിയെ മോചിപ്പിച്ചത്. ചുണ്ടിന്റെയും മൂക്കിന്റെയും ഭാഗങ്ങൾ കടിയേറ്റ് ചിതറിപ്പോയ അവസ്ഥയിലായിരുന്നു. ഏറെ രക്തവും വാർന്നുപോയി.
യുവതിക്ക് പ്ലാസ്റ്റിക്ക് സർജറി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. നായയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഇൗ ഇനത്തിലുള്ള നായ്ക്കൾ ആക്രമണ സ്വഭാവം കാണിക്കുമെന്നാണ് പൊലീസ് പറയുന്നത്.