raju-narayana-swami
raju narayana swami

തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്ക് എതിരെ ചീഫ്സെക്രട്ടറി ടോംജോസിന്റെ അദ്ധ്യക്ഷതയിലുള്ള സ്ക്രീനിംഗ് സമിതി തയ്യാറാക്കിയത് നിർബന്ധിത വിരമിക്കൽ നൽകാനുള്ള ശുപാർശ. കേന്ദ്ര, സംസ്ഥാന സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചെന്നാണ് സമിതിയുടെ വിലയിരുത്തൽ,

ഓഫീസിൽ കൃത്യമായി വരാറില്ല, ഔദ്യോഗിക ജോലികൾ കൃത്യമായി ചെയ്യാറില്ല, കൃത്യമായി ഫയലുകൾ നോക്കാറില്ല, അവധി കഴിഞ്ഞ് എത്തിയാൽ സർക്കാരിനെ അറിയിക്കാറില്ല, ഉദ്യോഗസ്ഥ ഏകോപനം നടത്താറില്ല തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ നിർബന്ധ വിരമിക്കലിന് വിധേയമാക്കാൻ ചീഫ്സെക്രട്ടറി ശുപാർശ ചെയ്യുന്നത്.

സമിതി റിപ്പോർട്ട് ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല. മുഖ്യമന്ത്രിയുടെ അനുമതിയോടെ വേണം റിപ്പോർട്ട് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് അയയ്ക്കാൻ. സ്ക്രീനിംഗ് സമിതിയോ ചീഫ്സെക്രട്ടറിയോ സ്വാമിക്ക് നോട്ടീസ് നൽകിയിട്ടില്ല. ചീഫ്സെക്രട്ടറിയും രണ്ട് മുതിർന്ന അഡി.ചീഫ്സെക്രട്ടറിമാരും കർണാടക കേഡറിലെ അഡി.ചീഫ്സെക്രട്ടറിയുമടങ്ങിയ സമിതി 19 ന് യോഗം ചേർന്ന് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നാണ് സൂചന. അതേസമയം ശുപാർശ ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പതിവായി നടത്താറുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സർവീസ് അവലോകനം മാത്രമാണ് നടത്തിയതെന്നാണ് സർക്കാർ വിശദീകരണം.

മുതിർന്ന സിവിൽസർവീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വിലയിരുത്തി യോഗ്യരല്ലാത്തവരെ ഒഴിവാക്കാനുള്ള കേന്ദ്രനിർദ്ദേശം അനുസരിച്ചാണ് സമിതിയുടെ ശുപാർശയെന്ന്ന് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.

രാജുനാരായണ സ്വാമിക്കെതിരായ നടപടിയെക്കുറിച്ച് ചീഫ് സെക്രട്ടറി പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച മാധ്യമങ്ങളിൽനിന്നുള്ള അറിവേയുള്ളുവെന്നും ഇത്തരം ഫയലുകൾ തങ്ങളുടെ ഓഫീസല്ല തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്റിയുടെ ഓഫീസ് അറിയിച്ചു.