റഷ്യൻ ബോൾഷെവിക് വിപ്ലവത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ജനകീയജനാധിപത്യ വിപ്ലവമുണ്ടായത് നമ്മുടെ ആന്തൂരിലായിരുന്നു എന്ന് ചരിത്രരേഖകൾ പറയുന്നു. കോരൻപീടിക സ്റ്റാലിനും കോത്തായിമുക്ക് ക്രൂഷ്ചേവും ആണ് രാത്രിക്ക് രാത്രി മൊറാഴയിൽ വിപ്ലവാരിഷ്ടം കലക്കിയൊഴിച്ച് അവിടെ വിപ്ലവം വിരിയിച്ചത് എന്നറിയാത്ത ഒരു കുഞ്ഞും അന്നാട്ടിൽ ജീവിച്ചിരിപ്പില്ല. മുള്ള്, മുരട്, മൂർഖൻപാമ്പ് തൊട്ട് കല്ല്, കരട്, കാഞ്ഞിരക്കുറ്റി വരെ സകല ഇനങ്ങൾക്കും അന്നാട്ടിൽ വിപ്ലവബോധം കലശലായതിന് കാരണം ഈയൊരൊറ്റ സംഗതിയായിരുന്നു.
വിപ്ലവാനന്തരമുള്ള ജനകീയ ജനാധിപത്യ പരിപാടിയിൽ അണുവിട വ്യതിചലിക്കാതെ നീങ്ങാൻ ആന്തൂരിലെ കോമ്രേഡ് ശ്യാമളടീച്ചർ സദാ ജാഗരൂകയായിരുന്നു. വിദേശ ഫിനാൻസ് മൂലധനത്തെ അടുപ്പിക്കരുതെന്ന് ചട്ടംകെട്ടിയതും അതിനാലായിരുന്നു. അതിനിടയിലാണ് ഏതോ സാമ്രാജ്യത്വ ഏജന്റ് കുലംകുത്തിയായി വന്ന് വിദേശ ഫിനാൻസ് മൂലധനമിറക്കി ഓഡിറ്റോറിയം കെട്ടാൻ തുനിഞ്ഞത്. വിപ്ലവം പൊളിഞ്ഞ് പാളീസാവാൻ അതു മതി. എന്ത് വില കൊടുത്തും ഇതിനോട് സന്ധിയില്ലാ പോരാട്ടം ടീച്ചർ പ്രഖ്യാപിച്ചത് അതുകൊണ്ടായിരുന്നു.
ടീച്ചർസഖാവിനെ സത്യത്തിലാരും തിരിച്ചറിയാത്തതാണ് കുഴപ്പമായത്. പാറയിൽ സാജനെന്നോ മറ്റോ പേരായ ബൂർഷ്വാസി ആത്മഹത്യ ചെയ്യേണ്ടി വന്നതും അതുകൊണ്ടായിരുന്നു. യഥാർത്ഥത്തിൽ അതൊരു ആത്മഹത്യയല്ലായിരുന്നെന്നും വിപ്ലവപ്പോരാട്ടം തിരിച്ചറിയാതെ അതിനെ തോല്പിക്കാൻ ശ്രമിച്ചതിന് നൽകേണ്ടി വന്ന വിലയാണെന്നും തളിപ്പറമ്പ് പ്രാവ്ദ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിദേശ ഫിനാൻസ് മൂലധനത്തെ അപ്പാടെ തള്ളിക്കളയേണ്ടെന്നും ചരടുകളില്ലാത്ത വിദേശമൂലധനമാകാമെന്നും പാർട്ടി പരിപാടി തിരുത്തിയിരുന്നെന്ന് ചിലർ തർക്കിക്കുന്നുണ്ട്. പക്ഷേ, അതിനും ചില നിബന്ധനകളൊക്കെ ഉണ്ടായിരുന്നെന്ന് താർക്കികർ തിരിച്ചറിയേണ്ടേ?
ഉദാഹരണത്തിന് ആന്തൂർ മുനിസിപ്പാലിറ്റിയിൽ വിദേശവ്യവസായി ഒരു ഓഡിറ്റോറിയം കെട്ടുന്നുവെന്ന് വിചാരിക്കുക. അതിന് ആദ്യമായി ചെയ്യേണ്ടത് ആന്തൂർ മുനിസിപ്പൽ ചെയർപേഴ്സണിന്റെ ഒരു പൂർണകായപ്രതിമ ഓഡിറ്റോറിയം വളപ്പിൽ സ്ഥാപിക്കുകയാണ്. ചെയർപേഴ്സണിന് കേന്ദ്രകമ്മിറ്റിയംഗമായ ഭർത്താവുണ്ടെങ്കിൽ ആ സഖാവിന്റെ ഒരു അർദ്ധകായപ്രതിമ കൂടി വേണമെങ്കിലാവാം. അത് നിർബന്ധമില്ല. അതോടെ ആ ഓഡിറ്റോറിയത്തിന് പിന്നിലെ വിദേശമൂലധനത്തിന്റെ ചരടുകളെല്ലാം അറ്റുപോവും.
ഇതൊന്നും മനസിലാക്കാത്ത പാറയിൽ സാജൻ പോയി പ്രതിവിപ്ലവത്തിന് തുനിയരുതായിരുന്നു. പ്രതിവിപ്ലവകാരികൾക്കുള്ള ശിക്ഷ ചെയർപേഴ്സൺ ടീച്ചർ പ്രത്യേകം കരുതിവയ്ക്കാറാണ് പതിവ്. ഓഡിറ്റോറിയത്തിന് ലൈസൻസ് കൊക്കിൽ ജീവനുള്ളിടത്തോളം കിട്ടുമെന്ന് കരുതേണ്ടെന്ന് സഖാവ് ചെയർപേഴ്സൺ അറുത്തുമുറിച്ച് പറഞ്ഞതും അതുകൊണ്ടാണ്.
പാറയിൽ സാജൻ ജയരാജൻ സഖാവിനോട് പറഞ്ഞിട്ടും ലൈസൻസ് കിട്ടിയില്ലെന്നാണ് പറയുന്നത്. 'കുറുനരി ലക്ഷം കൂടുകിലും ഒരു ചെറുപുലിയോട് ഫലിക്കില്ലേതും" എന്ന് കുഞ്ചൻനമ്പ്യാർ പാടിയതെങ്കിലും ഓർത്തിരുന്നെങ്കിൽ ഇങ്ങനെയൊരബദ്ധം ഏത് ബൂർഷ്വാസിക്കും സംഭവിക്കില്ലായിരുന്നു.
ഏത് ഉറക്കപ്പായിൽ നിന്ന് വിളിച്ചെഴുന്നേല്പിച്ച് ചോദിച്ചാലും കേരള കോൺഗ്രസിന്റെ ഭരണഘടനയിലെ നാല്പത്തിയെട്ടാം പേജിലെ നാലാമത്തെ ഖണ്ഡികയിലെ ഏഴാമത്തെ വരിയിലെഴുതിവച്ച വാക്യത്തിലെ നാലാമത്തെ അക്ഷരമേതെന്ന് ചോദിച്ചാൽ, 'ഖ" തന്നെയെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം തൊടുപുഴയിലെ പാറപ്പുഴ ഔസേപ്പച്ചൻ പറഞ്ഞുതരും. എന്നിട്ട് തൃപ്തിയാകാത്തവർക്ക് വേണ്ടി രണ്ട് പാട്ടും പാടിക്കൊടുക്കുന്നതാണ് ഔസേപ്പച്ചന്റെ ശീലം. ആൾ തികഞ്ഞ കർഷകനാണ്. വെളുപ്പിന് നാല് മണിക്കെണീറ്റ് പശുത്തൊഴുത്തിലെത്തി പാൽ കറന്ന് വില്പന നടത്തുന്നയാളാണ്.
അങ്ങനെയുള്ള ഔസേപ്പച്ചന്റെ കണ്ണുവെട്ടിച്ച് ജോസ്മോൻ ചില വേലത്തരങ്ങൾ കാട്ടിയാൽ വേല, വേലായുധനോട് വേണ്ട എന്ന് മാത്രമേ ഔസേപ്പച്ചൻ പറയൂ. മർമ്മാണിയെ മർമ്മം പഠിപ്പിച്ചാൽ എങ്ങനെയിരിക്കും എന്നാണ് ഔസേപ്പച്ചന്റെ ശിങ്കിടിയായ മോൻസിച്ചായൻ ചോദിക്കുക.
ജോസ്മോനെ കുതിരപ്പുറത്ത് കേറ്റി ചിലരെല്ലാം കൊണ്ടുനടക്കുന്നത് കണ്ടിട്ട് ഔസേപ്പച്ചന് ചിരിക്കണോ, കരയണോ എന്ന് നിശ്ചയമില്ലായിരുന്നു. ജോസ്മോന്റെ വേലത്തരങ്ങൾ കണ്ട ഔസേപ്പച്ചന് ഏതോ ഫാൻസ് അസോസിയേഷൻ മീറ്റിംഗായാണ് അനുഭവപ്പെട്ടത്. ഫാൻസ് അസോസിയേഷൻ മീറ്റിംഗും സംസ്ഥാനകമ്മിറ്റി മീറ്റിംഗും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന് കേ.കോ. ഭരണഘടനയുടെ അമ്പത്തിയെട്ടാം പേജിന്റെ അറുപത്തിയാറാം ഖണ്ഡികയിൽ കൃത്യമായി വിവരിച്ചിട്ടുള്ളത് കൊണ്ടായിരുന്നു ഇക്കാര്യത്തിൽ ഔസേപ്പച്ചൻ സുചിന്തിതമായി അഭിപ്രായം പറഞ്ഞത്. ഒരു ദശാസന്ധിയിലെത്തിയാൽ കേ.കോ. പിളരണമെന്നും ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ചുള്ള കാര്യങ്ങളാണിപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നതിനാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തെങ്കിലും പറയുന്നത് വരെ കാത്തിരിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ. അതുവരെ ഔസേപ്പച്ചനും ആ ഭരണഘടനയിൽ പിടിച്ചിരിക്കട്ടെ.
ഇ-മെയിൽ: dronar.keralakaumudi@gmail.com