anthoor-nri-suicide

തിരുവനന്തപുരം: കണ്ണൂരിലെ ആന്തൂർ നഗരസഭാധികൃതർ കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകാത്തതിൽ മനംനൊന്ത് പ്രവാസി വ്യവസായി പാറയിൽ സാജന് ജീവനൊടുക്കേണ്ടിവന്ന സംഭവം സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനുള്ള സർക്കാർ നീക്കങ്ങൾക്ക് തിരിച്ചടിയാവും. തൊഴിൽ നിയമങ്ങളിലുൾപ്പെടെ ഭേദഗതി വരുത്തി സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് ഒരു നഗരസഭയുടെ പിടിവാശി കാരണം കേരളത്തെ ഞെട്ടിച്ച ആന്തൂർ സംഭവം ഉണ്ടാവുന്നത്. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷമാണ് സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ ചുമട്ട് തൊഴിലാളി നിയമമുൾപ്പെടെയുള്ള നിയമങ്ങൾ ഭേദഗതി ചെയ്തത്. സംസ്ഥാന സർക്കാർ സംരംഭമായ കെ.എസ്.ഐ.ഡി.സിയാണ് ഇതിന് മുന്നിട്ടിറങ്ങിയത്. അന്താരാഷ്ട കൺസൾട്ടിംഗ് കമ്പനിയായ കെ.പി.എം.ജി ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പുതിയ നിയമ ഭേദഗതികൾ വന്നിട്ടും കേന്ദ്ര വ്യവസായ വകുപ്പിന്റെ നിക്ഷേപ സൗഹൃദ പട്ടികയിൽ 21 ാം സ്ഥാനമായിരുന്നു കേരളത്തിന്. 20 ാം സ്ഥാനത്തായിരുന്ന കേരളം ആദ്യ പത്തിൽ കയറാനാണ് ശ്രമിച്ചതെങ്കിലും ഒരു പടി പിന്നോട്ട് പോവുകയായിരുന്നു.

ഏറ്രവുമധികം പ്രവാസികളുള്ള നാട്ടിൽ സമ്പദ് വ്യവസ്ഥയെ വിദേശ റെമിറ്റൻസ് സ്വാധീനിച്ചിട്ടും കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാനായി നിക്ഷേപകർ വരാതിരിക്കുന്നത് ചർച്ചയായിരുന്നു. തുടർന്നാണ് നോക്കുകൂലി തടയുന്നതുൾപ്പെടെയുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് വന്നത്. എന്നാൽ അതും പൂർണമായും ഇല്ലാതാക്കാനായിട്ടില്ല. വ്യവസായങ്ങൾക്ക് പെട്ടെന്ന് അനുമതി നൽകാൻ ഏകജാലക സംവിധാനവും തുടങ്ങിയിരുന്നു. 'കെ സ്വിഫ്റ്ര്' എന്ന വെബ്സൈറ്ര് മുഖേനയായിരുന്നു രജിസ്ട്രേഷൻ. കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ വന്നാൽ മാത്രമേ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകൂ എന്ന കാര്യത്തിൽ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥ മേധാവികൾക്കും നിശ്ചയമുണ്ടായിരുന്നു. എന്നാൽ, താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർ ഈ മാറ്രങ്ങൾ ഉൾക്കൊള്ളാത്തതാണ് മുന്നോട്ടുള്ള കുതിപ്പിന് ഇപ്പോഴും തടസം നിൽക്കുന്നത്. ആന്തൂരിലേതുപോലുള്ള സംഭവങ്ങൾ നടക്കുന്നതും ഇതിനാലാണ്.

ലോകത്തിലെ 190 രാജ്യങ്ങളിലെ വ്യവസായ സൗഹൃദ പട്ടിക ലോകബാങ്ക് തയ്യാറാക്കിയപ്പോൾ ഇന്ത്യ ഇക്കുറി 100ാം സ്ഥാനത്തെത്തിയിരുന്നു. 130ൽ നിന്നായിരുന്നു ഈ കയറ്റം. വ്യവസായം തുടങ്ങാനാവശ്യമായ പ്രാംരംഭ പ്രവർത്തനം, കെട്ടിട നിർമ്മാണാനുമതി- വൈദ്യുതി ലഭ്യമാക്കൽ, വസ്തു രജിസ്ട്രേഷൻ, വായ്പ ലഭ്യമാക്കൽ, നികുതി അടയ്ക്കാനുള്ള സൗകര്യം, വിദേശ വ്യാപാര സൗകര്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് ലോകബാങ്ക് നിക്ഷേപ സൗഹൃദാന്തരീക്ഷം മനസിലാക്കുന്നത്. ദേശീയ തലത്തിലാണെങ്കിൽ ഇതോടൊപ്പം സംരംഭകരിൽ നിന്നുള്ള അഭിപ്രായം തേടാനുള്ള ശ്രമവും കേന്ദ്ര മന്ത്രാലയം നടത്താറുണ്ട്. എന്നാൽ, നിക്ഷേപം നടത്താൻ വരുന്നവരോട് ശത്രുതാ മനോഭാവത്തോടെ ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും പെരുമാറിയാൽ കേരളത്തിലേക്ക് നിക്ഷേപകരാരും വരില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കെ.എസ്.ഐ.ഡി.സിയും സർക്കാരും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാൻ നടത്തുന്ന മുഴുവൻ നീക്കങ്ങൾക്കും ആന്തൂർ സംഭവം തിരിച്ചടിയുണ്ടാക്കുമെന്നാണ് വ്യവസായ വകുപ്പിലെ ഉന്നതർ പറയുന്നത്.

വ്യവസായ സൗഹൃദം: മുന്നിലുള്ള സംസ്ഥാനങ്ങൾ

1.ആന്ധ്ര

2.തെലങ്കാന

3.ഹരിയാന

4.ജാർഖണ്ഡ്

5.ഗുജറാത്ത്

6.ഛത്തിസ്ഗഡ്

7.മദ്ധ്യപ്രദേശ്

8.കർണാടക

9.രാജസ്ഥാൻ

10.പശ്ചിമബംഗാൾ

(ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ പ്രകാരമുള്ളത്)

കേരളത്തിൽ ഭേദഗതി വരുത്തിയ നിയമങ്ങൾ

പഞ്ചായത്ത്- മുനിസിപ്പൽ നിയമങ്ങൾ, ഭൂഗർഭജല നിയന്ത്രണ നിയമം, ലിഫ്റ്ര് ആൻഡ് എസ്കലേറ്രേഴ്സ് നിയമം, ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്രാബ്ലിഷ്മെന്റ് ആക്ട്, ചുമട്ടുതൊഴിലാളി നിയമം, കേരള സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർ‌ഡ് ആൻഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ഡവലപ്പ്മെന്റ് ആക്ട്.