ഒരു കുടുംബം കാണാൻ വന്നു. ഭാര്യ കോളേജ് അദ്ധ്യാപിക; ഭർത്താവ് കംപ്യൂട്ടർ രംഗത്ത് കോളേജ് അദ്ധ്യാപകൻ. ഭർത്താവ് ഒരു ഗുരുഭക്തൻ. ഭാര്യ ഗുരുഭക്തിയിലേക്കു കടന്നുവരുന്നതേയുള്ളൂ. ഭാര്യയ്ക്കൊരാഗ്രഹം: നാരായണഗുരുവിനെപ്പറ്റി ഒരു ഗവേഷണപഠനം നടത്തണം. പഠിച്ചതും പഠിപ്പിക്കുന്നതും ഇംഗ്ളീഷ് സാഹിത്യമായതുകൊണ്ട് ഗുരുവിന്റെ ദാർശനികതയിലേക്കു കടന്നുകയറാൻ പ്രയാസം തോന്നുന്നു.
ഗുരുവിന്റെ കൃതികളിലെ സാഹിത്യമൂല്യം ഇംഗ്ളീഷ് സാഹിത്യനിരൂപണ തത്ത്വങ്ങൾ വച്ചുകൊണ്ട് വിലയിരുത്തി പഠിച്ചാലോ എന്നാണ് ആലോചന.
ഞാൻ പറഞ്ഞു: ഗുരു പാശ്ചാത്യനായിരുന്നില്ല. ഇംഗ്ളീഷ് സാഹിത്യവും ഗുരുവിനു പരിചിതമായിരുന്നില്ല. സാഹിത്യമൂല്യം വച്ചുകൊണ്ടു നോക്കിയാൽ ഗുരു തികച്ചും ഭാരതീയനായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ സൃഷ്ടിയായിരുന്നു, ഗുരു. ഭാരതത്തിനുമുണ്ട് അതിന്റേതായ കാവ്യശാസ്ത്രം. സാംസ്കാരികപശ്ചാത്തലം വച്ചുനോക്കിയാൽ, ഭാരതീയ കാവ്യശാസ്ത്ര തത്ത്വങ്ങൾ വച്ചുകൊണ്ടുവേണം ഗുരുകൃതികളിലെ സാഹിത്യമൂല്യം കണ്ടെത്താൻ ശ്രമിക്കേണ്ടത്. എന്നാൽ ഗുരുവിന്റെ കാവ്യകല്പനകൾക്കൊരു പ്രത്യേകതയുണ്ട്. അവ പൗരസ്ത്യമോ പാശ്ചാത്യമോ ആയ ഒരു സാഹിത്യനിരൂപണ മാനദണ്ഡങ്ങളുടെയും മൂശയിൽ ഒതുങ്ങിനില്ക്കുന്നതല്ല. അതു തന്നെയാണ് ഗുരുവിലെ ദാർശനികതയുടെയും സ്ഥിതി. അത് പൗരസ്ത്യമോ പാശ്ചാത്യമോ ആയ ഒരു 'ഇസ"ത്തിന്റെയും പരിധിയിൽ ഒതുങ്ങുന്നതല്ല; നിലവിലുള്ള പരമ്പരാഗതമായ അദ്വൈതമതത്തിന്റെ പരിധിയിൽപ്പോലും. അതുകൊണ്ട് ഒരു കാര്യം ചെയ്യുക: പൗരസ്ത്യവും പാശ്ചാത്യവുമായ സാഹിത്യവിമർശനശാസ്ത്രവും കാവ്യശാസ്ത്രവും നന്നായി പഠിച്ചിട്ട്, ഈ രണ്ടിന്റെയും വെളിച്ചത്തിൽ ഗുരുകൃതികളിലെ സാഹിത്യമൂല്യം പരിശോധിക്കുക. അതേസമയം ഈ രണ്ട് മാനദണ്ഡങ്ങളും വച്ചുകൊണ്ട് വിലയിരുത്താനാവാത്ത തരത്തിൽ, രണ്ടിനും അപ്പുറത്തു നില്ക്കുന്നതും, ഗുരുവിന്റെ തനിമ പ്രകടമായി കാണിക്കുന്നതുമായ സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടുക. അത്തരത്തിലുള്ളതാണ് സാഹിത്യപരമായ ഗുരുവിന്റെ തനിമയെന്നു സ്ഥാപിക്കുക. അങ്ങനെയുള്ള തനിമയെ, ഒരു സമ്പ്രദായത്തെയും പിൻപറ്റാതെ ഗുരുവിനോടു തന്നെ ഒട്ടിനിന്നുകൊണ്ട് ആസ്വദിക്കാൻ ശ്രമിക്കുക. ഇതുതന്നെയാകട്ടെ ഗവേഷണ വിഷയം. അപ്പോൾ ഭർത്താവ് ചോദിക്കുന്നു: എന്തുകൊണ്ടാണ് ഇത്രയും സാഹിത്യമൂല്യമുള്ള രചനകൾ നടത്തിയ ഗുരുവിനെ മലയാള സാഹിത്യ ചരിത്രകാരന്മാർ കവിയായി കണക്കിലെടുക്കാത്തത്?
ഞാൻ പറഞ്ഞു:
രണ്ടു കാര്യങ്ങളാണ് ഞാൻ കാണുന്നത്. ഒന്ന്, അപൂർവ കാവ്യഭാവനയുടെ ഉടമയായിരുന്നു നാരായണഗുരുവെങ്കിലും, ഗുരുവിന്റെ ഭാവന ചെറുപ്പകാലത്തു വ്യാപരിച്ചിരുന്നത് ദാർശനികതയിൽ ഊന്നിനില്ക്കുന്ന ഭക്തിയിലും, പിന്നീട് സത്യദർശനത്തിൽ എത്തിനില്ക്കുന്ന ദാർശനികതയിലും ആണ്. ഇതുരണ്ടുമല്ല സാധാരണ കവികൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ. ജീവിതസന്ദർഭങ്ങൾ, പ്രേമം, പ്രകൃതിസൗന്ദര്യം ഇതൊക്കെയാണ് അവർക്ക് പരിചിതമായ വിഷയങ്ങൾ. സാഹിത്യവിമർശകരും സാഹിത്യചരിത്രകാരന്മാരും ആധുനിക കാലത്ത് ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരെ മാത്രമേ കവിയായി കണക്കാക്കാറുള്ളൂ. എഴുത്തച്ഛന്റെയും മറ്റും കാലത്ത് ഭക്തിസാഹിത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് അങ്ങനെയുള്ളവരെ കവികളായി അംഗീകരിക്കാതെ നിവൃത്തിയില്ലായിരുന്നു. ഇക്കാലത്താകട്ടെ, ഭക്തിസാഹിത്യത്തെയും ദാർശനിക സാഹിത്യത്തെയും സാഹിത്യവേദിയിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. രണ്ടാമത്തെ കാരണം, ഗുരുവിന്റെ അത്യപൂർവമായ കാവ്യഭാവനകൾ, പാശ്ചാത്യമോ പൗരസ്ത്യമോ ആയ സാഹിത്യശാസ്ത്രതത്ത്വങ്ങളെ വച്ചുകൊണ്ട് അളന്ന് ആസ്വദിക്കാവുന്ന തലത്തിനപ്പുറത്തുള്ളതാണ് എന്നതാണ്. അതുപോലെ സാഹിത്യചരിത്രകാരന്മാരുടെയും വിമർശകരുടെയും ചിന്തയ്ക്ക് എത്തിപ്പിടിക്കാനാവാത്തതരം തനിമയുള്ളതാണ്, ഗുരുവിന്റെ ദാർശനികതയുടെയും ഭക്തിയുടെയും ഉൾക്കട്ടിയുള്ള ഉദാത്തമായ കാവ്യഭാവനകൾ.
ഇക്കാരണങ്ങൾ കൊണ്ടാണ് ഗുരുകൃതികളെ സ്കൂളുകളിലെയോ കോളേജുകളിലെയോ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രയാസമുള്ളത്. അവ വേണ്ടവണ്ണം അർത്ഥമറിഞ്ഞ് പഠിപ്പിക്കാൻ ഒരു മലയാള അദ്ധ്യാപകനും കഴിയുകയില്ല. ഉദാഹരണത്തിന്, ദൈവദശകം എന്ന പ്രാർത്ഥന വളരെ ലളിതമായ മലയാളത്തിൽ എഴുതിയതാണ്. എന്നാൽ അതിലെ ആഴത്തിലുള്ള അർത്ഥതലങ്ങൾ കണ്ടെത്തി പഠിപ്പിക്കാൻ എത്ര മലയാളം അദ്ധ്യാപകർക്കു കഴിയും?
സാഹിത്യകാരന്മാർക്കും സാഹിത്യവിമർശകർക്കും എത്തിപ്പിടിക്കാനാവാത്ത കാവ്യഗുണങ്ങളുള്ളതായതുകൊണ്ട് അവർ, ആ അപൂർവമായ തനിമയുള്ള കാവ്യഗുണങ്ങളോടു കൂടിയ ഗുരുകൃതികളെ സാഹിത്യരംഗത്തുനിന്ന് ഒഴിവാക്കി നിറുത്തി, അവർക്കു മനസിലാകാത്തത് എന്നതരത്തിൽ.
ചിലരെങ്കിലും കരുതുന്നുണ്ട്, ജാതീയമായ വിവേചനം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന്. അങ്ങനെയാണെങ്കിൽ കുമാരനാശാനെയും അകറ്റി നിറുത്തണമായിരുന്നല്ലോ?
മാത്രമല്ല, സമകാലീനജനതയുടെയും ഇന്നത്തെ തലമുറയിലുള്ളവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്, കവിയായ നാരായണഗുരുവല്ല, ഗുരുവായ നാരായണഗുരുവാണ്: അതും സാമൂഹ്യപരിഷ്കരണരംഗത്തു പ്രവർത്തിച്ച ഗുരുവെന്ന നിലയിൽ. പരമമായ സത്യത്തിന്റെ അദ്വൈതത കണ്ടെത്തി, ആ ദർശനരഹസ്യത്തെ കാവ്യമയമാക്കിത്തീർക്കുകയും, ജിജ്ഞാസുക്കൾക്കു മാത്രം അതിന്റെ രഹസ്യം വെളിപ്പെടുത്തിക്കൊടുക്കുകയും, ആ സത്യത്തിന്റെ മൂർത്തരൂപമെന്ന നിലയിൽ ജീവിക്കുകയും ചെയ്ത ഗുരുവിനെ കാണാനുള്ള കണ്ണ്, അന്നും ഇന്നും, സാഹിത്യവിമർശകർക്കോ സാഹിത്യചരിത്രകാരന്മാർക്കോ, ഇക്കാലത്തു ഗുരുവിനെ സ്വന്തമാക്കിത്തീർക്കാൻ വെമ്പൽകൊള്ളുന്ന രാഷ്ട്രീയനേതാക്കന്മാർക്കോ, സമുദായനേതാക്കന്മാർക്കോ, സാമൂഹ്യപ്രവർത്തകർക്കോ, ഏതെങ്കിലും 'ഇസ"ങ്ങളുടെ ചട്ടക്കൂട്ടിൽ ഒതുങ്ങിനിന്നുകൊണ്ട് ചിന്തിക്കുന്ന ചിന്തകർക്കോ ഇല്ല എന്നതാണ് വാസ്തവം.
ഗുരുവിന്റെ ദാർശനികചിന്തയും, ഭക്തിഭാവവും, സാമൂഹികമായ കാര്യങ്ങളിൽ ഗുരു ഇടപെട്ടതിന്റെ സ്വഭാവവും, ഇതിന്റെയൊക്കെ ഉള്ളറ വെളിപ്പെടുത്തുന്നതിലെ കാവ്യാത്മകതയും ഗുരുവിന്റേതു മാത്രമാണ്, ഗുരുവിന്റേതു മാത്രമായ തനിമയുള്ളതാണ്.