medclg

തിരുവനന്തപുരം: മൃതശരീരത്തിൽ നിന്ന് ഒന്നരപ്പവന്റെ മാല മോഷ്ടിച്ച ജീവനക്കാരി പിടിയിൽ. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണമടഞ്ഞ മണക്കാട് യമുനാനഗർ, ഹൗസ് നമ്പർ 22-ൽ രാധ (26) യുടെ മാല മോഷ്ടിച്ച ഗ്രേഡ് 2 അറ്റൻഡറായ പന്തളം സ്വദേശി ജയലക്ഷ്മി (35) ആണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് മന്ത്രി കെ.കെ. ശൈലജയുടെ നിർദ്ദേശപ്രകാരം ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. വിഷം ഉള്ളിൽചെന്ന് അവശനിലയിൽ റോഡരികിൽ കണ്ടെത്തിയ രാധയെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫോർട്ട് പൊലീസാണ് ഇവരുടെ മേൽവിലാസം കണ്ടെത്തി ബന്ധുക്കളെ വിവരം അറിയിച്ചത്. വിവാഹമോചിതയായ ഇവർ 8 വയസുള്ള മകളുമായി അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാവിലെ 8 ഓടെ ഇവർ മരിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾക്കിടെ വാ‌ർഡിന് സമീപത്തെ ചെറിയ മുറിയിലേക്ക് മാറ്റി. പിന്നീട് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല നഷ്ടപ്പെട്ടതായി ഒപ്പമുണ്ടായിരുന്ന മാതാവ് കണ്ടെത്തുകയും ഇവർ ബഹളം വയ്ക്കുകയുമായിരുന്നു. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും ആരും സമ്മതിച്ചില്ല. സംഭവമറിഞ്ഞ സി.പി.ഐ നേതാവും ആശുപത്രി വികസന സമിതി അംഗവുമായ പി.കെ. രാജു മനുഷ്യാവകാശ കമ്മിഷനും പൊലീസിനും പരാതി നൽകി. ബന്ധുക്കളും രേഖാമൂലം പരാതി നൽകി. തുടർന്ന് മെഡിക്കൽകോളേജ് സി.ഐ അരുണിന്റെ നേതൃത്വത്തിൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയലക്ഷ്മിയെ വിശദമായി ചോദ്യം ചെയ്തു. തുടർന്ന് ഇവർ വാർഡിലെ വേസ്റ്റ് ബക്കറ്റിനുള്ളിൽ ഒളിപ്പിച്ചിരുന്ന മാല എടുത്തു നൽകുകയായിരുന്നു. ഇതോടെ ജയലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംപ്ലോയ്‌മെന്റിൽ നിന്നു താത്കാലിക ജോലി ലഭിച്ച് സ്ഥിരപ്പെടുത്തിയവരിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായ ജയലക്ഷ്മി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

മോഷണം നിത്യസംഭവം

ഇതിന് മുൻപും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ പണവും മൊബൈൽ ഫോണും വിലപ്പെട്ട വസ്തുക്കളും നിരവധി തവണ മോഷണം പോയിട്ടുണ്ട്. പ്രതിസ്ഥാനത്ത് പലപ്പോഴും ജീവനക്കാരാണ് ഉണ്ടാകുക. പിടികൂടിയാൽ മാപ്പപേക്ഷിച്ചും കാലുപിടിച്ചും പരാതിയിൽ നിന്നും നിയമനടപടികളിൽ നിന്നും രക്ഷപ്പെടുകയായിരുന്നു പതിവ്. സ്വർണമാല മോഷ്ടിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി മെഡിക്കൽകോളേജ് സൂപ്രണ്ടും മെഡിക്കൽകോളേജ് സി.ഐയും റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.