കുളത്തൂർ: ശ്രീനാരയണ ഗുരുദേവൻ സ്ഥാപിച്ച കുളത്തൂർ കോലത്തുകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെ ജില്ലയിലെ മോഡൽ സ്‌കൂളാക്കി മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ രണ്ടാമത്തെ സ്‌കൂൾ ബസിന്റെ ഉദ്ഘാടനം സ്‌കൂൾ അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിലെ സ്‌കൂൾ ഗ്രൗണ്ട് ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയമാക്കി മാറ്റാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ നഗരസഭാ കൗൺസിലർ മേടയിൽ വിക്രമൻ അദ്ധ്യക്ഷനായിരുന്നു. സ്‌കൂൾ എച്ച്.എം സുലതകുമാരി, പ്രിൻസിപ്പൽ ഡോ. സുധ, പി.ടി.എ പ്രസിഡന്റ് ബിന്ദു, കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് എൻ. തുളസീധരൻ, കുളത്തൂർ ശ്യാം തുടങ്ങിയവർ സംസാരിച്ചു.