കാട്ടാക്കട: കെ.എസ്.ആർ.ടി.സി അകാരണമായി സർവീസുകൾ നിറുത്തലാക്കിയതോടെ മലയോര മേഖലകളിലെ യാത്രാക്കാർ പെരുവഴിയിലായി. വർഷങ്ങളായി ജനങ്ങൾ ആശ്രയിച്ചിരുന്ന സർവീസുകളാണ് അധികൃതരുടെ ഉത്തരവിൻപ്രകാരം നിറുത്തലാക്കിയിരിക്കുന്നത്. കിഴക്കേക്കോട്ടയിൽ നിന്ന് പേരൂർക്കട, കരകുളം, അഴിക്കോട് വഴി ആര്യനാട്, കുറ്റിച്ചൽ, പാലോട്, പരുത്തിക്കുഴി തുടങ്ങിയ മലയോര മേഖലയിലേക്ക് ദിനംപ്രതിയുള്ള നാല് ട്രിപ്പുകളാണ് ഈ മാസം മുതൽ നിറുത്തലാക്കിയിരിക്കുന്നത്. പേരൂർക്കട ഡിപ്പോയിൽ നിന്നാണ് മലയോര പ്രദേശങ്ങളിൽ സർവീസുകൾ നടത്തിയിരുന്നത്. കുറ്റിച്ചൽ, പാലോട്, പരുത്തിക്കുഴി എന്നിവിടങ്ങളിൽ നിന്നുള്ള സാധാരണക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഏക ആശ്രയമായിരുന്നു ഈ സർവീസുകൾ. ഇപ്പോൾ രാവിലെയും വൈകിട്ടും യാത്രാക്കാർ ബസില്ലാതെ വലയുകയാണ്.
സോണൽ ഓഫീസറുടെ ഉത്തരവാണ് ബസുകൾ നിറുത്താലാക്കാൻ കാരണമെന്നാണ് വിവിധ ഡിപ്പോ അധികൃതർ നൽകുന്ന മറുപടി. മലയോര മേഖലകളിലെ മിക്ക ഡിപ്പോകളും ഈ ഉത്തരവിന്റെ മറവിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലന്ന് നടിക്കുകയാണ്.
പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് കെ.എസ്.ആർ.ടി.സി ഗ്രാമീണ മേഖകലളിൽ സർവീസുകൾ നടത്തുന്നത്. തലസ്ഥാനത്തെ മേഖലാ ഓഫീസറും മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും തമ്മിലുള്ള ചേരിപ്പോരാണ് പല സർവീസുകളും വെട്ടിക്കുറയ്ക്കാൻ കാരണമെന്ന് ജീവനക്കാർ രഹസ്യമായി സമ്മതിക്കുന്നു. ടോമിൻ തച്ചങ്കരി എം.ഡി യായിരുന്നപ്പോൾ ഇത്തരത്തിലുള്ള അദർ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയിരുന്നു. അദ്ദേഹം മാറിയപ്പോൾ ഇത്തരക്കാർ വീണ്ടും തദ്സ്ഥാനങ്ങളിൽ കയറിപ്പറ്റുകയും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഉത്തരവുകളിറക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. മലയോരമേഖലയിലേക്കുള്ള സർവീസുകൾക്കും മിക്കതും മികച്ച കളക്ഷൻ ലഭിക്കുന്നു എന്നിരിക്കെ ഇത്തരം പരിഷ്കാരങ്ങൾ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്.