traffic

ഉള്ളൂർ: ദേശീയപാതയിൽ ഉള്ളൂർ - നീരാഴി ലെയിൻ റോഡിന് മുന്നിലെ പ്രധാന പാത ട്രാഫിക് പൊലീസ് വീണ്ടും കയറുകെട്ടി അടച്ചു. നീരാഴിയിൽ നിന്ന് പുറത്തേക്ക് വരുന്ന വാഹനങ്ങളുടെ കുത്തിക്കയറ്റം കാരണമാണ് റോഡ് അടച്ചതെന്നാണ് ട്രാഫിക് സി.ഐ പറയുന്നത്. സാധാരണ നീരാഴിയിൽ പ്രവർത്തിക്കുന്ന ചന്ത തുടങ്ങുന്ന 11മണി മുതലാണ് ഇവിടെ തിരക്ക് വർദ്ധിക്കുന്നത്. ഒരു ട്രാഫിക് പൊലീസുകാരനെ ഇവിടെ നിയോഗിക്കുന്നത് ഒഴിവാക്കാനാണ് ഇൗ തുഗ്ളക്ക് പരിഷ്കാരം എന്നാണ് നാട്ടുകാരുടെ ആരോപണം. ശ്രീകാര്യം ഭാഗത്ത് നിന്ന് ഉള്ളൂർ നീരാഴിലേക്ക് തിരിയേണ്ട വാഹനങ്ങൾ കേശവദാസപുരം റോഡിലേക്ക് തിരിഞ്ഞ് വലത് വശം വളഞ്ഞ് ചുറ്റി തിരികെയെത്തി നീരാഴിയിൽ പ്രവേശിക്കണമെന്ന നിർദ്ദേശം പ്രാവർത്തികമല്ലെന്നും അവർ പറയുന്നു. നീരാഴിയിൽ നിന്ന് പ്രധാന പാതയിലേക്ക് ഇറങ്ങുന്ന വാഹനങ്ങൾ കൊച്ചുള്ളൂർ ജംഗ്‌ഷനിൽ പോയി വളഞ്ഞ് തിരികെ എത്തിവേണം മെഡിക്കൽ കോളേജ് കേശവദാസപുരം, ആക്കുളം ഭാഗങ്ങളിലേക്ക് പോകാൻ. അതേസമയം ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് റോഡ് അടച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ നീരാഴി ലെയ്‌നിന് മുന്നിലെ തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്താനുള്ള യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. നിരവധി സ്കൂൾ വാനുകളും നീരാഴിയിൽ എത്തുന്നുണ്ട്. കുട്ടികളെയും കയറ്റി ചുറ്റിക്കറങ്ങിയാണ് ഇവരും യാത്ര ചെയ്യുന്നത്. പ്രശ്ന പരിഹാരമില്ലെങ്കിൽ സമരപരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.