കോട്ടയം: കോട്ടയം ആർ.ടി ഓഫീസിൽ പരിശോധനയ്ക്കെത്തിയ വിജിലൻസ് സംഘം ഞെട്ടിപ്പോയി!
ഫയലുകൾക്കിടയിലും ചവറ്റുകുട്ടയിലും കെട്ടുകണക്കിന് നോട്ടുകൾ. കൂടാതെ പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിലെ ഇടനാഴിയിൽ നോട്ടുകൾ പാറിപ്പറക്കുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. വിജിലൻസ് എസ്.പി വി.ജി വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആർ.ടി.ഓഫീസിൽ എത്തിയതോടെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി പണം ഫയലുകൾക്കിടയിലും ചവറ്റുകൊട്ടയിലും ഒളിപ്പിച്ചുവച്ചത്. ചവറ്റുകൊട്ടയിൽ നിന്ന് കിട്ടിയത് 6780 രൂപ. എസ്.പി.യെ കണ്ട് ഓഫീസിൽ നിന്നും ഇറങ്ങിയോടിയ എം.വി.ഐ പി.ഇ.ഷാജി നോട്ടുകൾ ഓടുന്നതിനിടയിൽ വലിച്ചെറിഞ്ഞു. ഇത് പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിലെ ഇടനാഴിയിൽ ചിതറിക്കിടക്കുകയായിരുന്നു. 870 രൂപയാണ് ഇടനാഴിയിൽ നിന്ന് പെറുക്കിയെടുത്തത്.
ലൈസൻസ് കൃത്യ സമയത്ത് നൽകുന്നില്ലെന്നും ആർ.സി ബുക്കുകൾ കൈകാര്യം ചെയ്യുന്നത് ഏജന്റുമാരാണെന്നുമുള്ള പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയത്.
വൈകിട്ട് അഞ്ചു മണിയ്‌ക്ക് ഓഫീസ് സമയത്തിന് ശേഷം ഏജന്റുമാർക്കു വേണ്ടി അധിക നേരം ഉദ്യോഗസ്ഥർ ഓഫീസിൽ കറങ്ങുന്നതായും കൃത്യമായ വിവരം വിജിലൻസിന് ലഭിച്ചിരുന്നു.
ആർ.ടി ഓഫീസിലെ വരാന്തയിൽ നിന്ന ഏജന്റുമാരെയും വിജിലൻസ് ചോദ്യം ചെയ്തു. ഇവരുടെ കൈയിൽ നിന്ന് വിജിലൻസ് സംഘം 90 ആർ.സി ബുക്കുകൾ പിടിച്ചെടുത്തു. കഴിഞ്ഞ ഏപ്രിലിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായ 372 പേരുടെ ലൈസൻസുകൾ ഇതുവരെ അയച്ചുകൊടുത്തിട്ടില്ലെന്ന്പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ പൊലീസ് റിപ്പോർട്ട് നൽകിയ എട്ട് പേർക്ക് നോട്ടീസ് അയച്ചിട്ടില്ല. ലൈസൻസ് റദ്ദ് ചെയ്യാൻ പൊലീസ് റിപ്പോർട്ട് സമർപ്പിച്ച അഞ്ചു ലൈസൻസുകൾ മതിയായ കാരണമില്ലാതെ ഫയലിൽ സൂക്ഷിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഇതുവരെയും സ്റ്റേഷനുകളിലേയ്‌ക്ക് അയച്ചു കൊടുത്തിട്ടുമില്ല.
വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജന്റെ നേതൃത്വത്തിൽ സി.ഐമാരായ എ.ജെ തോമസ്, റിജോ പി.ജോസഫ്, വി.എ നിഷാദ്‌മോൻ, രാജൻ കെ.അരമന, ജെർളിൻ വി സ്‌കറിയ, വിജിലൻസ് ഉദ്യോഗസ്ഥരായ അജിത് ശങ്കർ, ജയചന്ദ്രൻ, തുളസീധരകുറുപ്പ്, ഷാജി, തോമസ്, ബിനു, സന്തോഷ്, വിൻസന്റ് എന്നിവർ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.