എസ് .എസ്.എൽ.സി മുതൽ സിവിൽസർവീസ് വരെയുള്ള പരീക്ഷകളിലും പിന്നീട് പഠിച്ച എല്ലാ കോഴ്സുകളിലും ഒന്നാംറാങ്ക് നേടി തലമുറകൾക്ക് പ്രചോദനമായി മാറിയ രാജുനാരായണസ്വാമി ഐ.എ.എസ് പദവി സംരക്ഷിക്കാൻ വലയുകയാണിപ്പോൾ. ഐ.എ.എസ് കസേരയിലിരുന്നുള്ള സ്വാമിയുടെ പ്രവർത്തനങ്ങൾ പരാജയമാണെന്നും ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥനാണ് സ്വാമിയെന്നുമാണ് ചീഫ്സെക്രട്ടറി ടോംജോസ് അദ്ധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ. ഓഫീസിൽ കൃത്യമായി വരാറില്ല, ഔദ്യോഗിക ജോലികൾ കൃത്യമായി ചെയ്യാറില്ല, കൃത്യമായി ഫയലുകൾ നോക്കാറില്ല, അവധി കഴിഞ്ഞെത്തിയാൽ സർക്കാരിനെ അറിയിക്കാറില്ല, ഉദ്യോഗസ്ഥ ഏകോപനം നടത്താറില്ല തുടങ്ങിയവയാണ് മറ്റ് കുറ്റങ്ങൾ.
കാര്യക്ഷമതയില്ലായ്മയാണ് കുറ്റമെങ്കിലും 28വർഷമായി സിവിൽ സർവീസിലുള്ള സ്വാമിക്കെതിരെ കേസോ വകുപ്പുതല നടപടിയോ ഉണ്ടായിട്ടില്ല. എഴുതിയ പരീക്ഷകളെല്ലാം ഒന്നാംറാങ്കോടെ വിജയിച്ച മറ്റൊരു മലയാളിയുണ്ടാവില്ല. റാങ്കുകളുടെ തോഴനായ സ്വാമി തുടക്കം മുതൽ മുതിർന്ന ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായിരുന്നു. ലഭിച്ചതെല്ലാം അപ്രധാന തസ്തികകൾ. 1991ബാച്ചുകാരനായ സ്വാമി മുപ്പതോളം തവണ സ്ഥലംമാറ്റപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സേവനം മടുത്ത് കേന്ദ്രഡെപ്യൂട്ടേഷനിൽ ചേക്കേറിയിട്ടും സ്ഥിതി സമാനമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് വരെ നീളുന്ന നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ പിരിച്ചുവിടാനുള്ള ശുപാർശ നടപ്പാക്കുക എളുപ്പമല്ല. ചീഫ്സെക്രട്ടറി സമിതിയുടെ ശുപാർശയ്ക്ക് മുഖ്യമന്ത്രി പിണറായിവിജയനും അനുമതി നൽകിയേക്കില്ല.
വിവാദം മുൻപും
യു.ഡി.എഫ് ഭരണകാലത്ത് ചീഫ്സെക്രട്ടറി വ്യക്തിവൈരാഗ്യത്തെ തുടർന്ന് പീഡിപ്പിക്കുന്നതായും മനപ്പൂർവം ദ്റോഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഐ.എ.എസ് അസോസിയേഷന് സ്വാമി കത്തുനൽകുകയും അത് പരസ്യമാക്കുകയും ചെയ്തിരുന്നു. പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പിൽ സെക്രട്ടറിയായ താൻ സർക്കാർ അനുമതിയോടെ നടത്തിയ വിദേശയാത്ര നിയമവിരുദ്ധമെന്ന് വരുത്തിതീർത്ത് കേസിൽ കുരുക്കാൻ ശ്രമിക്കുന്നെന്നും ചീഫ്സെക്രട്ടറിയുടെ ബിനാമി ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ ഉപദ്രവിക്കുകയാണെന്നുമായിരുന്നു പരാതി. ലോക്കൽ പർച്ചേസ് നടത്തേണ്ട സ്വകാര്യസ്ഥാപനത്തിന്റെ പേരു പോലും ചീഫ്സെക്രട്ടറി നിർദ്ദേശിക്കുകയാണെന്ന് സ്വാമി തുറന്നടിച്ചു. നല്ലൊരു നിയമനം നൽകാതെ ഒതുക്കുന്നതിന്റെ കാരണവും സ്വാമിയുടെ കത്തിലുണ്ടായിരുന്നു- മൂന്നാർ ദൗത്യകാലത്ത് ചില റിസോർട്ടുകൾ ഇടിച്ചുനിരത്തരുതെന്നും ചില ഫയലുകളിൽ തിരുത്തൽ വരുത്തണമെന്നും ഉന്നതഉദ്യോഗസ്ഥൻ നിർദ്ദേശിച്ചിരുന്നെങ്കിലും താൻ ചെവിക്കൊണ്ടില്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് തന്നെ നിയോഗിക്കരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഈ ഉദ്യോഗസ്ഥൻ കത്തെഴുതി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കാലയളവിൽ ശമ്പളം നൽകരുതെന്ന് ചീഫ്സെക്രട്ടറി ശുപാർശ ചെയ്തു. നിയമവിരുദ്ധമായ അവധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേന്ദ്രസർവീസിലേക്കുള്ള ഡെപ്യൂട്ടേഷനുകളും തടഞ്ഞു. സ്വാമി ചൂണ്ടിക്കാട്ടിയ ഉന്നതഉദ്യോഗസ്ഥന്റെ ക്രമക്കേടുകൾ അന്വേഷിക്കാതെ, കത്തെഴുതാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ ചീഫ്സെക്രട്ടറി ഉത്തരവിട്ടെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അന്വേഷണം തടഞ്ഞു.
റാങ്കുകളുടെ കളിത്തോഴൻ
ചങ്ങനാശേരി സേക്രഡ്ഹാർട്ട് സ്കൂളിൽ 1983ൽ എസ്.എസ്.എൽ.സിയിൽ ഒന്നാംറാങ്ക്
1985ൽ എസ്.ബി കോളേജിൽ നിന്ന് പ്രീഡിഗ്രിക്ക് ഒന്നാംറാങ്ക്
ചെന്നൈ ഐ.ഐ.ടിയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്ക് ഒന്നാംറാങ്ക്
എം.ടെക്ക് പ്രവേശനത്തിനുള്ള ഗേറ്റ് പരീക്ഷയിൽ ഒന്നാംറാങ്ക്
1991ൽ സിവിൽസർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക്
അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ സ്കോളർഷിപ്പ് നിരസിച്ച് സിവിൽസർവീസിൽ ചേർന്നു
രണ്ട് പിഎച്ച്.ഡി നേടി, 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ"കൃതിക്ക് 2004ലെ കേരള സാഹിത്യഅക്കാഡമി പുരസ്കാരം
2013ൽസി.ഐ.ആർ.ടി നടത്തിയ കോമ്പറ്റിഷൻ ആക്ട് പരീക്ഷയിൽ നൂറുശതമാനം മാർക്കോടെ ഒന്നാം റാങ്ക്
വാഷിംഗ്ടണിലെ ഗ്ലോബൽ ഫാക്കൽട്ടി ഫോർ ഡിസാസ്റ്റർ ആൻഡ് റിക്കവറിയും ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസാസ്റ്റർ മാനേജ്മെന്റും ചേർന്ന് നടത്തിയ 10 ഓൺലൈൻ കോഴ്സുകളും വിജയിക്കുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥൻ.
ഗുജറാത്ത് നാഷണൽ യൂണിവേഴ്സിറ്റിയുടെ അഡ്വാൻസ്ഡ് എൻട്രപ്രണർഷിപ്പ് മാനേജ്മെന്റ് ആൻഡ് കോർപറേറ്റ് ലാ, ഡൽഹിയിലെ ഇന്ത്യൻ ലാഇൻസ്റ്റിറ്റ്യൂട്ടിലെ ബൗദ്ധികസ്വത്തവകാശ നിയമകോഴ്സ് എന്നിവയിൽ ഇരട്ടറാങ്ക്
കൊൽക്കത്തയിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ജൂറിഡിക്കൽ സയൻസിന്റെ ബിസിനസ് നിയമകോഴ്സിൽ 91 ശതമാനം മാർക്കോടെ ഒന്നാംറാങ്ക്
സൈബർനിയമത്തിൽ ഹോമിഭാഭ ഫെലോഷിപ്പ്
പരിസ്ഥിതി നിയമത്തിൽ പി.ജിഡിപ്ളോമ, ഡൽഹിയിലെ നാഷണൽ ലാ യൂണിവേഴ്സിറ്റിയിൽനിന്ന് അർബൻ എൺവയൺമെന്റൽ മാനേജ്മെന്റിൽ ഡിപ്ലോമ
ഹൈദരാബാദിലെ അഡ്മിനിസ്ട്രേറ്റീവ് കോളേജ് ഒഫ് ഇന്ത്യയിൽ ഗസ്റ്റ് ഫാക്കൽട്ടിയാണ്
തൃശൂർ, കാസർകോട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കളക്ടറായിരുന്നു
ബംഗളുരു നാഷണൽ ലാസ്കൂൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ പി.ജിഡിപ്ലോമ കോഴ്സിൽ ഒന്നാംറാങ്ക്
23 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു