vld-2

വെള്ളറട: ആകെയുള്ളത് ഒറ്റമുറി,​ ഇതിൽ നിറയെ ആയിരക്കണക്കിന് ഫയലുകളും വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും. ഇതാണ് ആനപ്പാറയിൽ സ്ഥിതിചെയ്യുന്ന വെള്ളറട വില്ലേജോഫീസിന്റെ അവസ്ഥ. വനം വകുപ്പിന്റെ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന വില്ലേജോഫീസ് കെട്ടിടം അഞ്ച് വർഷങ്ങൾക്ക് മുൻപ് വനം വകുപ്പ് തന്നെ പൊളിച്ചുമാറ്റി. വനം വകുപ്പ് വർഷങ്ങൾക്ക് മുൻപ് പണിത ഡോർമെറ്ററിയിലേക്കും കമ്മ്യൂണിറ്റി ഹാളിലേക്കും എത്തുന്നതിന് വേണ്ടിയുള്ള റോഡ് നിർമ്മിച്ചു. വനം വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന കെട്ടിടം തകർന്നതോടെ വില്ലേജോഫിസിന് കെട്ടിടം പുനർ നിർമ്മിക്കാൻ റവന്യൂ അധികൃതർ നിരവധി തവണ വനം വകുപ്പിനെ സമീപിച്ചെങ്കിലും വനം വകുപ്പ് ആവശ്യം നിരസിച്ചു. ഇതോടെ സമീപത്തെ പഞ്ചായത്ത് നൽകിയ ഒറ്റമുറിയിലാണ് ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. എന്നാൽ കെട്ടിടം മുൻപ് നിന്ന സ്ഥലത്തുതന്നെ നിർമ്മിക്കാൻ റവന്യൂ വകുപ്പ് 13 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ റോഡ് പണിതതോടെ കെട്ടിടം നിർമ്മിക്കാൻ സ്ഥലമില്ലാതായി.

വില്ലേജ് ഓഫീസ് നിന്ന സ്ഥാനത്തുതന്നെ പുതിയ കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചെങ്കിലും വന ഭൂമി വിട്ടുനൽകാൻ പറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വനം വകുപ്പ്. ഇതോടെ റവന്യൂ വകുപ്പിന് വെള്ളറടയിൽ വില്ലേജോഫീസിന് വേണ്ടി സ്വന്തമായി കെട്ടിടം ഇല്ലാതായി. കൂടാതെ കെട്ടിടം നിർമ്മിക്കാൻ വനഭൂമി വിട്ടുനൽകിയാൽ പകരം ഭൂമി നൽകാൻ കഴിയു എന്ന് വെള്ളറടയിൽ ആനപ്പാറയിൽ സന്ദർശനം നടത്തിയ മന്ത്രി കെ. രാജു അറിയിച്ചിരുന്നു.

ജനസംഖ്യയിലും വിസ്തൃതിയിലും വലിയ പ്രദേശമായതിനാൽ ആയിരക്കണക്കിന് ആളുകളുടെ രേഖകളാണ് ഒറ്റമുറിയിൽ സൂക്ഷിക്കുന്നത്. ഇവിടുത്തെ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് ഓഫീസിലെ ഉദ്യോഗസ്ഥർ. ഫയലുകൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതുകാരണം സ്റ്റെയറിന് കീഴിലും മറ്റും കൂട്ടിയിട്ടിരിക്കുകയാണ്. ഒരാവശ്യത്തിന് ഏതെങ്കിലും ഫയൽ കണ്ടെത്തണമെങ്കിൽ ഉദ്യോഗസ്ഥർ നന്നെ പാടുപെടണം. എന്നാൽ നിലവിലെ ജീവനക്കാരുടെ സഹകരണമാണ് ഉപഭോക്താക്കളുടെ ഏക ആശ്രയം. എന്നാൽ ഈ രേഖകൾ സൂക്ഷിക്കാൻ സംവിധാനമില്ലാതെ വലയുകയാണ് വില്ലേജോഫീസ് ജീവനക്കാർ.

വില്ലേജോഫീസിന്റെ പ്രവർത്തനം സുഗമമാക്കാൻ ഓൺലൈൻ സംവിധാനം കൊണ്ടുവന്നെങ്കിലും മിക്കപ്പോഴും ഇവിടെ നെറ്റ് കിട്ടാറില്ല. ഉപഭോക്താക്കൾ എത്തിയാൽ ഏറെനേരം കാത്തുനിൽക്കുകയോ ദിവസങ്ങളോളം ഓഫീസ് കയറി ഇറങ്ങുകയോ വേണം കാര്യം നടക്കാൻ.

സ്വന്തം വസ്തുപോക്കുവരവ് ചെയ്യാൻ താമസിച്ചതിൽ പ്രതഷേധിച്ച് വെള്ളറട സ്വദേശി സാംകുട്ടി തീ ഇട്ടത് ഈ വില്ലേജോഫിസ് തന്നെ. സാംകുട്ടിയുടെ പ്രതിഷേധത്തിൽ പല ഫയലുകളും കത്തിനശിച്ചിരുന്നു. കെട്ടിടത്തിന് കേടുപാടും പറ്റി. അതിനുശേഷം അറ്റകുറ്റ പണി നടത്തിയാണ് ഓഫീസ് വീണ്ടും പ്രവർത്തനമാരംഭിച്ചത്.