കൊച്ചി: രണ്ടു വർഷം കൊണ്ട് പൊട്ടിപ്പൊളിഞ്ഞ് പൊളിച്ചു നീക്കാൻ പാകത്തിന് നിൽക്കുന്ന പാലാരിവട്ടം പാലത്തിന് മാത്രമല്ല, യു.ഡി.എഫ്. സർക്കാറിന്റെ കാലത്ത് നിർമാണം നടന്ന കണ്ണങ്ങാട്ട് - ഐലന്റ് പാലത്തിന്റെയും സ്ഥിതി അപകടത്തിൽ. നിർമ്മാണത്തിൽ തുടങ്ങിയ വിവാദങ്ങൾ ഇപ്പോഴും ഒഴിയുന്നില്ല. തേവരയിൽ കുമ്പളം കായലിന് കുറുകേ അപ്രോച്ച് റോഡില്ലാതെ തുറന്നു കൊടുത്ത് ഒന്നര വർഷം പിന്നിടുമ്പോഴാണ് പാലത്തിന് നടുവിലായി വിള്ളലുകൾ കണ്ടെത്തിയത്. പാലത്തിന്റെ ഇരു ഭാഗത്തെയും റോഡുകളിൽ നിന്ന് പാലം ഉയർന്ന സ്ഥിതിയിലായിരുന്നു. നാട്ടുകാർ തന്നെ ഇരു റോഡുകളും ടാറിട്ട് സഞ്ചാരയോഗ്യമാക്കുകയായിരുന്നു. അപ്രോച്ച് റോഡുകളുടെ അഭാവം മൂലം നിലവിൽ പാലത്തിലൂടെ വലിയ വാഹനങ്ങളൊന്നും ഇപ്പോഴും കടന്നു പോകുന്നില്ല. എന്നിട്ടും പാലത്തിൽ വിള്ളലുകൾ വീണതിന് കാരണം നിർമാണത്തിലെ അപാകതയാകാമെന്നാണ് നാട്ടുകാരുടെ ആരോപണം. പാലം നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താൻ കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ ഹർജിയിൽ വിജിലൻസ് അന്വേഷണം നടത്തി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാലത്തിന്റെ നിർമാണത്തിൽ അപാകതകൾ ഇല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.
എന്നാൽ പാലാരിവട്ടം ഫ്ളൈ ഓവർ നിർമാണത്തിലുണ്ടായ സമാന വീഴ്ചയാണ് കണ്ണങ്ങാട്ട് പാലത്തിലും ഉണ്ടായതെന്നിരിക്കെ റിപ്പോർട്ടിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്. പാലത്തിന്റെ കോൺക്രീറ്റ് ഗുണനിലവാരമില്ലെന്ന് എറണാകുളത്തെ ക്വാളിറ്റി കൺട്രോൾ വിഭാഗം കണ്ടെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പാലം നിർമിക്കാൻ കരാർ നൽകിയിരുന്നത്. തുടർന്ന് സ്വകാര്യ കമ്പനിക്ക് 18 ശതമാനത്തിലേറെ തുക നൽകി പാലം പൂർത്തിയാക്കുകയായിരുന്നു. നിർമാണത്തിനായി തയ്യാറാക്കിയ കോൺക്രീറ്റിന്റെ ഗുണനിലവാര പരിശോധന നടത്തി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയ റിപ്പോർട്ട് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് അട്ടിമറിച്ചെന്ന് ഹർജിയിൽ പറയുന്നു. നിർമാണം പൂർത്തീകരിക്കാത്ത പാലത്തിന്റെ ഉദ്ഘാടനം 2017 സെപ്തംബർ 25ന് നടത്തുകയും ചെയ്തു. അപ്രോച്ച് റോഡിന്റ നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കാത്തതിനാൽ പാലത്തിലുടെ പൂർണമായ വാഹന ഗതാഗം ഇനിയും ആരംഭിച്ചിട്ടില്ല. ബൈപ്പാസിലേയും തോപ്പുംപടി വഴി ദേശീയപാതയിലേക്കുമുള്ള ഗതാഗതകുരുക്ക് ഒഴിവാക്കാനാണ് പുതിയ പാലം നിർമിച്ചത്.
വിദഗ്ദ്ധ സമിതി പരിശോധിക്കണം
പാലത്തിന്റെ നിർമ്മാണത്തിലെ അപാകത കണ്ടെത്താൻ വിദഗ്ദ്ധ സമിതി പരിശോധന നടത്തണം. വലിയ വാഹനങ്ങൾ കടന്നു പോകാതിരുന്നിട്ടും വിള്ളൽ വീണ പാലത്തിന്റെ അവസ്ഥ അപകടകരമാണ്. കൃത്യമായി പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. പാലത്തിന്റെ നിർമ്മാണത്തെ കുറിച്ച് അന്വേഷണം നടത്തണം.
ജോൺ ഫെർണാണ്ടസ്, എം.എൽ.എ