തിരുവനന്തപുരം: അന്ധനായ ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ചു ലോട്ടറി തട്ടിയെടുത്തയാൾ നിരീക്ഷണ കാമറയിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്കു രണ്ടിന് തമ്പാനൂർ ബസ് ടെർമിനലിലായിരുന്നു സംഭവം. ലോട്ടറി വാങ്ങാനെന്ന വ്യാജേന അടുത്തുകൂടിയ ഇയാൾ വില്പനക്കാരന്റെ കൈയിൽ നിന്നു ടിക്കറ്റ് കൈക്കലാക്കിയ ശേഷം പണം നൽകാതെ സ്ഥലം വിടുകയായിരുന്നു. വർഷങ്ങളായി തലസ്ഥാനത്തു ലോട്ടറിക്കച്ചവടം നടത്തുന്ന വാഴച്ചൽ ചിറയാണിക്കര ഗീതാഭവനിൽ സുരയിൽ നിന്നാണ് ഇയാൾ ലോട്ടറി തട്ടിയെടുത്തത്. കെ.എസ്.എഫ്.ഇ ഓഫീസിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യം പൊലീസ് പുറത്തുവിട്ടു. തട്ടിയെടുത്ത ആൾ ദീർഘദൂര സർവീസ് നടത്തുന്ന ബസിൽ കയറി പോയെന്നാണു നിഗമനം. 640 രൂപ വിലമതിക്കുന്ന 23 ടിക്കറ്റുകളാണ് നഷ്ടമായത്. ദൃശ്യം ഇങ്ങനെ: സുരനിൽ നിന്നും ബ്രൗൺ ടീഷർട്ടു ധരിച്ച ഒരു യുവാവ് ടിക്കറ്റ് വാങ്ങുന്നതിനിടെയാണ് പ്രതിയുടെ വരവ്. നീല ജീൻസും വെള്ളയും ഇളം നീലയും കറുപ്പും വരയുള്ള ടീഷർട്ടും കൈയിൽ മൊബൈൽ ഫോണും തോളിൽ ബാഗുമായെത്തിയ പ്രതി സുരന്റെ കൈയിൽ നിന്നു ഒരു കെട്ട് ലോട്ടറി എടുത്തു. ശേഷം ടിക്കറ്റു വാങ്ങാനെത്തിയ യുവാവ് പോകുന്നതുവരെ കാത്തുനിന്നു. അയാൾ പോയ ഉടൻ പരിസരമാകെ കണ്ണോടിച്ചു തട്ടിയെടുത്ത ടിക്കറ്റുമായി മുങ്ങി.