തിരുവനന്തപുരം: പോപ്പുലർ സിനിമകളിൽ ' റിയൽ ' ജീവിതവും ' റീൽ ' ജീവിതവും രണ്ടാണെങ്കിൽ ഡോക്യുമെന്ററികൾ സത്യസന്ധമായി യാഥാർത്ഥ്യങ്ങളെ മുന്നിലെത്തിക്കുന്നവയാണെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. 12ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ കേരളത്തിന് ശ്രേഷ്ഠമായ ഇടം നേടിക്കൊടുക്കുന്നതിൽ സിനിമ എന്ന മാദ്ധ്യമത്തിന് വലിയ പങ്കുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ഹ്രസ്വചിത്രം ഈ മേളയിൽ പ്രദർശിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. കേരളീയരുടെ സംവേദന ക്ഷമതയേയും ആശയ പ്രകാശനത്തേയും സ്വാധീനിച്ചതിൽ സിനിമയ്ക്ക് വലിയ പങ്കുണ്ടെന്നും ഗവർണർ പറഞ്ഞു. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ബുക്ക് മന്ത്രി എ.കെ. ബാലന് നൽകി ഗവർണർ പ്രകാശനം ചെയ്‌തു. ചലച്ചിത്ര അക്കാഡമി ചെയർമാനും മേളയുടെ ഡയറക്ടറുമായ കമൽ, അക്കാഡമി വൈസ് ചെയർപേഴ്സണും മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോൾ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ്, അക്കാഡമി എക്‌സിക്യുട്ടീവ് ബോർഡ് അംഗം സിബി മലയിൽ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു.