ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് അഞ്ചാം അങ്കം. കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റ്, പോയിന്റ് പട്ടികയിൽ അവസാനം ഇടംപിടിച്ച അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. സതാംപ്ടണിൽ ഇന്ത്യൻ സമയം മൂന്നിനാണ് മത്സരം. ടൂർണമെന്റിൽ ഇതുവരെ ഇന്ത്യ പരാജയം അറിഞ്ഞിട്ടില്ല. പാക്കിസ്ഥാനെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. കരുത്തരായ ഇന്ത്യയെ വീഴ്ത്തി കന്നി ജയം കുറിക്കുകയാണ് അഫ്ഗാന്റെ ലക്ഷ്യം. ജയത്തോടെ ആഭ്യന്തര കലഹങ്ങൾക്ക് തടയിടാനാകുമെന്ന പ്രതീക്ഷയും അഫ്ഗാൻ താരങ്ങൾക്കുണ്ട്. അതേസമയം, സതാംപ്ടണിൽ മഴ പെയ്യാൻ സാദ്ധ്യതയില്ലെന്ന കാലാവസ്ഥ റിപ്പോർട്ട് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. 13 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. നിലവിൽ നാല് മത്സരങ്ങളിൽ നിന്നും മൂന്നു വിജയമടക്കം ഏഴു പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ന്യൂസിലാൻഡിനെതിരായ കളി മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇന്ന് ജയിച്ചാൽ ഒമ്പതു പോയിന്റോടെ ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് കുതിക്കും.
മിന്നലാകാൻ
കളിച്ച മൂന്ന് മത്സരങ്ങളിലും തകർപ്പൻ ജയം. താരങ്ങളെല്ലാം അമ്പരപ്പിക്കുന്ന ഫോമിലും. അഫ്ഗാനെതിരെ ഇന്ന് ഇറങ്ങുമ്പോൾ അനായാസ ജയത്തോടെ ടൂർണമെന്റിലെ തങ്ങളുടെ അപരാജിത റെക്കോർഡ് കാത്തുസൂക്ഷിക്കുകയാണ് വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. രോഹിത് ശർമ്മയടങ്ങുന്ന ഇന്ത്യൻ മുൻനിര അഫ്ഗാൻ ബൗളർമാരെ എങ്ങനെ നേരിടുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. കെ.എൽ രാഹുൽ, നായകൻ വിരാട് കോഹ്‌ലി, ഹർദിക് പാണ്ഡ്യ, ധോനി , കേദാർ ജാദവ് എന്നിവരെ പിടിച്ച് കെട്ടിയാൽ മാത്രമേ അഫ്ഗാൻ സ്വപ്നം യാഥാർത്ഥ്യമാകൂ. അതേസമയം, നാലാം നമ്പറിൽ ആര് ഇറങ്ങുമെന്നത് സസ്‌പെൻസായി തുടരുകയാണ്. ധവാന് പകരം ലണ്ടനിലെത്തിയ ഋഷഭ് പന്ത് നാലാമനായി ഇറങ്ങുമെന്നാണ് സൂചന. സെലക്ടർമാർ നാലാമനായി നിശ്ചയിച്ച വിജയ് ശങ്കർ കാലിന് പരിക്കേറ്റതിനാൽ കഴിഞ്ഞ ദിവസം പരിശീലനം നടത്തിയില്ല. നെറ്റ്‌സിൽ ജസ്പ്രീത് ബുംറയുടെ യോർക്കർ നേരിടുന്നതിനിടെ കാൽവിരലിന് പരിക്കേൽക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. അതേസമയം,പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഭുവനേശ്വർ കുമാർ ഇന്ന് കളിക്കില്ല. പകരം മുഹമ്മദ് ഷമി ബുംമ്രയ്ക്കൊപ്പം ബൗളിംഗ് നിരയിൽ കുന്തമുനയാകും. കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ഉജ്വല ഫോമിലാണെന്നതും ഇന്ത്യൻ കരുത്ത് വർദ്ധിപ്പിക്കുന്നു.
ഉള്ളു പുകഞ്ഞ്
നീറിപ്പുകഞ്ഞാണ് ലോകകപ്പിലെ ആറാം മത്സരത്തിന് അഫ്ഗാൻ ഇറങ്ങുന്നത്. പരാജയം പുറത്തേക്കുള്ള വഴി തുറക്കുമെന്ന് ടീമിനറിയാം. ജയം അനിവാര്യമായ ഘട്ടമാണ്. ശക്താരാണെങ്കിലും ഇന്ത്യയെ ഏത് വിധേനയും അട്ടിമറിക്കാമെന്ന കണക്ക് കൂട്ടലിലാണ് താരങ്ങൾ. അതേസമയം, സൂപ്പർ താരം റാഷിദ് ഖാൻ അടക്കമുള്ളവർക്ക് ഇതുവരെ ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ആഭ്യന്തര കലഹത്തിന് പുറമേ ഇതും ടീമിന് തലവേദ സൃഷ്ടിക്കുന്നുണ്ട്. ഹഷ്മത്തുല്ലാഹ് ഷഹീദിന്റെ ഒറ്റയാൾ പോരാട്ടമാണ് ബാറ്റിംഗിൽ പ്രതീക്ഷ. തുടർ തോൽവികൾക്ക് കാരണം ടീം പരിശീലകൻ ഫിൽ സിമ്മൺസ് നയിക്കുന്ന കോച്ചിംഗ് സ്റ്റാഫ് ആണെന്ന ചീഫ് സെലക്ടർ ദൗലറ്റ് അഹ്മദ്‌സായിയുടെ ആരോപണമാണ് ടീമിനുള്ളിൽ പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. കോച്ചിംഗ് സ്റ്റാഫ് അവസരത്തിനൊത്ത് ഉയരുന്നില്ലെന്നായിരുന്നു മുൻ പേസ് ബൗളർ കൂടിയായ ദൗലതിന്റെ ആരോപണം. ട്വിറ്ററിലൂടെ ആരോപണങ്ങൾക്ക് മറുപടി നൽകിയ സിമൺസ് ലോകകപ്പിന് ശേഷം ചില വെളിപ്പെടുത്തൽ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ താൻ ലോകകപ്പിന്റെ ഇടയിലാണ്. ടീമിനെ കഴിവിന്റെ പരമാവധി മികവിൽ എത്തിക്കാനുള്ള ശ്രമത്തിലായതിനാൽ ഇപ്പോൾ ഒന്നു പറയുന്നില്ല. മുൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാനെ പുറത്താക്കുന്നതിൽ ദൗലത് അഹമ്മദ് സായിയുടെ റോളും തങ്ങളുടെ ലോകകപ്പ് തയ്യാറെടുപ്പുകളിൽ ഇദ്ദേഹം നടത്തിയ ഇടപെടലുകളും ലോകകപ്പിനു ശേഷം പുറത്ത് പറയുമെന്നാണ് സിമ്മൺസ് ട്വിറ്ററിൽ കുറിച്ചത്. നേരത്തെ, ഓപ്പണർ ബാറ്റ്സ്‌മാനായ ഷാഹ്ഷാദും ടീം മാനേജ്‌മെന്റിനെതിരെ രംഗത്ത് എത്തിയിരുന്നു.