cpm

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തിരുത്തൽ പ്രക്രിയകൾക്ക് തുടക്കമിടാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന നേതൃയോഗങ്ങൾക്ക് സി.പി.എം ഇന്ന് തുടക്കം കുറിക്കാനിരിക്കെ, പുതിയ വിവാദങ്ങൾ പാർട്ടിക്ക് തലവേദനയാകുന്നു. കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലുന്നുവെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ കേന്ദ്രകമ്മിറ്റി വിലയിരുത്തിയതിനു പിന്നാലെയാണ് പാർട്ടിക്ക് സമ്പൂർണ്ണ ആധിപത്യമുള്ള ആന്തൂർ നഗരസഭയെ ചുറ്റിപ്പറ്റിയുള്ള വിവാദം.

തിരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് പാർലമെന്റ്, അസംബ്ലി മണ്ഡല തലങ്ങളിൽ നടന്നുവരുന്ന ചർച്ചകളിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളുയരുന്നു. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. പാർട്ടി അനുഭാവിയായ പ്രവാസി വ്യവസായിയുടെ ആത്മഹത്യ കണ്ണൂരിലെ പാർട്ടിക്കുള്ളിലെ ചേരിതിരിവിന്റെ ഉല്പന്നമായിക്കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇതിനു പുറമേയാണ് കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയർന്ന ആരോപണം.

ആന്തൂർ സംഭവം പാർട്ടിക്കുണ്ടാക്കിയ ക്ഷീണം വലുതാണെന്ന് നേതൃത്വം തിരിച്ചറിയുന്നു. നഗരസഭാ അദ്ധ്യക്ഷയായ പി.കെ. ശ്യാമളയ്ക്കെതിരെയാണ് വിമർശനമേറെ. ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്തതു കൊണ്ട് ക്ഷീണം മാറില്ലെന്ന വിലയിരുത്തൽ ജില്ലാ പാർട്ടിക്കകത്ത് ശക്തമാണ്. ശ്യാമളയെ തൽക്കാലത്തേക്കെങ്കിലും ചെയർപേഴ്സൺ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമുയരുന്നു. പാർട്ടി സ്വന്തം നിലയിൽ അവിടെ ആഭ്യന്തര അന്വേഷണത്തിന് തീരുമാനിച്ചേക്കാം.

പാർട്ടി സെക്രട്ടറിയുടെ മകനെതിരായ കേസ് മുറുകുന്നത് ക്ഷീണമാകുമെങ്കിലും, അത് പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നു വ്യക്തമാക്കി കൈയൊഴിയുകയാണ് നേതാക്കളിൽ പലരും. പ്രായപൂർത്തിയായ ഒരാളുടെ വ്യക്തിപരമായ വിഷയമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷം പക്ഷേ അടുത്താഴ്ച നിയമസഭയിൽ അത് ആയുധമാക്കുമെന്ന സൂചനകളുയരുന്നുണ്ട്. എങ്കിൽ അതിന്റെ രാഷ്ട്രീയമാനം മാറും.

സംഘടനാശാക്തീകരണം ലക്ഷ്യമിട്ടുള്ള 2015ലെ കൊൽക്കത്ത പ്ലീനം തീരുമാനങ്ങൾ കേരളത്തിൽ എത്രത്തോളം നടപ്പാക്കിയെന്ന പരിശോധനയിലേക്ക് പാർട്ടി കടന്നേക്കും. കീഴ്ഘടകങ്ങളുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിശോധിച്ചുള്ള തിരുത്തൽ നടപടികളാവും സ്വീകരിക്കുക.