calicut-university

തിരുവനന്തപുരം: കാലിക്കറ്റ്, എം.ജി സർവകലാശാലകൾക്ക് കീഴിലെ 69 സ്വാശ്രയ കോളേജുകളിൽ പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് സർക്കാർ അനുമതി. ഇതിലൂടെ 1250 ബിരുദ സീറ്റുകളും 495 ബിരുദാനന്തര ബിരുദ സീറ്റുകളും വർദ്ധിക്കും.

കാലിക്കറ്റിൽ 37 കോളജുകളിൽ 620 ബിരുദ സീറ്റുകളും 220 പി.ജി സീറ്റുകളുമാണ് വർദ്ധിക്കുക. എം.ജിയിൽ 32 കോളജുകളിലായി 630 ബിരുദ സീറ്റുകളും 275 പി.ജി സീറ്റുകളും കൂടും. സർവകലാശാലകൾ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ കോഴ്സുകൾക്കുള്ള അനുമതി. ഇതിനു പുറമെ സർക്കാർ, എയ്ഡഡ് കോളജുകളിൽ നിലവിലുള്ള കോഴ്സുകളിൽ 20 ശതമാനം വരെ ആനുപാതിക സീറ്റ് വർദ്ധനയ്ക്കും ഉത്തരവായിട്ടുണ്ട്.

സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സയൻസ് പി.ജി കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം 16 ആയും, ആർട്സ് ആൻഡ് കൊമേഴ്സ് വിഷയങ്ങൾക്ക് 20 ആയും വർദ്ധിപ്പിക്കും. ബിരുദതലത്തിൽ സയൻസ് കോഴ്സുകളുടെ സീറ്റ് 40 ആയും ആർട്സ്, കൊമേഴ്സ് വിഷയങ്ങളുടേത് 60 വരെയും ഉയർത്തി. സർക്കാർ, എയ്ഡഡ് കോളജുകളിൽ ആനുപാതിക സീറ്റ് വർദ്ധനയ്ക്ക് സർവകലാശാലകളോട് നിർദ്ദേശിച്ചു.

സർക്കാർ, എയ്ഡഡ് (ന്യൂനപക്ഷ/ പിന്നാക്ക വിഭാഗങ്ങൾ നടത്തുന്നവ ഒഴികെ) സ്വാശ്രയ കോളേജുകളിൽ ഒഴിഞ്ഞുകിടക്കുന്ന എസ്.സി/എസ്.ടി സംവരണ സീറ്റുകളിൽ വിദ്യാർത്ഥികളില്ലെങ്കിൽ ഇവ മറ്റ് ക്വാട്ടകളിൽ നികത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യം ഒ.ഇ.സി ക്വോട്ട നികത്തണം. ആ വിഭാഗത്തിൽ കുട്ടികളില്ലെങ്കിൽ എസ്.ഇ.ബി.സി വിദ്യാർത്ഥികളെ പരിഗണിക്കാം. ഇതിലും അപേക്ഷകരില്ലെങ്കിലേ ഒാപ്പൺ ക്വാട്ടയിൽ നികത്താവൂ.