toilets

കടയ്ക്കാവൂർ : ബഹുനില മന്ദിരങ്ങൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങളുണ്ടെങ്കിലും വേണ്ടത്ര ശൗചാലയ സൗകര്യമില്ലാത്ത അവസ്ഥയാണ് കടയ്ക്കാവൂർ ശ്രീനാരായണ ഗവ. ഹയർസെക്കൻഡറി സ്കൂളിലെന്ന് ആക്ഷേപം. പെൺകുട്ടികൾ ഉൾപ്പെടെ അഞ്ഞൂറോളം വിദ്യാർത്ഥികളും ജീവനക്കാരും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഇവിടെ. നിരവധി ശൗചാലയങ്ങൾ ഉണ്ടെങ്കിലും നിലവിൽ മൂന്നെണ്ണം മാത്രമേ ഉപയോഗയോഗ്യമായിട്ടുളളൂവെന്നാണ് വിദ്യാർത്ഥികളുടെ പരാതി. ബാക്കിയുളളവയെല്ലാം കാലപ്പഴക്കത്താൽ ഇടിഞ്ഞ് പൊളിഞ്ഞു. സ്കൂൾ ശുചീകരണ ജീവനക്കാരി സ്ഥലം മാറിപോയിട്ട് വർഷങ്ങളായെങ്കിലും പകരം ആളിനെ ഇതുവരെയും നിയമിച്ചിട്ടില്ല. തുച്ഛമായ ശമ്പളത്തിന് പി.ടി.എ ഒരാളെ നിയമിച്ചിണ്ടെങ്കിലും ശുചീകരണം ശരിയായ നിലയിൽ നടക്കുന്നില്ലെന്ന് ആരോപണമുണ്ട്. കുട്ടികൾക്ക് കൈകഴുകാനും മറ്റുമായി സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന ഇരുപത് ടാപ്പുകൾ സാമൂഹ്യവിരുദ്ധർ മാസങ്ങൾക്ക് മുൻപ് അടിച്ചുപാെട്ടിച്ചിരുന്നു. ഇത് മാറ്റി സ്ഥാപിച്ചിട്ടില്ല. പകരം ദൂരെയുള്ള പൈപ്പിൽ നിന്ന് ബക്കറ്റിൽ ശേഖരിച്ച് കൊണ്ട് വരുന്ന വെള്ളം അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നിശ്ചിത അളവിൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. മികച്ച അദ്ധ്യയനവും ശക്തമായ പി.ടി.എയും ഉണ്ടെന്നാണ് രക്ഷാകർത്താക്കൾ പറയുന്നത്. കഴിഞ്ഞ വർഷവും നല്ല വിജയശതമാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അടിയന്തരമായി ശൗചാലയം നിർമ്മിച്ചും ശുചീകരണത്തിനുളള ജീവനക്കാരെ നിയമിച്ചും സ്കൂളിന്റെ സുഗമമായ പ്രവർത്തനം ഉറപ്പ് വരുത്താൻ അധികൃതർ തയ്യാറാകണമെന്നതാണ് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ആവശ്യം. ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതനുസരിച്ച് ബി.ജെ.പി പഞ്ചായത്തംഗം സുകുട്ടൻ, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ജി. സാബു, സുജീഷ് തുടങ്ങിയവർ സ്കൂളിലെത്തി കാര്യങ്ങൾ മനസിലാക്കി പ്രിൻസിപ്പലിന്റെയും ആറ്റിങ്ങൽ ഡി.ഇ.ഒയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഉടനെ പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടി വരുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.