തിരുവനന്തപുരം: മൃതശരീരത്തിൽ നിന്ന് ഒന്നരപ്പവന്റെ മാല മോഷ്ടിച്ച കേസിൽ റിമാൻഡിലായ മെഡിക്കൽ കോളേജിലെ ഗ്രേഡ് 2 അറ്റൻഡറായ പന്തളം സ്വദേശി ജയലക്ഷ്മി (35) മുമ്പും രോഗിയുടെ പണവും കവർന്നതായി സമ്മതിച്ചു. മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മുമ്പ് ചികിത്സയിൽ കഴിഞ്ഞ രോഗിയുടെ 4000 രൂപയും കവർന്നതായി സമ്മതിച്ചത്. ആത്മഹത്യാശ്രമത്തെ തുടർന്ന് വിഷം ഉളളിൽ ചെന്ന് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണക്കാട് യമുനാനഗർ, ഹൗസ് നമ്പർ 22-ൽ രാധ (26) യുടെ മാല മോഷ്ടിച്ച കേസിലാണ് ജയലക്ഷ്മിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മന്ത്രി കെ.കെ. ശൈലജയുടെ നിർദ്ദേശപ്രകാരം ജയലക്ഷ്മിയെ സസ്പെൻഡ് ചെയ്തു. എംപ്ലോയ്മെന്റിൽ നിന്ന് താത്കാലിക ജോലി ലഭിച്ച് സ്ഥിരപ്പെടുത്തിയവരിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായ ജയലക്ഷ്മി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ജീവനക്കാരെ അടച്ചാക്ഷേപിക്കരുത്
മെഡിക്കൽകോളേജ് ജീവനക്കാരി മാല മോഷ്ടിച്ചതിന്റെ പേരിൽ മുഴുവൻ ജീവനക്കാരെയും അടച്ചാക്ഷേപിക്കരുതെന്ന് സൂപ്രണ്ട് ഡോ. എം.എസ് ഷർമ്മദ് അഭ്യർത്ഥിച്ചു. കുറ്റക്കാരിയായ ജീവനക്കാരിയെ അപ്പോൾ തന്നെ സസ്പെൻഡ് ചെയ്യാനും നിയമ നടപടികൾക്ക് വിധേയമാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇതിന്റെ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും സമൂഹ മാദ്ധ്യമങ്ങളിലും മറ്റും അടച്ചാക്ഷേപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ മനോവീര്യം തകർക്കും വിധത്തിലുള്ള ദുഷ്പ്രചരണങ്ങളിൽ നിന്ന് പിൻമാറണമെന്നും ആശുപത്രിയിലെ സുരക്ഷ വർദ്ധിപ്പിക്കാനാവശ്യമായ നിർദേശങ്ങൾ ജീവനക്കാർക്ക് നൽകിയതായും സൂപ്രണ്ട് വ്യക്തമാക്കി.
മെഡിക്കൽ കോളേജിൽ മോഷണം പെരുകുന്നു
ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണം പെരുകിയിട്ടും നടപടി എടുക്കാതെ അധികൃതരുടെ ഒളിച്ചു കളി. തീവ്ര പരിചരണ വിഭാഗങ്ങൾ,വാർഡുകൾ, ഒ.പി വിഭാഗം തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് മോഷ്‌ടാക്കൾ വിഹരിക്കുന്നത്. ആശുപത്രിയിലെ മോഷണങ്ങളും സാമൂഹ്യവിരുദ്ധശല്യവും തടയാൻ സി.സി ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് മെഡിക്കൽ കോളേജ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ട് ഏറെ നാളായെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.ആശുപത്രി ജീവനക്കാരുടെ കൈക്കൂലിവാങ്ങലും കൃത്യവിലോപങ്ങളുമെല്ലാം കാമറയിൽ പതിയുമെന്നതാകാം കാമറ സ്ഥാപിക്കുന്നതിന് മടിക്കുന്നതെന്നാണ് രോഗികളുടെ ആക്ഷേപം.
അത്യാഹിത വിഭാഗം, തീവ്ര പരിചരണ വിഭാഗം , ഇടനാഴികൾ, പാർക്കിംഗ് യാർഡ് , ഗേറ്റുകൾ എന്നിവിടങ്ങളിൽ കാമറ സ്ഥാപിക്കാനായിരുന്നു നിർദേശം. രോഗികളുടെ കൂട്ടിരിപ്പുകാരാണ് മോഷ്‌ടാക്കളുടെ ഇരകളാകുന്നത്. കൂട്ടിരിപ്പുകാരോട് ചങ്ങാത്തംകൂടിയാണ് മോഷണം.വിശ്വസിച്ചേൽപ്പിക്കുന്ന ബാഗും വിലപ്പെട്ട സാധനങ്ങളുമായി സ്ഥലം വിടുന്നതാണ് ഇവരുടെ രീതി. നിരവധി തവണ ഇത്തരംതട്ടിപ്പുകൾ അരങ്ങേറിയെങ്കിലും ചികിത്സാ രേഖ കൈവശം ഇല്ലാത്തവരെ കണ്ടെത്തി പുറത്താക്കുന്നതിൽ സുരക്ഷാ വിഭാഗം പരാജയപ്പെടുകയാണ്.
പാർക്കിംഗ് യാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ തട്ടിയെടുക്കുവാൻ മാത്രം ഒരു സംഘം മെഡിക്കൽ കോളേജ് കാമ്പസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. നിരവധി പേരാണ് ഒരു ദിവസം പരാതിയുമായി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. വിദൂരങ്ങളിൽ നിന്നും ചികിത്സ തേടി എത്തുന്നവരായതിനാൽ പലരും കേസിന് പിന്നാലെ പോകാൻ മെനക്കെടാതെ പിൻവാങ്ങുന്നതാണ് മോഷണം വർദ്ധിക്കുവാൻ കാരണം.കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാരിതന്നെ മോഷണത്തിന് ചുക്കാൻ പിടിച്ചതോടെ ജീവനക്കാരെയും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് രോഗികളും കൂട്ടിരിപ്പുകാരും. കാമ്പസിനുള്ളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.