തിരുവനന്തപുരം: എം.സി റോഡിൽ വട്ടപ്പാറയ്ക്കും മരുതൂരിനും ഇടയിൽ മരുതൂർ വളവിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 52 യാത്രക്കാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പതിമൂന്നുപേരുൾപ്പെടെ പരിക്കേറ്റ മുഴുവൻ പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരേക്കും പോയ സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഏറെക്കുറെ പൂർണമായും തകർന്ന ബസിൽ കുടുങ്ങിയ യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. അപകടത്തിൽ സാരമായി പരിക്കേറ്റ നന്ദു(20), ദീപിക(27), സുകുമാരൻനായർ(64), പ്രദീപ് കുമാർ(55), ദിനീഷ്(36), ചൈത്രവർമ്മ(19),ബാലകൃഷ്ണൻ(60), ഷാജി(44), സുധാലക്ഷ്മി(34), മാത്യുകോശി(74),ഹനീഫ(76), വിദ്യാധരൻ(52), നൂർജഹാൻ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരെ സ്കാനിംഗിനും മറ്റ് വിദഗ്ദ പരിശോധനകൾക്കും വിധേയരാക്കി വരുന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.പരിക്കേറ്ര മറ്റുള്ളവരെയും മെഡിക്കൽ കോളേജിലെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ തകർന്ന ബസുകളിലൊന്നിന്റെ വീൽ ഞെരുങ്ങിയതിനാൽ ഫയർഫോഴ്സ് സഹായത്തോടെയാണ് ഇവ നീക്കം ചെയ്തത്. അപകടത്തെ തുടർന്ന് എം.സി റോഡ് വഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. വട്ടപ്പാറ പൊലീസ് കേസെടുത്തു.