തലക്കെട്ടിലെ '996" സ്വർണത്തിന്റെ പരിശുദ്ധിയുടെ പുത്തൻ അളവുകോലല്ല; അത് ഉയർന്നു വന്നുകൊണ്ടിരിക്കുന്ന പുതിയൊരു തൊഴിൽ സംസ്കാരത്തിന്റെ കോഡാണ്. പണിയെടുക്കുന്നവർ കാലത്ത് 9 മണിക്ക് ജോലി ആരംഭിച്ച് രാത്രി 9 മണിക്ക് അവസാനിപ്പിക്കുന്ന ഒരു പ്രവൃത്തി സമയത്തെയാണ് ആദ്യത്തെ രണ്ട് അക്കങ്ങൾ സൂചിപ്പിക്കുന്നത്. അവസാനത്തെ അക്കമായ '6" ഒരു ആഴ്ചയിലെ പ്രവൃത്തി ദിനങ്ങളുടെ എണ്ണമാണ്. അതായത്, ആഴ്ചയിൽ 72 മണിക്കൂർ പണിയെടുക്കേണ്ടിവരുന്ന സമയക്രമീകരണമാണിത്. 'ആലീബാബ" യെന്ന തന്റെ ബഹുരാഷ്ട്ര ടെക് കമ്പനിക്കൂട്ടത്തിലൂടെ ലോകത്തെ കൊടും കോടീശ്വരന്മാരിൽ മുൻനിരയിലായ ചൈനയിലെ പഴയ സ്കൂൾ മാഷാണ് ജാക്ക് മാ. സ്വന്തം സംരംഭങ്ങളിൽ ഇതിനകം പ്രാവർത്തികമാക്കിക്കഴിഞ്ഞ '996" ഇന്ത്യയടക്കമുള്ള പ്രദേശങ്ങളെല്ലാം തന്നെ നടപ്പിലാക്കണമെന്നാണ് അദ്ദേഹം ഇപ്പോൾ ആഹ്വാനം ചെയ്തിരിക്കുന്നത്. കടുത്ത മത്സരത്തിൽ അധിഷ്ഠിതമായ ഇന്നത്തെ ലോക സാമ്പത്തിക ക്രമത്തിൽ കുറഞ്ഞ ജോലി സമയമെന്ന 'കംഫർട്ട് സോൺ" ഭേദിക്കാൻ തയ്യാറായാലേ പുരോഗതിയുണ്ടാകൂ. '996" എന്ന സമയരഥത്തിലേറാതെ മറ്റു മാർഗമില്ലെന്നും പ്രാവർത്തികമാക്കിയാൽ അത് അനുഗ്രഹം ചൊരിയുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
ചൈനയിലേയും ജപ്പാനിലേയും സംരംഭങ്ങൾ പരക്കെയും ഇന്ത്യയടക്കമുള്ള മറ്റ് ചില രാജ്യങ്ങളിലെ പല സ്ഥാപനങ്ങളും ഇപ്പോൾത്തന്നെ '996" ന് സമാനമായ തൊഴിൽക്രമം അനുവർത്തിച്ചു വരികയാണെന്നത് നേര് തന്നെ. പക്ഷേ ജാക്ക് മായുടെ നിലപാടുകളോട് കഠിനമായ അമർഷവും എതിർപ്പും പ്രകടിപ്പിച്ചുകൊണ്ട് ഒട്ടേറെപ്പേർ മുന്നോട്ടു വന്നുകഴിഞ്ഞു. പ്രതിഷേധക്കാരിൽ ചിലർ ചേർന്ന് ഒരു കൂട്ടായ്മ രൂപീകരിക്കുകയും പോർമുഖമായി '996 ഐ.സി.യു" എന്ന വെബ്സൈറ്റ് തുറക്കുകയും ചെയ്തു. കഠോരമായ പുതിയ സമയസമ്പ്രദായത്തിൽ പണിയെടുക്കേണ്ടി വരുന്നവരിൽ പലരും അവസാനം തീവ്രപരിചരണ വിഭാഗ (ഐ.സി.യു)ത്തിൽ എത്തപ്പെടുമെന്നതാണ് സൂചന. വ്യവസായ വിപ്ളവ കാലത്തുണ്ടായ അമിത ജോലി ഭാരത്തിന് അറുതിവരുത്താനായി 1817ൽ റോബർട്ട് ഓവൻ എന്ന മഹാൻ വിഭാവന ചെയ്ത് സ്വന്തം സ്ഥാപനത്തിൽത്തന്നെ ആദ്യമായി നടപ്പിലാക്കുകയും പിന്നീട് അന്താരാഷ്ട്ര തൊഴിൽ സംഘടന അംഗീകരിക്കുകയും ചെയ്ത '888" (ഒരു ദിവസം 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം) എന്ന തൊഴിൽ സംസ്കാരത്തെ തമസ്കരിച്ച് അതിന്റെ സ്ഥാനത്ത് '996" പ്രതിഷ്ഠിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് മാ - വിരുദ്ധന്മാരുടെ നിലപാട്.
'996" നെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത് ഈ സമ്പ്രദായം കാര്യമായി നടപ്പിലാക്കിക്കഴിഞ്ഞ ജപ്പാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന 'ഖറോഷി'യെന്ന കെടുതിയെയാണ്. ഈ ജാപ്പനീസ് വാക്കിന്റെ അർത്ഥം 'അമിത ജോലിഭാരം മൂലമുണ്ടാകുന്ന മരണം" എന്നാണ്. അതിപ്രയത്നത്തിന് വിധേയരായവർ മാനസിക പിരിമുറുക്കത്തിനും സമ്മർദ്ദത്തിനും പാത്രമായി. നിദ്രാഭംഗം, വിഷാദരോഗം, എരിഞ്ഞടങ്ങൽ, ബന്ധങ്ങളിൽ വിള്ളൽ എന്നിങ്ങനെയുള്ള അസ്വാസ്ഥ്യങ്ങൾക്ക് അവർ ഇരകളായി. മാനസികാരോഗ്യവും ശാരീരിക സൗഖ്യവും നഷ്ടപ്പെട്ടവരായി. ഭാരം താങ്ങാനാവാതെ പലരും ആത്മഹത്യയിൽ അഭയം പ്രാപിച്ചു. കുറേപ്പേർ അകാലത്തിൽ അന്തരിക്കാനും ഇടയായി.
മനുഷ്യ അദ്ധ്വാനത്തിന്റെ ഫലം നിശ്ചയിക്കുന്നതിൽ തൊഴിൽ സമയത്തിന്റെ ദൈർഘ്യം മാത്രമല്ല കണക്കിലെടുക്കേണ്ടത്. പ്രയത്നത്തിന്റെ ഗുണപരമായ മേന്മയും നിർണായകമാകുന്നു. പ്രവൃത്തി സമയത്തും നീണ്ടു തന്നെയിരിക്കണമെന്ന് ശഠിക്കുന്നവർ ആദ്യ ഘടകത്തെ മാത്രം ശ്രദ്ധിക്കുകയും അദ്ധ്വാനത്തിന്റെ മേന്മയുടെ കാര്യം അവഗണിക്കുകയുമാണ്. എന്നാൽ തൊഴിൽ സമയത്തിന്റെ നീളം ഒരു പരിധിക്കപ്പുറം വർദ്ധിപ്പിക്കുന്നതും പ്രയത്നത്തിന്റെ മേന്മയെ പ്രതികൂലമായി ബാധിക്കുമെന്നും, അതുവഴി തൊഴിലെടുക്കുന്നവരുടെ ഉത്പാദനക്ഷമത ഇടിയുമെന്നാണ് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.
പഠനങ്ങളിലെ ഒരു പ്രധാന കണ്ടെത്തൽ ആഴ്ചയിൽ 40 മണിക്കൂർ പണിയെടുക്കുന്നതാണ് ഏറ്റവും അനുകൂലമായ അവസ്ഥയെന്നാണ്. അത് 50 മണിക്കൂറിൽ കൂടുതലായാൽ വിപരീത ഫലം സൃഷ്ടിക്കുമെന്നാണ് മറ്റൊരു നിഗമനം. പാശ്ചാത്യ രാജ്യങ്ങൾ, ദിവസം 8 മണിക്കൂറും പഞ്ചദിന ആഴ്ചയുള്ള അദ്ധ്വാന ക്രമീകരണത്തിലേക്ക് മാറിയതിന്റെ കാരണവും മറ്റൊന്നല്ല.
മുതലാളിത്ത രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയിലെ മിക്ക സ്ഥാപനങ്ങളും '955" (രാവിലെ 9 മണിക്ക് ആരംഭിച്ച്, വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന തൊഴിൽ ദിനം, ആഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ) എന്ന സമയക്രമത്തിലാണ് പ്രവർത്തിക്കുന്നതെന്ന വസ്തുത കൗതുകകരമാകുന്നു. യൂറോപ്പിലെ ചില രാജ്യങ്ങൾ പ്രത്യേകിച്ച് ജർമനിയും ഫ്രാൻസും '944" (ദിവസം ഏഴ് മണിക്കൂർ, ആഴ്ചയിൽ 4 പ്രവൃത്തി ദിനങ്ങൾ മാത്രം) എന്ന രീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നതും ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ അടുത്തുതന്നെ കേന്ദ്ര സർക്കാർ പരിഷ്കരിക്കുമെന്നാണ് കേൾക്കുന്നത്. ഈ വേളയിൽ യുവജനങ്ങളുടെ വമ്പൻ തൊഴിലില്ലാപ്പടയുള്ള നമ്മുടെ രാജ്യത്തെ അധികാരികൾ ജാക്ക് മായുടെ തിന്മകളാൽ സമൃദ്ധമായ '996" എന്ന തൊഴിൽ ക്രമത്തെ അവഗണിക്കുന്നതാകും വിവേകവും മനുഷ്യത്വവും ഒത്തുചേരുന്ന നടപടി.