shibla1

ബോളിവുഡ് താരസുന്ദരിമാർ വിവാഹ ശേഷവും പ്രസവ ശേഷവുമൊക്കെ തടി കുറച്ച് സൈസ് സീറോയിലെത്തുന്നത് വലിയ വാർത്തയാകാറുണ്ട്. അതുപോലെ വിക്രം, ആമിർ ഖാൻ, ജയസൂര്യ തുടങ്ങിയ നടന്മാർ കഥാപാത്രങ്ങളുടെ മേക്കോവറിനായി മെലിയുന്നതും തടിക്കുന്നതും ഒക്കെ വാർത്തയായി പ്രേക്ഷകരിലെത്താറുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ പുതിയൊരു നായിക എത്തുകയാണ് തടി കൂട്ടാനും മെലിയാനും ഒക്കെ റെഡിയായിട്ട്.

വെറുതേ പറയുകയല്ല താരം തെളിയിച്ചു തന്നിരിക്കുകയാണ് താൻ നായികയാകുന്ന ആദ്യ ചിത്രത്തിലൂടെ. ആസിഫ് അലി നായകനാകുന്ന കക്ഷി അമ്മിണിപ്പിള്ളയിലെ ഹീറോയിൻ ഫറ ഷിബ്‌ലയാണ് ഏതുതരം മേക്കോവറിനും തയാറായി എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ളയിലെ നായിക കാന്തി ശിവദാസനാകാൻ 20 കിലോ ശരീരഭാരമാണ് ഫറ വർദ്ധിപ്പിച്ചത്.‌‌

ക്ളിനിക്കൽ സൈക്കോളജിസ്റ്റും അവതാരകയും സഹതാരവുമൊക്കെയായ ഷിബ്‌ലയുടെ ആദ്യ നായികാ ചിത്രമാണിത്. തടിയുള്ള പെൺകുട്ടിയുടെ വിവാഹശേഷം അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇതിനായി 68 കിലോയിൽ നിന്നും 85 കിലോയിലേയ്ക്കും സിനിമാ ചിത്രീകരണം കഴിഞ്ഞ് തിരികെ വീണ്ടും 63 കിലോയിലേക്കും എത്തിയ ഷിബ്‌ലയുടെ മേക്കോവർ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആറു മാസം കൊണ്ടാണ് ഫറ 20 കിലോ കൂട്ടിയത്. ഡിസംബറിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോൾ 85 കിലോയായിരുന്നു ഷിബ്‌ലയുടെ ഭാരം. അതിനുശേഷം മൂന്നു മാസം കൊണ്ട് 15 കിലോ കുറച്ചുകഴിഞ്ഞു. 10 കിലോ കൂടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരം.

‘ദം ലഗാ കേ അയ്ഷ എന്ന സിനിമയിൽ ഭൂമി പഡ്നേക്കർ ചിത്രത്തിനു വേണ്ടി തടികൂട്ടിയിരുന്നു. അതുകണ്ട് ഞാൻ അന്തംവിട്ടിരുന്നിട്ടുണ്ട്. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്, എന്നാണ് തടിയുള്ള നായിക മലയാളത്തിൽ ഉണ്ടാവുക എന്ന്. ഇപ്പോൾ ചില മാറ്റങ്ങളൊക്കെ സിനിമയിൽ സംഭവിച്ചിട്ടുണ്ട്. പ്ലസ് സൈസ് എന്നത് ഇപ്പോൾ സമൂഹത്തിൽ സാധാരണയാണ്. നാട്ടിൻപുറത്തൊക്കെയാണെങ്കിലും തടിയെക്കുറിച്ച് ആശങ്കപ്പെടാത്ത നിരവധി പെൺകുട്ടികളെ കാണാൻ കഴിയുന്നുണ്ട്. നടിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ്. ഇടയ്ക്ക് അവതരണവും ചെയ്യുമായിരുന്നു. എന്റെ സുഹൃത്ത് ആണ് സിനിമയുടെ ഓഡിഷന് പോകാൻ പ്രേരണയായത്. വീട്ടിൽ അമ്മയും ഭർത്താവും പൂർണ പിന്തുണ തന്നു. തടിച്ചയാളെയാണ് വേണ്ടതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓഡിഷന് പോയത്. പൊതുവേ തടിക്കുന്ന ശരീരപ്രകൃതിയായതിനാൽ ഡയറ്റിംഗും സൂംബയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ വന്നിരിക്കുന്നവരെല്ലാം നല്ല തടിയുള്ളവർ. പക്ഷേ, കൂട്ടത്തിൽ ഏറ്റവും തടികുറഞ്ഞ എന്നെയാണ് അവർ തിരഞ്ഞെടുത്തത്'- ഷിബ്‌ല പറയുന്നു.

ചിത്രീകരണം കഴിഞ്ഞ ശേഷം തടി കുറയ്ക്കാനായി ശ്രമം തുടങ്ങി. പെട്ടെന്നൊരു മാറ്റം വലിയ കഷ്ടപ്പാടായിരുന്നു. അതിനായി ജിമ്മിൽ പോയി. ആദ്യം പോകാൻ മടിയായിരുന്നു. വണ്ണം കുറഞ്ഞു തുടങ്ങിയതോടെ ജിമ്മിൽ പോകാനും വർക്കൗട്ട് ചെയ്യാനും വളരെ താത്പര്യമായി. ദിവസവും രണ്ട് മണിക്കൂർ ജിമ്മിൽ ചെലവഴിക്കുന്നുണ്ട്. ഇതോടൊപ്പം സൂംബയും ചെയ്യുന്നുണ്ട്. ഡയറ്റുമുണ്ട്. ഒരു പത്തു കിലോ കൂടി കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് താരം പറയുന്നു.